ബെംഗളൂരു : കര്‍ണാടകയില്‍ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ആവശ്യമെങ്കില്‍ കൈക്കൂലി നല്‍കുന്നതിനായി നിശ്ചിത റേറ്റ് കാര്‍ഡ് നിലവിലുണ്ടെന്ന് ആരോപണവുമായി ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. സ്ഥലം മാറ്റത്തിനായി പണം നല്‍കുന്നതിന്റെ വിശദാംശങ്ങളും റേഡ് കാര്‍ഡും സംബന്ധിച്ച വിവരങ്ങള്‍ തന്റെ പക്കലുണ്ട്. ഇക്കാര്യം ജനങ്ങള്‍ക്ക് മുമ്പാകെ പരസ്യപ്പെടുത്തുമെന്നും കുമാരസ്വാമി അറിയിച്ചു. കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.
സ്ഥലം മാറ്റത്തിനായുള്ള കൈക്കൂലി സംബന്ധിച്ചുള്ള തെളിവുകള്‍ നിയമസഭ സ്പീക്കര്‍ മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നല്കാന് തയ്യാറാണ്. വിഷയത്തില്‍ നടപടി സ്വീകരിക്കണോ, അല്ലെങ്കില്‍ തള്ളിക്കളയണോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തന്നെ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലേയും ഉദ്യോഗസ്ഥരില്‍ നിന്നും സ്ഥലം മാറ്റം നല്‍കുന്നതിനായി വാങ്ങുന്ന നിരക്കില്‍ വ്യത്യാസമുണ്ട്. ആവശ്യമുള്ളവര്‍ ഈ നിശ്ചിത തുകയുമായി ഈ കൈക്കൂലി വാങ്ങുന്നവരെ സമീപിച്ചാല്‍ മാത്രം മതി. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിലെ സ്ഥലംമാറ്റത്തിനായുള്ള ലിസ്റ്റാണ് തന്റെപക്കലുള്ളത്. ജീവനക്കാരില്‍ ഒരാള്‍ തന്നെ തനിക്കിത് നല്‍കിയതാണ് ഇത്. സ്ഥലം കൈമാറ്റ നിരക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ന് തെരുകളില്‍ പോലും ചര്‍ച്ചയാണെന്നും കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ഈ കൈക്കൂലി വാങ്ങുന്ന അധികാരിയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
അതിനിടെ കോണ്ഡഗ്രസ് സര്‍ക്കാര്‍ ഭരണകാലത്ത് സോളാര്‍ പവര്‍ വാങ്ങിയത് സംബന്ധിച്ചും സിബിഐ അന്വേഷണം നടത്തണമെന്നും സിബിഐ ആവശ്യപ്പെട്ടു. ഒരു യൂണിറ്റിന് 9.60 രൂപ എന്ന ഉയര്‍ന്ന നിരക്കിലാണ് സോളാര്‍ പവര്‍ സംസ്ഥാനം വാങ്ങിയിട്ടുള്ളത്. അതും 25 വര്‍ഷത്തേയ്ക്കുള്ള കരാറില്‍. 2018ല്‍ തന്നെ ഇതിനെതിരെ താന്‍ പറയുകയും ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഇതുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ. സംസ്ഥാനത്ത് കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭ്യമാണ്. അങ്ങിനെയിരിക്കെ എന്തിനാണ് ഇത്രയും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ട ആവശ്യകതയെന്നത് സിബിഐ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: