ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്‌ക്കിടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 40 ലക്ഷം രൂപ കണ്ടെടുത്തു. ഇന്നലെ പുലര്‍ച്ചെ 3.30ഓടെ ബെംഗളൂരുവില്‍നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിന്റെ ലഗേജ് ബോക്സിനുള്ളില്‍നിന്നാണ് പണം പിടികൂടിയത്. 500 രൂപയുടെ 100 നോട്ടുകള്‍ അടങ്ങുന്ന 80 കെട്ടുകളാണുണ്ടായിരുന്നത്. കടലാസില്‍ പൊതിഞ്ഞ് ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ചുറ്റിപൊതിഞ്ഞ നിലയിലായിരുന്നു.
ബെംഗളൂരുവില്‍വച്ച് ഒരു മലയാളിയാണ് പൊതിക്കെട്ട് നല്കിയതെന്നാണ് ബസ് ജീവനക്കാര്‍ മൊഴി നല്കിയത്. കൊടുവള്ളിയിലെത്തുമ്പോള്‍ ഒരാള്‍ ഇത് കൈപ്പറ്റുമെന്ന് പറഞ്ഞുവെന്നും പണമാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും ജീവനക്കാര്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ജി. തമ്പിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി. മനോജ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മാനുവല്‍ ജിന്‍സണ്‍, കെ. അഖില്‍ എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്. പിടികൂടിയ പണം തുടര്‍നടപടികള്‍ക്കായി ബത്തേരി എക്സൈസ് റെയ്ഞ്ചിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: