പൊതു സിവില്‍ നിയമത്തെക്കുറിച്ചാണ് രാഷ്‌ട്രീയ പാര്‍ട്ടികളും മതസംഘടനകളുമെല്ലാം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത്. ക്രിമിനല്‍ നിയമം എല്ലാവര്‍ക്കും തുല്യമാണ്. കട്ടാലും കുത്തിക്കൊന്നാലും എല്ലാവര്‍ക്കും ഒരു നിയമമാണ്. മതപരമായി ചിന്തിച്ചാല്‍ അതൊക്കെ വേറെ വേറെ വേണ്ടതല്ലെ. ഇസ്ലാമിക നിയമപ്രകാരം കട്ടവന്റെ കൈവെട്ടണമെന്നാണല്ലൊ. വ്യഭിചാരത്തിലേര്‍പ്പെട്ടാല്‍ മറ്റ് ചിലത് വെട്ടണം. ശരിഅത്ത് അനുസരിച്ചേ ജീവിക്കൂ എന്നുപറയുന്നവര്‍ അതനുസരിച്ച് ശിക്ഷാവിധി ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെടുമോ?
തിരുവനന്തപുരത്ത് ആറേഴ് ഡോക്ടര്‍മാര്‍ ഹിജാബ് വസ്ത്രം ഓപ്പറേഷന്‍ സമയത്ത് അനുവദിക്കണമെന്നാവശ്യപ്പെട്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഐഎംഎ അതുസംബന്ധിച്ച് നിലപാട് പറഞ്ഞു. ഡബ്ല്യുഎച്ച്ഒ നിബന്ധന പ്രകാരമാണ് ഓപ്പറേഷന്‍ സമയത്തെ വസ്ത്രധാരണം. അതിലൊരു മാറ്റവും വരുത്തേണ്ടതില്ലെന്ന അഭിപ്രായമാണവര്‍ക്ക്. സര്‍ക്കാര്‍ അത് സംബന്ധിച്ച് നിലപാടൊന്നും വ്യക്തമാക്കിയിട്ടില്ല. സ്വാഭാവികമായും അതിനെ എതിര്‍ക്കാന്‍ സര്‍ക്കാരിന് ആര്‍ജവം ഉണ്ടാകാനിടയില്ല.
പൊതു സിവില്‍ നിയമം സംബന്ധിച്ച ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ പഴയനിലപാടാണല്ലൊ സര്‍വരും ഇഴകീറി പരിശോധിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിനെ തള്ളിക്കളഞ്ഞോ? ഇ.കെ.നായനാരെ ഉപേക്ഷിച്ചോ? ടി.ദേവിയേയും സുശീലാ ഗോപാലനേയും മാറന്നോ എന്നൊക്കെ ആര്‍ജവത്തോടെ ചോദിക്കുന്നുണ്ട്. ആരെയും തള്ളിയിട്ടുമില്ല ഉപേക്ഷിച്ചിട്ടുമില്ല. ‘ഉദരനിമിത്തം ബഹുകൃതവേഷം’ എന്നുകേട്ടിട്ടില്ലെ. അതുതന്നെയാണ് ഇപ്പോഴത്തെ നിലപാടിന്റെ കാതല്‍. കേരളം പിടിക്കണം. ഇനിയും രണ്ടുമൂന്നു തെരഞ്ഞെടുപ്പില്‍ക്കൂടി. പശ്ചിമബംഗാളില്‍ 35 വര്‍ഷം ഭരിച്ചില്ലെ? അതിനെ തോല്‍പ്പിക്കണം. പിന്നെ ബംഗാളികള്‍ തോല്‍പ്പിച്ചപോലെ മലയാളിയും തോല്‍പ്പിക്കും. കെട്ടിവച്ചകാശുപോലും കിട്ടാത്ത ബംഗാളിലെ ഇന്നത്തെ അവസ്ഥപോലെ.
പൊതുസിവില്‍ നിയമത്തെ മാത്രമാണോ കെ.എം.മാണിയെകുറിച്ചും കേരളാ കോണ്‍ഗ്രസിനെ കുറിച്ചുമൊക്കെ ഇഎംഎസിന്റെ നിലപാടെന്തായിരുന്നു. ‘വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന’ കേരള കോണ്‍ഗ്രസ് ഒരിക്കല്‍ വളര്‍ന്ന് പിളര്‍ന്നപ്പോള്‍ പിളര്‍ന്ന ഒരു ഗ്രൂപ്പിന് സിപിഎമ്മുമായി കൂടാന്‍ മോഹം. അത് നമ്പൂതിരിപ്പാടിനോട് തുറന്നുപറഞ്ഞു. അന്ന് നമ്പൂതിരിപ്പാടിന്റെ മറുപടിയെന്തായിരുന്നു. ‘പള്ളിക്കാരുടെ പാര്‍ട്ടിയല്ലെ. പള്ളിയെ തെള്ളിപ്പറഞ്ഞ് വാ.’ ‘കായല്‍ രാജാക്കന്മാരുടെ പാര്‍ട്ടിയല്ലെ അവരെ ഉപേക്ഷിച്ചുവാ’ പള്ളിയേയും കായല്‍ രാജാക്കന്മാരേയും തള്ളാതെ തന്നെ കൊള്ളുന്നതും നാം കണ്ടതല്ലെ.
സാക്ഷാല്‍ കെ.എം.മാണിയെക്കുറിച്ച് പറഞ്ഞതെന്തൊക്കെയായിരുന്നു. ബജറ്റ് വിറ്റ പാര്‍ട്ടിയാണ് പുള്ളിക്കാരന്‍. ബാര്‍കോഴ കോടിക്കണക്കിന് രൂപയായല്ലെ പോക്കറ്റിലാക്കിയത്. കോഴപ്പണം എണ്ണിതിട്ടപ്പെടുത്താന്‍ പാലയിലെ തറവാട്ടില്‍ കുട്ടിയമ്മയ്‌ക്ക് സ്വന്തമായി നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നാക്ഷേപിച്ചതല്ലെ. അതിനെ തുടര്‍ന്നല്ലെ എട്ടുവര്‍ഷം മുമ്പ് നിയമസഭയില്‍ കേരളത്തിന് നാണക്കേടുണ്ടാക്കിയത്. സീതാന്വേഷണത്തിന്റെ ഭാഗമായി ലങ്കയിലെത്തിയ ഹനുമാന്‍ കാട്ടിക്കൂട്ടിയതുപോലെയാക്കിയില്ലെ നിയമസഭ. തല്ലിത്തകര്‍ക്കാത്ത എന്തെങ്കിലും സാധനം നിയമസഭയുടെ അധ്യക്ഷ വേദിയിലുണ്ടായിരുന്നോ? സഭാനാഥന്റെ ഇരിപ്പിടം എടുത്ത് താഴെയിട്ട് തകര്‍ത്തില്ലെ. കമ്പ്യൂട്ടറുകളും മറ്റ് വിലപ്പെട്ട വ്തുക്കളുമെല്ലാം വലിച്ചിളക്കിപ്പൊട്ടിച്ചില്ലെ. ആ കേസിന്റെ വിചാരണ തടയാന്‍ കോടതികളോരോന്നും കയറി ഇറങ്ങിയില്ലെ. ഒടുവില്‍ സുപ്രീം കോടതിയിലും രക്ഷയില്ലാതായപ്പോഴല്ലെ പുതിയ അടവുമായെത്തിയത്. പുനരന്വേഷണമെന്ന ന്യായം.
ഏതായാലും അതിനും കോടതി കാലാവധി നിശ്ചയിച്ചിരിക്കുന്നു. രണ്ടുമാസം. മൂന്നാഴ്ച കൂടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് അറിയിക്കണമെന്നും കോടതി നിബന്ധനവച്ചിരിക്കുന്നു. കോടതികളില്‍ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ലക്ഷങ്ങളാണ് വാരിക്കോരി ചെലവാക്കുന്നത്. വിധവാ പെന്‍ഷനും വാര്‍ധക്യകാലപെന്‍ഷനും നല്‍കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ കാശില്ല. പ്രതികളെ രക്ഷിക്കാന്‍ സിബിഐ അന്വേഷണത്തെ തടയാന്‍ സര്‍ക്കാര്‍ തന്നെ കോടികള്‍ ചെലവാക്കുന്ന വിചിത്രമായ ഭരണരീതിയല്ലെ കേരളത്തില്‍ നടക്കുന്നത്.
വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രം സൂക്ഷിച്ച കേരളാ കോണ്‍ഗ്രസിനെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ സിപിഎമ്മിന് എന്തെങ്കിലും തടസ്സമുണ്ടായോ? ജോസ് കെ.മാണിയേയും കൂട്ടരേയും എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കിയതിന് എന്ത് ന്യായമാണുള്ളത്. നേരത്തെ പറഞ്ഞതുതന്നെ. ‘ഉദരനിമിത്തം ബഹുകൃതവേഷം.’ പൊതു സിവില്‍ നിയമം സംബന്ധിച്ച സെമിനാറില്‍ ആദ്യം സമസ്തയെ അയച്ച് സിപിഎം ബന്ധം സ്ഥാപിക്കാനുള്ള അടവുനയമാണ് ലീഗ് ഇപ്പോള്‍ പരീക്ഷിക്കുന്നത്.
സമസ്ത പങ്കെടുക്കാന്‍ തീരുമാനിച്ച സെമിനാറില്‍നിന്നു വിട്ടുനില്‍ക്കുന്നതു മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുമെന്ന ആലോചന ലീഗിന്റെ നേതൃയോഗത്തിലുണ്ടായി. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ യുഡിഎഫില്‍ ഭിന്നതയുണ്ടെന്ന പ്രതീതി പരത്തുന്നതു ഗുണം ചെയ്യില്ലെന്ന തീരുമാനത്തിലേക്ക് ഒടുവില്‍ എത്തി എന്നാണ് പറയുന്നത്. അവസരം വന്നാല്‍ പടലയോടെ അങ്ങോട്ട് ചായലാണ് ലക്ഷ്യം. സെമിനാറില്‍ പങ്കെടുക്കുമെന്നറിയിച്ച ചില സംഘടനകളും കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതിലുള്ള എതിര്‍പ്പ് പരസ്യമാക്കിയത് തങ്ങളുടെ നിലപാടിനുള്ള അംഗീകാരമായി ലീഗ് കാണുന്നതായ ധാരണ പരിത്തി കോണ്‍ഗ്രസിനെ കബളിപ്പിക്കുകയാണ് പരിപാടി.
കോണ്‍ഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം സെമിനാറിലേക്കു ക്ഷണിച്ചതിനു പിന്നില്‍ യുഡിഎഫില്‍ ഭിന്നതയുണ്ടെന്ന ധാരണ പുറത്തേക്കു നല്‍കുകയെന്ന സിപിഎം തന്ത്രമാണെന്നു വിലയിരുത്തലുണ്ടായി. എന്നാല്‍, പൊതുവ്യക്തിനിയമത്തിനെതിരെ ‘മതനിരപേക്ഷ കക്ഷികള്‍’ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്‌ട്രീയത്തിനതീതമായ പിന്തുണ നല്‍കണമെന്ന വാദവും ഉയര്‍ന്നു.
വ്യക്തി നിയമവുമായി ബന്ധപ്പെട്ട മുന്‍നിലപാടില്‍നിന്ന് സിപിഎം മാറിയിട്ടുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യണമെന്ന് ചിലര്‍ വാദിച്ചു. ലീഗ് നേതാക്കളുടെ പ്രതികരണങ്ങളിലും ഇതു വ്യക്തമായിരുന്നു. യുഡിഎഫിനെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പുണ്ടായിട്ടും സിപിഎമ്മിന്റെ ക്ഷണം ഒറ്റയടിക്ക് തള്ളാതെ നേതൃയോഗം വരെ നീട്ടിയത് ഇതുകൊണ്ടാണ്. വ്യക്തിനിയമവുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ വികാരം കോണ്‍ഗ്രസിനെ അറിയിക്കുകയെന്നതും ലീഗ് നേതൃത്വത്തിന്റെ മനസ്സിലുണ്ടായിരുന്നു. സിപിഎം ക്ഷണം സ്വീകരിക്കണമെന്ന വാദത്തിന് യോഗത്തില്‍ കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന ധാരണ പരത്തുകയാണ് ലക്ഷ്യം.
സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിളിക്കുന്ന സെമിനാറില്‍ പങ്കെടുക്കണമെന്നാണു ലീഗ് കഴിഞ്ഞയാഴ്ച വിളിച്ച മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ എല്ലാ സംഘടനകളും അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ സംഘടനകള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്ന ധാരണ രൂപപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്ത സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നു ലീഗ് വിശദീകരിക്കുന്നു. അങ്ങിനെ തിരിമറികളും മലക്കം മറിച്ചലുകളുമെല്ലാം നടത്തി തരികിടകാട്ടുകയാണ് ലീഗും ചെയ്യുന്നത്. പൊതുനിയമം വന്നാല്‍ രണ്ടും കെട്ടും നാലും കെട്ടും എന്ന മുദ്രാവാക്യം നഷ്ടപ്പെടും. ഭാര്യയ്‌ക്ക് ചെലവിന് കൊടുക്കണം. സ്വത്തവകാശം പെണ്‍മക്കള്‍ക്കും നല്‍കണം. ഇതൊക്കെയാണ് പ്രശ്‌നം. അതിന് തടയിടാനാണ് മുന്നണികളുടെ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: