തൃശൂര്‍: ചേറ്റുവ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി കടലില്‍ പോയി കുടുങ്ങിയ വള്ളവും 41 മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. ഹാര്‍ബറില്‍ നിന്നും പുലര്‍ച്ചെ 5.30ന് മത്സ്യബന്ധനത്തിന് പോയ ചാവക്കാട് സ്വദേശി തെക്കുംപറമ്പത്ത് നൗഷാദ് എന്നയാളുടെ ഉടമസ്ഥതയിലുളള ബര്‍ക്കത്ത് എന്ന വള്ളമാണ് എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങിയത്.
വൈകീട്ട് നാല് മണിയോടു കൂടിയാണ് വള്ളം അഴീക്കോട് അഴിയില്‍ നിന്നും കടലില്‍ ആറ് നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക് പടിഞ്ഞാറ് കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്.
ഫിഷറീസ് അസി. ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്സ്മെന്റ് എഎസ്ഐ വി. എം. ഷൈബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത്കൂമാര് എന്നിവരുടെ നേതൃത്വത്തില്‍ റസ്ക്യൂ ഗാര്‍ഡുമാരായ അന്‍സാര്‍, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസി എന്നിവരെല്ലാം ചേര്‍ന്ന് രക്ഷാപവര്‍ത്തനം നടത്തി.
ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ചേറ്റുവയിലും അഴീക്കോടും ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ടി. അനിത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: