പുതുക്കാട്: വരുമാനം 50 ലക്ഷം, പ്രതിദിനം 1000 യാത്രക്കാര്‍, എന്നിട്ടും പുതുക്കാട് റെയില്‍വേ സ്റ്റേഷന് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നട്ടംതിരിയുകയാണ്.
തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളുടെ വരുമാന കണക്ക് പുറത്തുവിട്ടപ്പോള്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന്റെ വാര്‍ഷിക വരുമാനം 50 ലക്ഷത്തിനു മുകളിലാണ്. ശരാശരി ആയിരത്തിലേറെ യാത്രക്കാര്‍ പ്രതിദിനം പുതുക്കാട് റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.
ദേശീയപാതയില്‍ പുതുക്കാട് ജങ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി പാഴായി റോഡിലാണ് പുതുക്കാട് റെയില്‍വേ സ്റ്റേഷന്.
തോട്ടം – വനം – മലയോര മേഖലകള്‍ ഉള്‍പ്പെട്ട വരന്തരപ്പിള്ളി, മുപ്ലിയം, പാലപ്പിള്ളി മേഖലയും ചേര്‍പ്പ്, വല്ലച്ചിറ, മാപ്രാണം മേഖലയില്‍ നിന്നും നിരവധി പേരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്.
രണ്ടാം പ്ലാറ്റ്ഫോമില്‍ കൂടുതല്‍ മേല്‍ക്കൂരകള്‍ വേണമെന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. സ്റ്റേഷനില്‍ ടീ സ്റ്റാള്‍, എ.ടി.എം. സൗകര്യം എന്നിവ അനിവാര്യമാണെന്നും യാത്രക്കാര്‍ പറയുന്നു. കൊമേഴ്സ്യല്‍ ക്ലാര്‍ക്കിനെ നിയമിച്ച് റിസര്‍വേഷന്‍ ആരംഭിക്കണമെന്നതും പ്രധാന ആവശ്യമാണ്.
സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ ബൈക്കുകള്‍ വെക്കാനായി മേല്‍ക്കൂരയും കാളിയേശ്വരിപ്പടിയില് പാര്‍ക്കിങ്ങും സ്റ്റേഷനിലെ വിശ്രമമുറി ശീതീകരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
പരശുറാം, ഐലന്റ്, കണ്ണൂര്‍, പുനലൂര്‍ ട്രെയിനുകള്‍ അടക്കം മൊത്തം 17 ട്രെയിനുകള്‍ക്ക് നിലവില്‍ പുതുക്കാട് സ്റ്റോപ്പുണ്ട്. ഹ്രസ്വദൂര വണ്ടികളായ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി, ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എന്നീ ട്രെയിനുകള്‍ക്ക് പുതുക്കാട് സ്റ്റോപ്പ് ലഭിച്ചാല്‍ വാര്‍ഷിക വരുമാനം ഒരു കോടിയില്‍ മുകളിലാകുമെന്ന് പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: