കോട്ടയം: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലയില്‍ കൂടുതല്‍ എബിസി സെന്ററുകള്‍ സ്ഥാപിക്കാനും വന്ധ്യംകരിച്ച നായ്ക്കളുടെ പുനരധിവാസത്തിന് ശാസ്ത്രീയമായ പരിശീലനമടക്കമുള്ള പദ്ധതികള്‍ നടപ്പാക്കാനുമൊരുങ്ങി ജില്ലാ ഭരണകൂടം.
ജില്ലയില്‍ തെരുവുനായ നിയന്ത്രണത്തിനായി നിലവില്‍ കോടിമതയില്‍ മാത്രമാണ് ആനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കോട്ടയം നഗരസഭയും പള്ളം ബ്ലോക്കും ബ്ലോക്കിന്റെ പരിധിയിലുള്ള അഞ്ചു ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കോടിമത എബിസി സെന്ററിന്റെ ഗുണഭോക്താക്കള്‍.
അതിനാല്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും അല്ലെങ്കില്‍ ബ്ലോക്കുകള്‍ സംയുക്തമായോ നഗരസഭകളുമായി യോജിച്ചോ എബിസി സെന്ററുകള്‍ വിപുലപ്പെടുത്തണമെന്നാണ് ജില്ലാ ആസൂത്രണസമിതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി അടിയന്തരമായി സ്ഥലം കണ്ടെത്തി ബ്ലോക്കുകള്‍ പദ്ധതി സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും നേതൃത്വം നല്കിയ യോഗം നിര്‍ദേശിച്ചു.
മൂന്ന്തരം എബിസി പദ്ധതികള്‍
മൂന്നുതരത്തിലുള്ള എബിസി പദ്ധതികളില്‍ ഒന്നു തെരഞ്ഞെടുത്തു നടപ്പാക്കാനാണ് ബ്ലോക്ക് പഞ്ചായത്തുകളോടു നിര്‍ദേശിച്ചിട്ടുള്ളത്. മെഗാ എബിസി സെന്റര്‍, മിനി എബിസി സെന്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് കേജസ് എന്നിവയിലേതെങ്കിലും ബ്ലോക്കുകളില്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശം.
മിനി എബിസി സെന്ററിനായി 30 സെന്റ് സ്ഥലം വേണം. ഒരുദിവസം 58 നായ്ക്കളെ വന്ധ്യംകരിക്കാനാവും. ഇത് പ്രീഫാബ്രിക്കേഷന്‍ രീതിയില്‍ നടപ്പാക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്. മെഗാ എബിസി സെന്ററില്‍ ഒരുദിവസം 40 നായ്ക്കളെ വന്ധ്യംകരിക്കാനാകും. സെന്റര്‍ സ്ഥാപിക്കുന്നതിന് ഒരേക്കര്‍സ്ഥലം വേണ്ടിവരും. 1.2 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു.വന്ധ്യംകരണത്തിനുശേഷം നായ്ക്കളെ പരിപാലിക്കുന്നതിനുള്ള പോസ്റ്റ് ഓപ്പറേറ്റീവ് കൂടുകള്‍ വാഹനവുമായി ഘടിപ്പിക്കാന്‍ സാധിക്കുന്നതും അല്ലാത്തവയും ഉണ്ട്.
ഇതിന് വാഹനം അടക്കം 35 ലക്ഷം രൂപയും വാഹനമില്ലാതെ 18 ലക്ഷം രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ ശസ്ത്രക്രിയയ്ക്കുശേഷം നായകള്‍ക്കു വിദഗ്ധരെ ഉപയോഗിച്ച് പരിശീലനം നല്‍കാനും അവയെ പൊതുജനങ്ങള്‍ക്കു ദത്തെടുക്കാനാകുന്ന രീതിയില്‍ മാറ്റിയെടുക്കുകയും ലക്ഷ്യമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: