കുമരകം : മങ്കുഴിപാടത്തെ ശല്യക്കാരായ എലികളെ കൊന്നൊടുക്കാനായി വിഷം ചേര്‍ത്ത് നെല്ലു കിളിര്‍പ്പിച്ച് പാടത്തും ചിറയിലും വെച്ചു, പക്ഷേ ചത്തത് താറാവുകളും കോഴികളും. പുറം ബണ്ടില്‍ താമസിക്കുന്ന കര്‍ഷകരായ ചെമ്പോടിത്ര ഷിബുവിന്റേയും ജൂലിയുടേയും 27 താറാവുകളാണ് വിഷം ചേര്‍ത്ത വിത്ത് തിന്ന് ചത്തൊടുങ്ങിയത്.
മുട്ട ഇട്ടു കൊണ്ടിരിക്കുന്ന താറാവുകളാണ് ചത്തതെന്ന് അവര്‍ പറഞ്ഞു. സമീപ വീട്ടിലെ പുതുച്ചിറ സരസമ്മയുടെ കോഴികളും ചത്തു. ഞായറാഴ്ച രാത്രിയോടെയാണ് താറാവുകളും കോഴികളും ചത്തത്. ഒട്ടുമിക്ക പാടങ്ങളിലും വിതക്കു മുമ്പായി എലിക്ക് വിഷം വെക്കുന്നത് നാളുകളായി തുടരുന്നതാണ്. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതാണ്. മങ്കുഴിയില്‍ വിഷം വെച്ചപ്പോള്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
വിഷം വെക്കുന്നതിന് മുമ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് വിഷം വെക്കുന്ന കാര്യം പ്രദേശവാസികളെ അറിയിക്കേണ്ടതാണ്. പക്ഷിമൃഗാദികളുള്ള വീടുകളില്‍ നേരില്‍ അറിയിച്ചതിനു ശേഷമേ വിഷം വെക്കാവു. ഈ നടപടികളൊന്നും ചെയ്യാതെയാണ് നെല്ല് കൊടിയ വിഷത്തില്‍ കിളിര്‍പ്പിച്ച് വീട് പരിസരങ്ങളില്‍ കൊണ്ടിട്ടതെന്നാണ് ആക്ഷേപം.
നഷ്ടം സംഭവിച്ച വ്യക്തികള്‍ കൃഷി ഓഫീസര്‍, മൃഗ ഡോക്ടര്‍, പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്കി. ഇതിനിടയില്‍, ഒരു താറാവിന് 400 രൂപാ പ്രകാരം നഷ്ടപരിഹാരം നല്കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: