മുംബൈ: രൂപയെ അന്താരാഷ്ട്ര കറന്‍സിയായി മാറ്റുക എന്നത് പ്രധാനമന്ത്രി മോദിയുടെ എക്കാലത്തെയും സ്വപ്നമാണ്. ഡോളര്‍ പോലെ എവിടെയും കൊടുക്കാവുന്ന എവിടെയും സ്വീകരിക്കാവുന്ന ഒരു കറന്‍സിയായി രൂപയെ മാറ്റുക. വെല്ലുവിളിയാണ്. പക്ഷെ ആ വെല്ലുവിളിയില്‍ കുറെ ദൂരം ഇന്ത്യ മുന്നേറിക്കഴിഞ്ഞു. പക്ഷെ കടമ്പകളും വലുതാണ്.
ഇന്ത്യയില്‍ ഒരു ഡസനോളം ബാങ്കുകള്‍ക്ക് 18 രാജ്യങ്ങളുമായി രൂപയില്‍ ഇടപാട് നടത്താന്‍ റിസര്‍വ്വ് ബാങ്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകളെല്ലാം വിദേശ ബാങ്കുകളുമായി ഇടപാടുകള്‍ നടത്താന്‍ വോസ്ട്രോ അക്കൗണ്ടുകള്‍ 2022ലേ ആരംഭിച്ചു കഴിഞ്ഞു. തുറന്നുകഴിഞ്ഞു.
ഡോളറിന് ബദല്‍ ആയി രൂപ എന്ന ആശയത്തിന് മോദിയെ പ്രേരിപ്പിച്ചത് യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴാണ്. ഡോളറിനെ യുഎസ് ഉപരോധ ആയുധമാക്കി. ഇത് രൂപയെ അന്താരാഷ്ട്ര കറന്‍സിയാക്കാനുള്ള സുവര്‍ണ്ണാവസരമായി മോദി കണ്ടു. കാരണം ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നും വില കുറവില്‍ അസംസ്കൃത എണ്ണയും മറ്റ് ചരക്കുകളും വാങ്ങാന്‍ ഡോളര്‍ ഉപയോഗിക്കാന്‍ കഴിയില്ല. അവിടെ രൂപ ഉപയോഗിക്കാനായാല്‍ അത് വലിയ ഉപകാരമായി. അതുവഴി രൂപയെ ശക്തമായ ഒരു കറന്‍സിയാക്കി മാറ്റാനും കഴിയും. എന്നാല്‍ ഈ ശ്രമം പൂര്‍ണ്ണമായും വിജയിച്ചില്ല. രഷ്യന്‍ കമ്പനികള്‍ രൂപയെ സ്വീകരിക്കാന്‍ വിമുഖത കാട്ടി. അവര്‍ക്ക് ഡോളറിലോ, യുവാനിലോ, യൂറോയിലോ പണം മതിയെന്ന് പറഞ്ഞതാണ് ഇന്ത്യയ്ക്ക് വിലങ്ങുതടിയായത്. കാരണം ഇന്ത്യന്‍ രൂപ ഇന്ത്യയില്‍ നിന്നുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മാത്രമേ റഷ്യയ്ക്ക് ഉപയോഗിക്കാന്‍ കഴിയൂ. റഷ്യയെ സംബന്ധിച്ചിടത്തോളം മറ്റു രാജ്യങ്ങളില്‍ നിന്നും എന്തെങ്കിലും വാങ്ങണമെങ്കില്‍ കൂടുതല്‍ സുഗമമാവുക യുവാനോ, ഡോളറോ, യൂറോയോ കയ്യിലുണ്ടെങ്കിലാണ്.
റഷ്യയുമായുള്ള ഇടപാടില്‍ തിരിച്ചടി നേരിട്ടെങ്കിലും മോദിയുടെ സ്വപ്നം തുടങ്ങിയിടത്ത് നിന്നും ഏറെ മുന്നേറി. യുഎഇ, സൗദി അറേബ്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ രൂപയില്‍ വ്യാപാര ഇടപാടുകള്‍ നടത്താന്‍ രൂപ ഉപയോഗിച്ചു തുടങ്ങി. ഈ രാജ്യങ്ങളിലെ ബാങ്കുകള്‍ ഇന്ത്യന്‍ രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ നോസ്ട്രോ അക്കൗണ്ടുകള്‍ തുറന്നുകഴിഞ്ഞു. ഇപ്പോള്‍ ദക്ഷിണ ഏഷ്യയെയെങ്കിലും ഡോളര്‍ മുക്തമാക്കാനാണ് ഇന്ത്യ ഇപ്പോള്‍ ആലോചിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി വിലമതിക്കുന്ന ഒരു വ്യക്തിത്വമായി പല രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞു. യുഎസിലേക്ക് ബൈഡന് ഔദ്യോഗികമായി മോദിയെ ക്ഷണിച്ചതും വൈറ്റ് ഹൗസില്‍ പ്രഭാഷണവും അത്താഴവിരുന്നും സംഘടിപ്പിച്ചതും മോദിയുടെയും പുതിയ ഇന്ത്യയുടെയും കരുത്തിന്റെ പ്രതീകമാണ്. അതുപോലെ ഫ്രാന്‍സ് പ്രസിഡന്റ് അവരുടെ രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തില്‍ മുഖ്യ അതിഥിയായി മോദിയെ ക്ഷണിച്ചു. ലോകത്ത് പല രാഷ്ട്രങ്ങള്‍ക്കും കഴിയാത്ത വില കൊടുത്ത് ഫ്രാന്‍സിന്റെ യുദ്ധവിമാനങ്ങള്‍ വാങ്ങുക എന്നതും മാറുന്ന ഇന്ത്യയുടെ മുഖമാണ്. ദരിദ്രമായ ഇന്ത്യയല്ല, കൂടുതല്‍ സമ്പന്നമായ ഇന്ത്യ. ലോകത്തിലെ ആഗോള ബ്രാന്‍ഡുകളില്‍ പലതിന്റെയും തലപ്പത്ത് ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യയിലെ സിഇഒമാരാണ്. ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവ ഇതിലെ തിളങ്ങുന്ന ഉദാഹരണം. ബ്രിട്ടനെ രക്ഷിയ്ക്കാന്‍ നിയോഗിക്കപ്പെട്ട പ്രധാനമന്ത്രി വരെ ഇന്ത്യക്കാരനാണ് എന്നതിനര്‍ത്ഥം ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെയും ഇന്ത്യക്കാരനെയും അവര്‍ക്ക് തുല്യരായി അംഗീകരിച്ചു കഴിഞ്ഞു എന്നര്‍ത്ഥം. അതുപോലെ രൂപയ്ക്കും ആ സ്ഥാനം കിട്ടണം എന്നേ മോദി ആഗ്രഹിച്ചുള്ളൂ. രാജ്യത്തിനും രാജ്യവാസികള്‍ക്കും അഭിമാനകരമായ കാര്യം…ഡോളറിനു ബദലായി ഇന്ത്യന്‍ രൂപയെ പരിഗണിക്കുന്ന സാഹചര്യമാണ് മോദി ആഗ്രഹിക്കുന്നത്. അതത്ര എളുപ്പമാണോ? എളുപ്പമല്ലാത്തത് ചിന്തിക്കുകയും അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി.
ഡോളറിനു ബദലാകും എന്ന് ഉറപ്പിച്ചാണ് യൂറോ കാല് നൂറ്റാണ്ട് മുന്‍പ് ജനിച്ചത്. പക്ഷെ അത് വേണ്ടത്ര വിജയിച്ചില്ല. വിവിധ രാജ്യങ്ങള്‍ വിദേശനാണ്യ ശേഖരത്തില്‍ യൂറോയെയും പിന്നീട് ഉള്‍പ്പെടുത്തി. അതുപോലെ ജപ്പാനിലെ യെന്‍, ബ്രിട്ടനിലെ പൗണ്ട് എന്നിവയും അറിയപ്പെടുന്ന അന്താരാഷ്ട്ര നാണയങ്ങളാണ്.
രൂപയെ അന്താരാഷ്ട്ര വല്ക്കരിക്കുമ്പോള് ഇതുവരെ ഇല്ലാത്താ സ്വതന്ത്രവിനിമയ പദവി(കാപിറ്റല്‍ അക്കൗണ്ട് കണ്‍വെര്‍ട്ടബിലിറ്റി) നല്‍കേണ്ടതുണ്ട്. ഇത് വലിയ വെല്ലുവിളിയുമാണ്. അതുകൊണ്ട് തന്നെയാണ് മെല്ലെപ്പോക്ക് നയമാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ നല്ലത് എന്ന വഴിക്ക് കേന്ദ്രസര്‍ക്കാരും ചിന്തിച്ച് തുടങ്ങിയത്. കാരണം രൂപയ്ക്ക് സ്വതന്ത്ര വിനിമയ പദവി നല്കിയാല് ഇന്ത്യയിലുള്ള സമ്പാദ്യം നിര്‍ബാധം പുറത്തേക്ക് കൊണ്ടുപോകാന്‍ പറ്റും. വിദേശ രാജ്യങ്ങളില്‍ ആ പണം നിക്ഷേപിക്കാനും അവിടെ നിന്നും വായ്പ എടുക്കാനും സാധിക്കും. ഇപ്പോള്‍ തന്നെ യുഎഇയില്‍ സമ്പന്നരായ ഇന്ത്യക്കാര്‍ വീടുകള്‍ വാങ്ങിക്കൂട്ടാന്‍ ആഗ്രഹിക്കുന്നത് രൂപ അവിടെ സ്വതന്ത്ര വിനിയമ പദവിയുള്ള കറന്‍സി ആയതുകൊണ്ടാണ്. ഇതില്‍ മറ്റൊരു കുടുക്കുണ്ട്. വിദേശിക്കും തന്റെ സമ്പാദ്യം ഇന്ത്യയില്‍ കൊണ്ടുവന്ന് നിക്ഷേപിക്കാനോ വായ്പ നല്‍കാനോ ലാഭമെടുത്ത് കൊണ്ടുപോകാനോ നിര്‍ബാധം സാധിക്കും. ഇതില്‍ പതിയിരിക്കുന്ന ഒട്ടേറെ അപകടങ്ങളെക്കുറിച്ച് താരാപ്പൂര്‍ കമ്മിറ്റി 1997ലും 2006ലും സൂചിപ്പിച്ചിട്ടുണ്ട്. റിസര്‍വ്വ് ബാങ്കും ഈയിടെ ഇക്കാര്യം സൂചിപ്പിച്ചിച്ചിട്ടുണ്ട്.
രൂപയെ സ്വതന്ത്രവിനിമയത്തിനുള്ള അന്താരാഷ്ട്ര കറന്‍സിയാക്കുന്നതിന് മുന്‍പ് പഴയ ഇന്ത്യയില്‍ ഒട്ടേറെ അടിസ്ഥാനമാറ്റങ്ങള്‍ വരുത്തണം. ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ കുറയ്ക്കുക, പണപ്പെരുപ്പനിരക്ക് വികസിതരാജ്യങ്ങളുടെ നിലവാരത്തിലാക്കുക, വിദേശവ്യാപാരം വര്‍ധിപ്പിക്കുക തുടങ്ങി ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്. ബാങ്കുകളിലെ കിട്ടാക്കടം നല്ലതുപോലെ മോദി സര്‍ക്കാര്‍ കുറച്ചു കഴിഞ്ഞു. അങ്ങിനെ കടമ്പകള്‍ ഒന്നൊന്നായി കടക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
കുറച്ചുകൂടി സമയമെടുത്ത് ചെയ്തില്ലെങ്കില്‍ രൂപയുടെ സ്വതന്ത്രവിനിമയ പദവി ദുരുപയോഗം ചെയ്യുന്ന ദുഷ്ടശക്തികള്‍ ധാരാളം കടന്നുവരാന്‍ സാധ്യതയുണ്ട്. വിദേശ ശക്തികള്‍ രൂപയുടെ സ്വതന്ത്ര വിനിമയ പദവി ദുരപയോഗം ചെയ്ത് ഇന്ത്യയെ അവരുടെ കടപ്പത്രങ്ങള്‍ ഇറക്കാനുള്ള വിപണിയാക്കും. കറന്‍സി-വിനിമയ വിപണിയെ ഊഹചക്കച്ചവടത്തിന്റെ വേദിയാക്കി മാറ്റും. ഇന്ത്യയുടെ ലോകരാഷ്ട്രങ്ങളുമായി ആകെയുള്ള വ്യാപാരം 1.2 ട്രില്ല്യണ്‍ ഡോളര്‍ ആണെങ്കില്‍ ഇതിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് രൂപയില്‍ നടന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നില്ല. കാരണം ഈ പ്രക്രിയ പഴുതുകളില്ലാത്ത വിധം ശ്രദ്ധയോടെ സാവധാനത്തില്‍ നടന്നാല്‍ മതിയെന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം.
“രൂപയെ അന്താരാഷ്ട്ര നാണയമാക്കുക എന്നത് ഒരു സുദീര്‍ഘ പ്രക്രിയയാണ്. ഏതെങ്കിലും ഒരു ദിവസം ലക്ഷ്യം നേടുന്ന പദ്ധതിയല്ലിത്.”- റിസര്‍വ്വ് ബാങ്കിന്റെ ഗവര്‍ണറായ ശക്തികാന്ത ദാസിന്റെ പ്രസ്താവന ഈ സന്ദര്‍ഭത്തില്‍ ഏറെ അര്‍ത്ഥവത്താകുന്നത് മേല്പറഞ്ഞ കാരണങ്ങളാലാണ്. രൂപയെ അന്താരാഷ്ട്ര നാണയമാക്കി മാറ്റാനുള്ള അസാധ്യമെന്ന് ഇതുവരെ കരുതിയിരുന്ന പ്രക്രിയയ്ക്ക് മോദി തുടക്കമിട്ട് കഴിഞ്ഞു. 2025ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറുമ്പോള്‍ ഈ പ്രക്രിയ താനെ പൂര്‍ത്തിയായിക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: