ആലത്തൂര്‍: വരുന്ന ഓണക്കാലത്തു പൂക്കളമൊരുക്കാന് ഇനി നാടോടേണ്ട, പൂക്കള്‍ ഇങ്ങ് കാട്ടുശ്ശേരിയില് ഒരുങ്ങുന്നു. സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന് പദ്ധതിയിലാണ് ആലത്തൂരിലും ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.
കാട്ടുശ്ശേരി പുന്നന്കളം കൃഷ്ണനും കുടുംബവുമാണ് ചെണ്ടുമല്ലി കൃഷിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടാണ് വീഴുമലയിലെ ചെങ്കല്പൊറ്റയില് 1000 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകള്‍ നട്ടത്. കൃഷിവകുപ്പ് സൗജന്യമായി നല്കിയ ആഫ്രിക്കന്‍ മേരി ഗോള്‍ഡ് ഇനത്തില്‍പ്പെട്ട ഓറഞ്ച്, മഞ്ഞ തൈകളാണ് നട്ടിരിക്കുന്നത്. ചെണ്ടുമല്ലി കൃഷിയില്‍ ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് കൃഷ്ണന്, ഭാര്യ സുജിമോള്‍ എന്നിവര്‍ ആലത്തൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ 30 സെന്റ് സ്ഥലത്ത് പൂക്കൃഷി ആരംഭിച്ചത്.
ചെറുകിട കര്‍ഷകനായ കൃഷ്ണന് നേരത്തേ കസ്തൂരി മഞ്ഞള്‍, മഞ്ഞള്‍, പയര്‍, നെല്ല് എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ഇക്കുറി സ്വന്തമായുള്ള ഒന്നേമുക്കാല്‍ ഏക്കറിലും പാട്ടത്തിനെടുത്ത രണ്ടേക്കറിലും നെല്‍കൃഷി ചെയ്തിട്ടുണ്ട്. ജ്യോതി, ഉമ എന്നീ വിത്തുകളാണ് പാകിയത്. നീറ്റ് പരീക്ഷയില്‍ വിജയിച്ചു നില്ക്കുന്ന മൂത്തമകള്‍ അപര്‍ണയ്ക്കും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഇളയ മകള്‍ അമൃതയ്ക്കും ചെണ്ടുമല്ലി കൃഷിയില്‍ താല്പര്യമുണ്ട്.
ഹെക്ടറിന് 20,000 രൂപയാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പദ്ധതിക്ക് നല്‍കുന്നത്. പൂ കൃഷിക്ക് പിന്തുണയുമായി ആലത്തൂര്‍ കൃഷി ഓഫീസര്‍ എം.വി. രശ്മിയും സഹപ്രവര്‍ത്തകരും സജീവമായി ഒപ്പം നില്‍ക്കുന്നുണ്ട്. നട്ട് 15 ദിവസമായ ചെണ്ടുമല്ലി തൈകള്‍ക്ക് ആട്ടിന്‍ കാഷ്ഠം, വേപ്പിന് പിണ്ണാക്ക്, കുമ്മായം, ചാണകപ്പൊടി എന്നിവയുള്‍പ്പടെയുള്ള അടിവളമിടുകയാണ് ഇപ്പോള്‍. ഒന്നര അടി വ്യത്യാസത്തിലാണ് തൈകള്‍ നട്ടിരിക്കുന്നത്. കൃഷിക്ക് പന്നിയുടെ ശല്യമുള്ള ഭാഗമാണ് വീഴുമല താഴ്വാരമായ ഈ പ്രദേശം. എന്നാല്‍ ചെണ്ടുമല്ലി കൃഷിയെ ഇതുവരെ ശല്യം ബാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: