കാഞ്ഞങ്ങാട്: റീസര്വ്വേക്കെതിരെ വ്യാപക പരാതി.പലരുടേയും ഭൂമി കാണാനില്ല. ഓരോ വില്ലേജിലും സര്വേ പൂര്ത്തിയാകുമ്പോള് ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണ്. മുന്പ് സംഭവിച്ച അപാകതകള് തിരുത്താതെ മുന്നോട്ട് പോകുന്നതാണ് പാളിച്ചകള്ക്ക് കാരണമെന്ന ആരോപണവും ഉയര്ന്നിട്ടുണ്ട്. ഹൊസ്ദുര്ഗ് താലൂക്കിലെ 12 വില്ലേജുകളിലാണ് റീസര്വേ പൂര്ത്തിയായത്. അജാനൂര്, ഹൊസ്ദുര്ഗ്, ചിത്താരി, പള്ളിക്കര, ഉദുമ, കീക്കാന്, പിലിക്കോട്, മാണിയാട്ട്, ചെറുവത്തൂര്, തുരുത്തി, ബല്ല, പുതുക്കൈ വില്ലേജുകളിലാണ് ഇതിനകം സര്വേപൂര്ത്തിയായത്. ഇതില് ബല്ല, പുതുക്കൈ വില്ലേജുകളുടെ സര്വേക്ക് മുന്പായി നടത്തിയ മറ്റ് വില്ലേജുകളുടെ സര്വേപൂര്ത്തിയായിരുന്നു. ഇതില് മാത്രം 30,000 പരാതികളാണ് റീസര്വേയുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില് എത്തിയത്.
ഇതെല്ലാം ഒരുവിധം പരിഹരിച്ചു വന്നപ്പോഴാണ് പുതിയതായി വ്യാപകമായ പരാതി വരുന്നത്. പത്ത് സെന്റ്സ്ഥലം ഉണ്ടായിരുന്ന ആളിന്റെ പേരില് ഇപ്പോള് 8 സെന്റ്സ്ഥലം. 8 സെന്റ്സ്ഥലം ഉണ്ടായിരുന്ന ആള്ക്ക് റീസര്വേ കഴിഞ്ഞപ്പോള് 12 സെന്റ്. ഭാര്യയുടെ പേരിലുള്ള സ്ഥലം സര്വേ കഴിഞ്ഞപ്പോള് ഭര്ത്താവിന്റെ പേരില്. ഭാര്യയുടെസ്ഥലം അപ്രത്യക്ഷമായി. അവസാനം റീസര്വേ പൂര്ത്തിയായ പുതുക്കൈ വില്ലേജിലെ അവസ്ഥയാണിത്. ഇതിന് തൊട്ടു മുന്പ് സര്വേ കഴിഞ്ഞ ബല്ല വില്ലേജിലും സ്ഥിതി മാറ്റമില്ല.
പുതുക്കൈ വില്ലേജില് ആകെ 2100 കുടുംബങ്ങളാണ് താമസം. ഇതില് രണ്ടായിരത്തോളം പേരും റീസര്വേയില് അപാകതയുണ്ടെന്ന് കാട്ടി പരാതി നല്കി കഴിഞ്ഞു. പലര്ക്കും നികുതി അടക്കാന് പോലും കഴിയാത്തസ്ഥിതിയാണെന്ന് നാട്ടുകാര് പറയുന്നു. റീസര്വേ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര് ചേര്ന്ന് വില്ലേജ് ഓഫിസിന് മുന്പില് ധര്ണ അടക്കമുള്ളസമരപരിപാടികളുമായി രംഗത്ത് വന്നു. ഇന്ന് രാവിലെ 10ന് സംഘടനകളുടെ നേതൃത്വത്തില് നാട്ടുകാര് വില്ലേജ് ഓഫിസിന് മുന്പില് ധര്ണ നടത്തും.ആവശ്യമായ മുന്നൊരുക്കങ്ങള് നടത്താതെ റീസര്വേ നടത്തുന്നതാണ് വ്യാപകമായ അപാകതയ്ക്കു കാരണം.
പുറത്ത് നിന്നു വരുന്ന ഉദ്യോഗസ്ഥര്ക്ക് സ്ഥലം സംബന്ധിച്ച പരിചയക്കുറവും സര്വേ പ്രവര്ത്തനങ്ങളെ ബാധിക്കുന്നു. കുറഞ്ഞ സമയമാണ് സര്വേ നടത്താന് അനുവദിക്കുന്നത്. സമയ പരിധിക്കുള്ളില് തീര്ക്കാന് ജീവനക്കാര് കാട്ടുന്ന തിടുക്കവും അപാകത കൂട്ടുന്നു. പരാതിയില് പരിഹാരം കാണാനുള്ള കാലതാമസം ജനത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടും ചെറുതല്ല.
റീസര്വേ പരാതി പരിഹരിക്കാന് നിശ്ചിത തുക കൊടുക്കേണ്ടിവരുന്നതായും വ്യാപക പരാതിയുണ്ട്. പരാതി പരിഹരിക്കാന് താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് ഏജന്റുമാരും വിലസുന്നുണ്ട്. പരാതി പരിഹരിച്ചു നല്കാമെന്ന് പറഞ്ഞു സാധാരണക്കാരില് നിന്നു ഇവര് പണം തട്ടുന്നു എന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: