ഒറ്റപ്പാലം: പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്ഥലംമാറ്റം ലഭിച്ച ഡോക്ടര്‍മാര്‍ക്ക് പകരം ആളെത്താത്തതും, നിയോഗിക്കപ്പെട്ട ചിലര്‍ അവധിയില്‍ പ്രവേശിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. ആശുപത്രിയില്‍ മൂന്ന് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഇതുകൂടാതെ സര്‍ജന്‍, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് എന്നിവരുടെ തസ്തികകളിലാണ് ആളില്ലാത്തത്. എട്ട് വര്‍ഷമായി ആശുപത്രിയില്‍ ഇഎന്‍ടി ഡോക്ടറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഒരു സിഎംഒ ഒഴിവുമുണ്ട്. കാഷ്വാലിറ്റിയില്‍ പകരക്കാരായി രണ്ടുപേര്‍ ചുമതലയേറ്റെങ്കിലും ഒരാള്‍ ദീര്‍ഘകാലവധിയിലും മറ്റൊരാള്‍ തുടര്‍പഠനത്തിന്റെ ഭാഗമായി പരീക്ഷയ്‌ക്കുള്ള അവധിയിലുമാണ്.
മൂന്നാമത്തെയാള്‍ക്കു പകരം നിയമനം നടന്നിട്ടുമില്ല. ആശുപത്രിയിലെ ഏക സര്‍ജ്ജനാണ് സ്ഥലം മാറി പോയത്. നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് അധിക ജോലി നല്‍കിയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഡോക്ടര്‍മാരുടെ കുറവ് കിടത്തി ചികിത്സയെയും ബാധിച്ചിട്ടുണ്ട്. അതേസമയം, ഡോക്ടര്‍മാരുടെ കുറവ് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ. പി അഹമ്മദ് അഫ്‌സല്‍ അറിയിച്ചു.
എട്ട് ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറി പോയത്. സൗജന്യ ഡയാലിസിസ് യൂണിറ്റും കീമോ തെറാപ്പി സെന്ററും ഉള്‍പ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയാണിത്. നിത്യേന നൂറുകണക്കിന് രോഗികളാണ് താലൂക്ക് ആസ്ഥാനത്തുള്ള ആശുപത്രിയിലെത്തുന്നത്. മഴക്കാലം ആയതോടെ രോഗികളുടെ എണ്ണം പതിവിലുമധികം വര്‍ധിച്ചിട്ടുണ്ട്. പനിയും മറ്റ് അസുഖങ്ങളും വ്യാപകമായതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയെയാണ് സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: