പ്രൊഫ. കെ കെ കൃഷ്ണന് നമ്പൂതിരി
വേദങ്ങളിലെ രചനാകാലത്തെപ്പറ്റിക്കൂടി പരിചിന്തിക്കാം. ഋഗ്വേദ സംഹിതയില്‍ ഓരോ ഋഷികള്‍ ദര്‍ശിച്ചതായി പറയപ്പെട്ടിട്ടുള്ള മന്ത്രങ്ങള്‍ യജുസ്സില്‍ ഏതേതെല്ലാം സന്ദര്‍ഭങ്ങളിലാണ് ഉപയോഗിക്കേണ്ടതെന്ന്
നിഷ്കര്‍ഷയുണ്ട്. അതുകൊണ്ടു തന്നെ ഋഗ്വേദം ആദ്യം ക്രോഡീകരിക്കപ്പെട്ടതാണെന്നും ആകയാല്‍ ആദ്യം രചിക്കപ്പെട്ടതാണെന്നും അനുമാനിക്കാവുന്നതാണ് . ആ നിലയ്ക്ക് ഋഗ്വേദത്തിന്റെ രചനാകാലം നിര്‍ണയിക്കുന്നതിനാണ് പണ്ഡിതന്മാര് കൂടുതല്‍ താല്പര്യം പ്രദര്‍ശിപ്പിച്ചത്. അവരുടെ അഭ്യൂഹങ്ങളില്‍ പ്രധാനപ്പെട്ട ചിലതു മാത്രം താഴെ കൊടുക്കുന്നു.
വേദമന്ത്രങ്ങളുടെ രചനാകാലത്തെക്കുറിച്ച് ആദ്യമായി മാക്സ് മുള്ളറാണ് ഒരഭിപ്രായം പറഞ്ഞു വച്ചത്. അദ്ദേഹം ശ്രീബുദ്ധന്റെ ആവിര്‍ഭാവത്തിന് 800 വര്‍ഷം മുമ്പ് , അതായത് ക്രിസ്തുവിന് 1300 സംവത്സരങ്ങള്‍ മുമ്പ് ആയിരിക്കണം ഋഗ്വേദത്തിന്റെ രചനാകാലം എന്ന് അനുമാനിക്കുന്നു. ചുരുക്കത്തില്‍ 3300 വര്‍ഷങ്ങള്‍ക്ക് അപ്പുറമാകണം ഋഗ്വേദം രചിക്കപ്പെട്ടതാണെന്നാണ് മാക്സ്മുള്ളറുടെ മതം.
ഡോ. അവിനാശ് ചന്ദ്ര ‘ഋഗ്വേദിക് ഇന്ത്യ’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഭൂമിശാസ്ത്രപരവും ഭൗഗോളികവുമായ ചില സൂചനകള്‍ കണക്കിലെടുത്ത് ( സരസ്വതീ നദി ഒഴുകിക്കൊണ്ടിരിക്കുന്നതിന്റെ സൂചകങ്ങളായ തെളിവുകളേയും ചതുസ്സമുദ്രങ്ങളെപ്പറ്റിയുള്ള ഋഗ്വേദത്തിലുള്ള പരാമര്‍ശങ്ങളെയും അടിസ്ഥാനപ്പെടുത്തി) ക്രിസ്തുവിന് 25000 വര്‍ഷങ്ങള്‍ക്ക് അപ്പുറമായിരിക്കണം ഋഗ്വേദം രചിച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
വേദങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നും ലഭിക്കുന്ന ജ്യോതിഷ പരമായ സൂചനകളെയും ഋതുക്കള്‍ അല്പാല്പമായി പിന്നോക്കം നീങ്ങി മാറിക്കൊണ്ടിരിക്കുന്നതിന്റെ തെളിവുകളേയും വര്‍ഷാരംഭ നിരീക്ഷണങ്ങളേയും ആധാരമാക്കിയാണ് ലോകമാന്യതിലകനും ജര്‍മന്‍ വിദ്വാനായ യാക്കോബിയും വേദകാല നിര്‍ണയം നടത്തുന്നത്. അവരുടെ അനുമാനം ഇന്നേക്ക് 6000 വര്‍ഷങ്ങള്‍ക്കു മുമ്പാകണം ഋഗ്വേദത്തിന്റെ രചനാകാലം എന്നാണ്. തിലകന് പറഞ്ഞിരിക്കുന്നത് ഋഗ്വേദകാലം ‘വിക്രമീ സവത്’ ആരംഭിക്കുന്നതിന് 4000 വര്‍ഷം മുമ്പാണെന്നാണ്. ക്രിസ്തുവര്‍ഷാരംഭത്തിന് 57 വര്‍ഷം മുമ്പാണ് വിക്രമാബ്ദം തുടങ്ങുന്നത്. ക്രിസ്തുവര്‍ഷം 2010 എന്നാല്‍ വിക്രമാബ്ദം 2067 ആണ്. പില്ക്കാലത്ത് കണ്ടെടുക്കപ്പെട്ട ശിലാ ലേഖങ്ങളിലെ ചില പ്രസ്താവങ്ങളും തെളിവുകളും ഈ കാലഗണനയ്ക്ക് അനുകൂലമായി കാണപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക് അതു തന്നെ ഇപ്പോള്‍ ഏറെക്കുറെ സര്‍വസമ്മതമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: