Categories: India

കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ ജിഎസ്ടി നീക്കിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍; തീയേറ്ററിലെ ഭക്ഷണത്തിനും വില കുറയും

ഓണ്‍ലൈന്‍ ഗെയിമുകള്‍, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയുടെ വിറ്റുവരവിന് 28 ശതമാനം നികുതി ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.

Published by

ന്യൂദല്‍ഹി: കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ ജിഎസ്ടി എടുത്തുമാറ്റിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അന്‍പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. അതേസമയം ഓണ്‍ലൈന്‍ ഗെയിമുകള്‍, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയുടെ വിറ്റുവരവിന് 28 ശതമാനം നികുതി ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.

സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ഉപഗ്രഹ വിക്ഷേപണ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ജിഎസ്ടിയില്‍ ഇളവ് വാഗ്ദാനം ചെയ്തിട്ടുണ്ട. ഗെയിമുകള്‍ക്ക് വൈദഗ്ധ്യം ആവശ്യമാണോ അതോ അവസരത്തെ അടിസ്ഥാനമാക്കിയുള്ളതാണോ എന്നതിനെ അടിസ്ഥാനമാക്കി ഒരു വ്യത്യാസവും വരുത്താതെ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് നികുതി ചുമത്തുമെന്നും മുഴുവന്‍ മൂല്യത്തിലും ഈടാക്കുമെന്നും ജിഎസ്ടി കൗണ്‍സില്‍ അധ്യക്ഷ നിര്‍മല സീതാരാമന്‍ പറഞ്ഞു.

തീയേറ്ററിനകത്ത് വില്‍ക്കുന്ന ഭക്ഷണത്തിന്, ഭക്ഷണ ശാലകളുടെ ജിഎസ്ടി ഇടാക്കാന്‍ തീരുമാനമായി. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് ശതമാനത്തില്‍ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇവേ ബില്‍ സമ്പ്രദായത്തിന് യോഗം അംഗീകാരം നല്‍കി.

അസംസ്‌കൃതമായ എക്‌സ്ട്രൂഡഡ് സ്‌നാക്ക് പാലറ്റുകളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചതായും മന്ത്രി പറഞ്ഞു. ഇമിറ്റേഷന്‍ സാരി ത്രെഡുകളുടെ നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന മരുന്നുകളും അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകളും നികുതിയില്‍ നിന്ന് ഒഴിവാക്കാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക