കൊടുങ്ങല്ലൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും ചോര്‍ന്നൊലിക്കുന്നു. ഓടുകള്‍ ഇളകിയും മേല്‍ക്കൂരയുടെ പട്ടികകള്‍ ദ്രവിച്ചും മഴ പെയ്താല്‍ ചോരുന്ന അവസ്ഥയാണ്.
ഉപദേവനായ ദക്ഷിണാമൂര്‍ത്തിയുടെ ശ്രീകോവിലിലും ചുറ്റമ്പലത്തിന്റെ ചില ഭാഗങ്ങളിലും വന്‍ ചോര്‍ച്ചയാണ് അനുഭവപ്പെടുന്നത്. പ്രതിമാസം ലക്ഷങ്ങളുടെ വരുമാനമുള്ള ഇവിടെ അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ പോലും ദേവസ്വം അധികൃതര്‍ നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ദേശീയ പുരാവസ്തു ഗവേഷണ വകുപ്പിനു കീഴിലുള്ള സംരക്ഷിത സ്മാരകമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുവഞ്ചിക്കുളം ക്ഷേത്രം. ക്ഷേത്രത്തിന്റെ ജീര്‍ണാവസ്ഥ ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിലും അധികൃതര്‍ വീഴ്ച വരുത്തുന്നതായി ഭക്തര്‍ പറയുന്നു. ക്ഷേത്ര വരുമാനത്തില്‍ മാത്രം കണ്ണുവെക്കുന്ന ബോര്‍ഡ് അധികൃതര്‍ ചെറിയ അറ്റകുറ്റപ്പണികള്‍ പോലും നടത്തുന്നതില്‍ വീഴ്ചവരുത്തുന്നത് ക്ഷേത്രത്തിന്റെ ജീര്‍ണാവസ്ഥ ഗുരുതരമാക്കുന്നതിന് ഇടയാക്കും. അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താതിരുന്നതുമൂലം മുമ്പ് ക്ഷേത്രത്തിന്റെ ചില നിര്‍മ്മിതികള്‍ തകര്‍ന്നു വീണിരുന്നു. ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഈ ക്ഷേത്രത്തിന്റെ ശോച്യാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ഭക്തജനങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: