തിരുവനന്തപുരം: കർക്കടക വാവിനോടനുബന്ധിച്ച് ജില്ലയിലാകെ പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 17ന് പുലർച്ചെയാണ് തർപ്പണചടങ്ങുകൾ ആരംഭിക്കുക. പ്രധാനക്ഷേത്രക്കടവുകളിലും സമുദ്രതീരങ്ങളിലും ആയിരങ്ങളാണ് ബലികർമ്മങ്ങൾക്കായി എത്തിച്ചേരുന്നത്.
വർക്കല പാപനാശം, ശംഖുമുഖം, തിരുവല്ല പരശുരാമക്ഷേത്രം എന്നിവിടങ്ങളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ അരുവിക്കരയിലും ശിവഗിരിയിലും തർപ്പണത്തിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വംബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും സ്വകാര്യ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും കൂടാതെ നദീതീരങ്ങളിലും ബലികർമ്മങ്ങൾ നടക്കുന്നുണ്ട്.
പോലീസ്, മെഡിക്കൽ ടീം, വാട്ടർഅതോറിട്ടി, വൈദ്യുതിവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും സേവാഭാരതിപോലുള്ള സന്നദ്ധസംഘടനകളും തർപ്പണചടങ്ങുകൾക്ക് അടിസ്ഥാനസൗകര്യമൊരുക്കുന്നതിനുള്ള തിരക്കിലാണ്.
അരുവിപ്പുറത്ത് വിപുലമായ ഒരുക്കങ്ങൾ
കർക്കടക വാവ് ബലിതർപ്പണത്തിന് അരുവിപ്പുറം ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. സി.കെ ഹരീന്ദ്രൻ എംഎൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം ചേർന്നു. ഡെപ്യൂട്ടി കളക്ടർമാരായ എസ്.എൽ സജി കുമാർ, ജേക്കബ് സഞ്ചയ് ജോൺ, നെയ്യാറ്റിൻകര ഭൂരേഖ തഹസിൽദാർ ശ്രീകല, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹനൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഓരോ തവണയും 500 പേർക്ക് വീതം തർപ്പണം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
വർക്കലയിൽ ഒരുക്കങ്ങൾ തുടങ്ങി
വർക്കല പാപനാശത്ത് ബലിതർപ്പണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി. ബലിയിടാൻ എത്തുന്നവർക്കായി ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. 16ന് രാത്രി 10.10 ന് ചതുർദശി കഴിയുന്നതു മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ഓരോ വകുപ്പും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള അവലോകനയോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ അഡ്വ.വി ജോയി എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. തഹസിൽദാർ, വകുപ്പ് തല ഉദ്യോഗസ്ഥർ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. ഓരോ വകുപ്പും സ്വീകരിക്കേണ്ട നടപടികൾ യോഗം വിലയിരുത്തി. രണ്ട് ദിവസത്തിനകം തന്നെ നടപടികൾ പൂർത്തീകരിക്കണമെന്ന് തീരുമാനിച്ചു. പാപനാശം തീരത്തിനൊപ്പം ബലി മണ്ഡപത്തിലും തർപ്പണം നടത്താൻ സൗകര്യം ഉണ്ടായിരിക്കും. ബലി മണ്ഡപത്തിനോട് ചേർന്ന് പ്രത്യേക പന്തൽ സജ്ജീകരിക്കും. ജനാർദ്ദന സ്വാമി ക്ഷേത്രത്തിലും ആവശ്യമായ ക്രമീകരണങ്ങൾ നടത്തും. 17ന് പുലർച്ചെ മുതൽ പിതൃമോക്ഷക്രിയയായ തിലഹവനം ആരംഭിക്കും. നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുന്നത്.
ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കടക്കടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രസെക്രട്ടറി അറിയിച്ചു. പിതൃതർപ്പണവും തിലഹോമവും രാവിലെ 4 മുതൽ ഉച്ചയ്‌ക്ക് 12 വരെ ആയിരിക്കും. തർപ്പണത്തിന് മുൻകൂട്ടി ബുക്കുചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
പാലയ്‌ക്കാ പറമ്പ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
പാലയ്‌ക്കാ പറമ്പ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കടവിൽ കർക്കിടക വാവിനോട് അനുബന്ധിച്ച് നടക്കുന്ന ബലിതർപ്പണവും തിലഹവനവും 17 ന് പുലർച്ചെ 3.30 മുതൽ ആരംഭിക്കും. വ്യദ്ധർക്കും അനാരോഗ്യമുള്ളവർക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
പുലിയൂർക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
എഞ്ചിനീയറിങ് കോളേജ് ശ്രീകൃഷ്ണനഗർപുലിയൂർക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കർക്കിടക വാവുബലിയും തിലഹോമവും തിങ്കളാഴ്ച രാവിലെ നാലുമണി മുതൽ കലാമഠത്തിൽ വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽനടത്തും.ഭക്തജനങ്ങൾക്ക് പിതൃതർപ്പണം മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ചീരാണിക്കര ആയിരവല്ലി തമ്പുരാൻ ക്ഷേത്രം
ചീരാണിക്കര ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി തർപ്പണവും തിലഹോമവും ഉണ്ടായിരിക്കും. രാവിലെ 5. 30 മുതൽ 11 മണി വരെ ക്ഷേത്ര ബലിക്കടവിൽ ബലിയിടുന്നതിനുള്ള സൗകര്യം ഒരുക്കിയതായി സെക്രട്ടറി അറിയിച്ചു.
ശിവജിപുരം മൂലയിൽ മൂർത്തിയാർമഠം ശിവപാർവതി ക്ഷേത്രം
ഇറവൂർ ശിവജിപുരം മൂലയിൽ മൂർത്തിയാർമഠം ശിവപാർവതി ക്ഷേത്രത്തിൽ കർക്കിടകവാവുബലിക്ക് സൗകര്യം ഏർപ്പെടുത്തിയതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിന് സമീപമുള്ള കടവിൽ രാവിലെ 5 മുതൽ തർപ്പണം ആരംഭിക്കും. വെള്ളനാട് വിജയൻപോറ്റി കാർമികത്വം വഹിക്കും.
ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രം
ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിലെ കർക്കിടക വാവ് ബലി തർപ്പണത്തോട് അനുബന്ധിച്ചു അവലോകനയോഗം നടന്നു. നെയ്യാറ്റിൻകര തഹസിൽദാർ അരുൺ.ജെ.എൽ, ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാർ, പോലീസ്, ഫയർഫോഴ്‌സ്, വാട്ടർഅതോറിറ്റി, കെഎസ്ഇബി ഉദ്യോഗസ്ഥർ, ക്ഷേത്രഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ആറാട്ട് കടവായ കാഞ്ഞിരംമൂട്ട് കടവിൽ നടക്കുന്ന തർപ്പണത്തിന് വിവിധ ഡിപ്പോകളിൽ നിന്നും കെ എസ ആർ ടി സി സ്‌പെഷ്യൽ ബസ് സെർവിസികളും ഉണ്ടായിരിക്കും. തർപ്പണചടങ്ങുകൾക്ക് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നിരവധി പുരോഹിതന്മാർ കാർമ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: