വിഴിഞ്ഞം: പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി.സ്ത്രീയുടെ മാലപൊട്ടിച്ച കേസിലെ തൊണ്ടി മുതലായ ബൈക്കാണ് മോഷണം പോയത്. തിങ്കളാഴ്‌ച്ച രാത്രി വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിലെത്തിച്ച ബൈക്കാണ് ചൊവ്വാഴ്‌ച്ച രാവിലെ 5 മണിയോടെ എടുത്തുകൊണ്ട് പോയത്.പ്രതികുറച്ച് ഒരു സൂചനയുമില്ല.
സ്‌റ്റേഷനിലെ സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് പ്രത്യേക സംഘത്തെ രൂപികരിച്ച് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ തിങ്കളാഴ്‌ച്ച വൈകിട്ട് 6.15 മണിക്ക് ഉച്ചക്കട ഓട്ടോ സ്റ്റാൻഡിന് സമീപമാണ് സംഭവം. വെങ്ങാനൂർ പുല്ലാനി മുക്ക് ശ്രീഭവനിൽ രേവതിയുടെ 7 പവൻ മാലയാണ് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്തത്.
ഉച്ചക്കടയിൽ നിന്നും വെങ്ങാനൂരിലേക്ക് സ്‌കൂട്ടറിൽ പോയ രേവതിയുടെ തൊട്ടുപിന്നാലെ ബൈക്കിലെത്തിയാണ് മോഷ്ടാവ് മാല പൊട്ടിച്ചെടുത്തത്. മാലയുമായി കടക്കാൻ ശ്രമിച്ച യുവാവിന്റെ ബൈക്ക് ഓഫായി പോയി.യുവതിയുടെ നിലവിളികേട്ട് നാട്ടുക്കാർ ഓടിയെത്തിയതോടെ മാലയും ബൈക്കും ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. തുടർന്ന് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി രാത്രി ബൈക്ക് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ചൊവ്വാഴ്‌ച്ച രാവിലെ മഹസർ തയ്യാറാക്കാൻ ബൈക്ക് അന്വേഷിച്ച പ്പോഴാണ് കാണാതായ വിവരം പോലീസ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: