തൃശൂര്‍: കഞ്ചാവും പാര്‍ട്ടി ഡ്രഗ് ഇനത്തില്‍ പെട്ട മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചിയ്യാരം ആല്‍ത്തറക്കടുത്തു വെച്ചാണ് നിരോധിത മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി വില്‍പന നടത്തുകയായിരുന്ന നെടുപുഴ, കുന്നംകുളം സ്വദേശികളായ രണ്ടുപേരെ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് നെടുപുഴ ശ്രീദുര്‍ഗ ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പുല്ലാനി ഷോബിയുടെ മകന്‍ ആരോമല്‍ (22), കുന്നംകുളം, ചൂണ്ടല്‍, പുതുശ്ശേരി, പണ്ടാരപറമ്പില്‍ കുഞ്ഞുമോന്റെ മകന്‍ ഷാനു എന്ന ഷനജ് (28) എന്നിവരെ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ സഹിതം പിടികൂടിയത്. പ്രതികളില്‍ നിന്ന് 41 ഗ്രാം മെത്താഫിറ്റമിനും കഞ്ചാവും 3600 രൂപയും പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് കഴിഞ്ഞ ഒരു മാസമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെ ബാംഗ്ലൂരില്‍ നിന്നും ഇവര്‍ വലിയ അളവില്‍ മയക്കുമരുന്ന് വില്‍പനക്കായി ശേഖരിച്ച് എത്തിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി പോലീസ് നിരന്തരം ഇവരെ പിന്തുടരുകയായിരുന്നു.
ഇതിലെ ഷാനു എന്ന ഷനജ് നാട്ടില്‍ അടിപിടി ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഒല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലെ പുത്തൂരില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ഷാനുവുമൊന്നിച്ച് തൃശൂരിലും പരിസരത്തുമുള്ള യുവതീയുവാക്കള്‍ക്ക് രാത്രികാലങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. പണം നല്‍കാന്‍ കഴിയാത്ത യുവാക്കളുടെ മൊബൈല്‍ ഫോണ്‍ ഈടായി വാങ്ങിയും ഇരുവരും മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നു.
മയക്കുമരുന്ന് വില്‍പനക്കായി രാത്രി മാത്രം ഇറങ്ങുന്ന ഇവരെ പിടിക്കാന്‍ പോലീസ് പലവട്ടം ശ്രമിച്ചിരുന്നെങ്കിലും സമര്‍ത്ഥമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വരാനിടയുള്ള റോഡുകളില്‍ മാറിമാറി വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇന്നലെ പിടിയിലായത്.
പിടികൂടിയ മയക്കുമരുന്ന് ഗ്രാമിന് 2500 രൂപ നിരക്കിലാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. അതുപ്രകാരം പിടികൂടിയ മയക്കുമരുന്നിന് ഏകദേശം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വിലവരും. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മയക്കുമരുന്ന് വില്‍പന നടത്തുന്നവരെ പിടികൂടാന്‍ സ്റ്റേഷനില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം.
നെടുപുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.ജി. ദിലീപിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. നെല്‍സണ്‍, അഡീ. എസ്.ഐ. സന്തോഷ്, എ.എസ്.ഐ. സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിമല്‍, പ്രിയന്‍, അക്ഷയ്, ഫായിസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിയ്യൂര്‍ ജയിലില്‍ ഫിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: