പുതുക്കാട്: കല്ലൂര്‍ മുട്ടിത്തടിയില്‍ വീണ്ടും അടയ്ക്ക മോഷണം. രണ്ട് വീടുകളില്‍ നിന്നായി ആറ് ചാക്ക് അടയ്ക്കയും, 25 കിലോ ജാതിക്കയുമാണ് മോഷണം പോയത്. മുട്ടിത്തടി പാലയ്ക്കല്‍ വീട്ടില്‍ ജിപ്സണ്‍, സഹോദരനും രാമവര്‍മപുരം അക്കാദമിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ ജീസന്റെ വീട്ടിലുമാണ് മോഷണം നടന്നത്.
ജിപ്സന്റെ വീടിന് പുറകില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് അടയ്ക്കയും, 10 കിലോ ജാതിക്കയും, ജീസന്റെ വീടിന്റെ ടെറസില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് അടയ്ക്കയും, ഉണക്കാന്‍ ഉപയോഗിക്കുന്ന മെഷീനില്‍ വെച്ചിരുന്ന 15 കിലോ ജാതിക്കയുമാണ് മോഷണം പോയത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. വീട്ടുകാരുടെ പരാതിയില്‍ വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങളായി പ്രദേശത്ത് കാര്‍ഷിക ഉത്പന്നങ്ങള്‍ മോഷ്ടിക്കുന്നത് പതിവായിരിക്കുകയാണെന്ന് ജിപ്സണ്‍ പറഞ്ഞു. കഴിഞ്ഞമാസം 21 ന് മുട്ടിത്തടി കരോട്ട് രാമകൃഷ്ണന്റെ വീടിന്റെ ടെറസില്‍ ഉണക്കാന്‍ ഇട്ടിരുന്ന ഒരു ലക്ഷം രൂപയോളം വിലവരുന്ന കൊട്ടടയ്ക്ക മോഷണം പോയിരുന്നു. സമീപത്തെ വീട്ടില്‍ നിന്ന് 20 കിലോ ജാതിക്കയും തൊട്ടുമുമ്പ് മോഷ്ടിച്ചിരുന്നു. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. കാര്‍ഷിക മേഖലയായ പ്രദേശത്ത് മോഷണം പെരുകിയതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. പോലീസിന്റെ രാത്രികാല പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: