പാരീസ് : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് തിരിച്ചു. ഇന്ത്യന്‍ സമയം നാല് മണിക്ക് പാരീസിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സില്‍ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും മോദി മുഖ്യാതിഥിയാകും.
രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍, പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തും. ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി മക്രോണിന്റെ വസതിയില്‍ പ്രത്യേക വിരുന്ന് ഒരുക്കും. പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തില്‍ ഔദ്യോഗിക വിരുന്നും പ്രധാനമന്ത്രിക്കായി സംഘടിപ്പിക്കും.
ഒപ്പം ഇന്ത്യന്‍ നാവിക സേനയ്ക്കായി 26 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിടും. ഇന്ത്യ-ഫ്രാന്‍സ് ബന്ധം ഒന്നുകൂടി ശക്തമാക്കുന്നതിനും നയതന്ത്ര, വാണിജ്യ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും.
ശനിയാഴ്ച യുഎഇ സന്ദര്‍ശനം കൂടി നടത്തിയാകും പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2014 ല്‍ അധികാരമേറ്റതിന് ശേഷം മോദിയുടെ അഞ്ചാമത്തെ ഗള്‍ഫ് സന്ദര്‍ശനമാണിത്. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലേക്കും പങ്കാളിത്തം വ്യാപിക്കാനുള്ള സാധ്യതകളും ഷെയ്ഖ് മുഹമ്മദുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: