തിരുവനന്തപുരം: സേവാഭാരതിയുടെ കാരുണ്യത്തിൽ വനമേഖലയിൽ പത്താമത് പെൺകുട്ടി വിവാഹിതയായി. ഇടിഞ്ഞാർ മുത്തിപ്പാറ കെ കെ ഭവനിൽ മഹേഷ് പ്രഭാ സന്ധ്യ ദമ്പതികളുടെ മകൾ പി.കാർത്തികയ്ക്കാണ് സേവാഭാരതി തുണയായത്.
വിവാഹ ആവശ്യവസ്തുവകകൾ തുടങ്ങി സദ്യവരെ ഒരുക്കിക്കൊണ്ടാണ് കുടുംബത്തിന് സഹായിയായത്. വിതുര കൊങ്ങമരുതുമൂട് സ്വദേശിയും സേവാഭാരതി മാതൃസമിതിയംഗവുമായ പെൺകുട്ടിയുടെ അമ്മൂമ മീനാക്ഷി വഴിയാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ദുരിതാവസ്ഥ സേവാഭാരതി അറിഞ്ഞത്. തുടർന്ന് വിതുരയിലെ മാതൃസമിതികളുടെ നേതൃത്വത്തിൽ അടിയന്തിര യോഗം കൂടി ജില്ലാ സമിതിയെ വിവരം അറിയിക്കുകയായിരുന്നു.
കല്ലാർചണ്ണ വിള രാഹുൽഭവനിൽ സി രത്നാകരൻ കാണി, ഗോമതി ദമ്പതികളുടെ മകൻ ആർ ഗോഹുലുവാണ് കാർത്തികയ്ക്ക് വരണമാല്യം ചാർത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്ക്കാണ് വനവാസി പെൺകുട്ടികളുടെ വിവാഹ കാര്യങ്ങളിലും സേവാഭാരതി ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. വനവാസി കുട്ടികളുടെ വിദ്യാഭ്യാസം, ആതുരസേവനം ലക്ഷ്യമിട്ടാണ് സേവാഭാരതിയുടെ പ്രവർത്തനം വനമേഖലയിലെത്തിയത്.
എന്നാൽ ഇപ്പോൾ വനവാസികളെ സ്വയംപര്യാപ്തയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സേവാഭാരതി. പൊത്തോടുള്ള സ്ക്കൂളിന് പുറമെ അമ്പൂരി മുതൽ പെരിങ്ങമല പഞ്ചായത്ത് പരിധിയിൽപ്പെടുന്ന വനമേഖലയിൽ മൂന്ന് പ്രാഥമിക പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അനവധി കുടുംബങ്ങൾക്ക് ഭവനം, ശൗചാലയം നിർമ്മിച്ച് നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്വയം തൊഴിൽ ഒരുക്കുന്നതിന്റെ ഭാഗമായി ആട്, മുട്ടക്കോഴി വളർത്തൽ തുടങ്ങിയവയ്ക്കും തുടക്കം കുറിച്ചിരിക്കുകയാണ്, സർക്കാർ സഹായങ്ങൾ ഇവർക്കു മുന്നിൽ കണ്ണടയ്ക്കുമ്പോൾ സേവാഭാരതിയുടെ പ്രവർത്തനം വനവാസികൾക്ക് ആശ്രയമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: