ന്യൂദല്‍ഹി: ഏറെ സാഹസികമായ യാത്രയിലൂടെ പാകിസ്ഥാനില്‍ നിന്നും നാല് കുഞ്ഞുമക്കളേയും കൊണ്ട് ഇന്ത്യയില്‍ എത്തിയ സീമ ഹൈദര്‍ ഏറെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിച്ചു. ഗംഗാസ്നാനം ചെയ്ത് ഹൈന്ദവരീതിയില്‍ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സച്ചിന്റെ കുടുംബം. പേരില്‍ നിന്നും പാകിസ്ഥാന്‍കാരനായ ആദ്യ ഭര്‍ത്താവിന്റെ പേരായ ഹൈദര്‍ എന്ന ഇസ്ലാം നാമം ഒഴിവാക്കി ഇപ്പോഴത്തെ ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് സീമ സച്ചിന് ആയി. നാല് കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പാരി, മുന്നി എന്നിങ്ങളെ ഹിന്ദുനാമങ്ങളാക്കി.
ഇപ്പോള്‍ സീമ സച്ചിന് പറയുന്നത് ഹിന്ദുമതവും ഭാരതീയ സംസ്കാരവും തനിക്ക് ഏറെ ഇഷ്ടമായെന്നാണ്. “ഇനി ശിഷ്ടകാലം ഭാരതീയ സ്ത്രീയായി ഭാരതത്തില്‍ ജീവിക്കും. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകില്ല. മടങ്ങിപ്പോയാല് ഭര്‍ത്താവും കൂട്ടരും കൊന്നേയ്ക്കുമെന്ന ഭയമുണ്ട്” – സീമ സച്ചിന് പറയുന്നു.
ഇപ്പോള്‍ ഭാരതീയമായ എന്തിനേയും ജീവനുതുല്യം സ്നേഹിക്കുകയാണ് പുതിയ സ്വപ്ന ദാമ്പത്യം ലഭിച്ച സീമ സച്ചിന്. “ആളുകളെ തൊഴുത് അഭിവാദ്യം ചെയ്യുന്നു. മുതിര്‍ന്ന ആളുകളെ കാണുമ്പോള്‍ അവരുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. ദൈവപ്രാര്‍ത്ഥന മുടക്കാറില്ല. ദൈവനാമം തുന്നിപ്പിടിപ്പിച്ച ഷാള്‍ അണിയാനും ഇഷ്ടമാണ്. ഹിന്ദു സംസ്കാരത്തെ ഉള്‍ക്കൊള്ളുന്നതോടൊപ്പം സച്ചിന്റെ കുടുംബത്തെപ്പോലെ സസ്യാഹാരം കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. “- പുതിയ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ സീമ സച്ചിന് നൂറ് നാവ്.
യുപി സ്വദേശി സച്ചിനെ വിവാഹം കഴിയ്ക്കാന്‍ നാലു കുട്ടികളുടെ അമ്മ കൂടിയായ സീമ സച്ചിന് എന്ന പാകിസ്ഥാന് കാരി ഇന്ത്യയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പബ് ജി എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചാണ് ഇരുവരും പ്രണയബദ്ധരായത്. പരസ്പരം ശത്രുതയുള്ള രണ്ട് രാജ്യങ്ങളിലിരുന്ന് പബ് ജി കളിച്ചവര്‍ പ്രണയത്തിലൂടെ രാജ്യാതിര്‍ത്തിയെ മറികടന്നു. പാകിസ്ഥാന്‍കാരി സീമയ്ക്ക് വയസ്സ് 30 ആണെങ്കിലും സച്ചിന് വയസ്സ് 25.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍കാരി ഇന്ത്യയിലെത്തിയത്. തന്റെ സ്ഥലം 12 ലക്ഷം രൂപയ്ക്ക് വിറ്റാണ് സീമ ഹൈദര്‍ യുപിക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയത്.
ഇപ്പോള്‍ തന്റെ ഭാര്യയെ തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി സീമയുടെ ആദ്യ ഭര്‍ത്താവായ പാകിസ്ഥാന് സ്വദേശി ഗുലാം ഹൈദര്‍ പരാതിയുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പണ്ട് മുഖത്ത് മുളകുപൊടി എറിഞ്ഞ ഗുലാം ഹൈദറെ ഇഷ്ടമല്ലെന്നും ഒരിയ്ക്കലും പാകിസ്ഥാനിലേക്ക് ഇല്ലെന്ന് സീമ ഹൈദര്‍…അല്ല സീമ സച്ചിന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: