ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക പക്ഷമായി ഇപിഎസ് എന്നറിയപ്പെടുന്ന എടപ്പാടി പളനിസ്വാമിയുടെ വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. .
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ അംഗീകരിച്ചു. നിലവില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായ എഐഎഡിഎംകെയെ ഇനി മുതല്‍ എടപ്പാടി വിഭാഗമായിരിക്കും പ്രതിനിധീകരിക്കുക. ഇക്കാര്യം നേരത്തെ ബിജെപിയും വ്യക്തമാക്കിയിരുന്നു.
ഇതോടെ പനീര്‍ശെല്‍വം പുറത്തായി. നേരത്തെ എഐഎഡിഎംകെ അധികാരത്തിലിരുന്നപ്പോള്‍ പനീര്‍ശെല്‍വവും പളനിസ്വാമിയും ചേര്‍ന്നാണ് പാര്‍ട്ടിയെ നയിച്ചിരുന്നത്. 2022 ജൂലൈ 11ലെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ബൈലോ തിരുത്തി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പിന്നീട് സുപ്രീംകോടതി ജൂലൈ 11ലെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്ന വാദമാണ് ഇതുവരെ പനീര്‍ശെല്‍വം ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൂടി തീരുമാനം പ്രഖ്യാപിച്ചതോടെ പനീര്‍ശെല്‍വം വിഭാഗത്തിന് പ്രസക്തി നഷ്ടപ്പെട്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: