അഗളി: അട്ടപ്പാടിയില്‍ ക്ഷീര കര്‍ഷകന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന ഏഴു പശുക്കള്‍ ചത്തു. രണ്ടെണ്ണത്തിന്റെ നില ഗുരുതമായി തുടരുന്നു. കോട്ടത്തറ വണ്ണാന്തുറ സ്വദേശി സെന്തിള് പ്രകാശിന്റെ പശുക്കളാണ് ഇന്നലെ പകല്‍ പത്തരയോടെ ചത്തത്. പശുക്കള്‍ക്ക് കഴിഞ്ഞദിവസം ചെനക്കുള്ള കുത്തിവെപ്പെടുത്തിരുന്നു. മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തിങ്കളാഴ്ച വൈകിട്ട് വെള്ളം കൊടുത്തപ്പോള്‍ ചില പശുക്കള്‍ കുടിച്ചിരുന്നില്ലെന്ന് സെന്തിള് പ്രകാശ് പറഞ്ഞു. രാത്രിയില്‍ പശുക്കള്‍ വല്ലാതെ അവശതയും പ്രകടിപ്പിച്ചിരുന്നു. രാത്രി ഒന്നരയ്ക്ക് ശേഷം കൂട്ടിലെത്തി നോക്കിയപ്പോള്‍ മിക്ക പശുക്കളുടെയും വായില്‍ നിന്നും നുര വരുന്നതാണ് സെന്തിള് കണ്ടത്. വെളുപ്പിനെ അഞ്ചുമണി വരെ നാടന്‍ മരുന്നുകളും മറ്റും നല്കി പരിചരിച്ചു. പിന്നീട് മൃഗാശുപത്രിയില്‍ നിന്നും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറെ വരുത്തി ചികിത്സകള്‍ നല്‍കിയെങ്കിലും ഓരോന്നായി ചത്തുവീഴുകയായിരുന്നു.ബാക്കിയുള്ള രണ്ട് പശുക്കളുടെയും ആരോഗ്യസ്ഥിതിയും മോശമാണ്.
ഷോളയൂര്‍ വെറ്റിനറി സര്ജന് ഡോ. ഡെന്നീസ് ജോര്‍ജ് സ്ഥലത്തെത്തി പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മാറവുചെയ്തു. മരണ കാരണം വ്യക്തമല്ല. ആന്തരിക അവയവങ്ങള്‍ രാസ പരിശോധനക്ക് വിധേയമാക്കിയ ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് ഡോക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: