തൃശൂര്‍: തൃശ്ശൂരില്‍ ചെമ്പൂക്കാവിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരള സംഗീത നാടക അക്കാദമിയില്‍ എത്തുന്ന ഏവരെയും വരവേല്ക്കുന്നക്കുന്നത് പടര്‍ന്ന് പന്തലിച്ചു നില്ക്കുന്ന തണല്‍ മരങ്ങളാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനും അവകാശപ്പെടാനാവാത്ത ഗൃഹാതുരത്വം മുറ്റിനില്ക്കുന്ന ഹരിതാഭമായ ക്യാമ്പസ് സംഗീത നാടക അക്കാദമിയുടെ മാത്രം സവിശേഷതയാണ്. പ്രകൃതി കനിഞ്ഞു നല്കിയ ഈ ഹരിത വരദാനത്തെ അതേപോലെ നിലനിര്‍ത്തുന്നതിന് അക്കാദമി പ്ലാവുദ്യാനം പദ്ധതി വിഭാവനം ചെയ്തതു യഥാര്‍ത്ഥ്യമാക്കുന്നു. വെറും പാഴ്മരങ്ങളില്‍ മാത്രം ഒതുങ്ങാതെ ഫലവൃക്ഷങ്ങളെ കൂടി ഉള്‍പ്പെടുത്തി അതിനെ ബലപ്പെടുത്താനാണ് അക്കാദമി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രി ഡോ. ആര്. ബിന്ദു പ്ലാവിന്‍തൈ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും പ്ലാവിന്‍തൈ നട്ടു.
അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഒന്നടങ്കം വിവിധ ഇനത്തിലുള്ള പ്ലാവിന്‍തൈകള്‍ അക്കാദമി ക്യാമ്പസിന്റെ വിവിധയിടങ്ങളിലും രാമനിലയം പറമ്പിലും നട്ടു. ജീവനക്കാര്‍ നട്ട പ്ലാവിന്‍തൈകളുടെ സംരക്ഷണ ചുമതല അതത് ജീവനക്കാര്‍ തന്നെ നിര്‍വഹിക്കും.
പ്ലാവുകളുടെ സംരക്ഷണത്തിനായി അഹോരാത്രം യത്നിക്കുന്ന പ്ലാവ് ജയനാണ് ഈ പദ്ധതിക്ക് ആവശ്യമായ തൈകള്‍ നല്‍കിയത്. വ്യത്യസ്ത രുചിയും മണവും വലിപ്പവും നിറവുമുള്ള ചക്കകള്‍ പ്രദാനം ചെയ്യുന്ന വിവിധ ഇനത്തിലുള്ള പ്ലാവിന്‍തൈകളാണ് അക്കാദമി വളപ്പില്‍ ഇടംപിടിച്ചത്. തേന്‍വരിക്ക (മങ്കട), വെള്ളാരന്‍, കുട്ടനാടന്‍, താമരചക്ക, തേങ്ങ ചക്ക, പേച്ചിപ്പാറ വരിക്ക തുടങ്ങിയ തൈകളാണ് പദ്ധതിയുടെ ഭാഗമായത്. മണ്ണൊലിപ്പ് തടയുന്നതിനും പ്രകൃതിയുടെ സ്വാഭാവികത അതേപടി നിലനിര്‍ത്തുന്നതിനും പ്ലാവുകള്‍ക്ക് അസാധാരണമായ ശേഷിയാണ് ഉള്ളതെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. അക്കാദമി ക്യാമ്പസിനെ ഹരിതാഭമാക്കുന്നതിനും അക്കാദമിയില്‍ എത്തുന്നവരില്‍ ഹരിതവല്‍ക്കരണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: