ആലപ്പുഴ: ഹൗസ് ബോട്ടില്‍നിന്നു കായലില്‍ വീണു കാണാതായ കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷ സേനയുടെ സ്കൂബ സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെ 9.30ഓടെ ആണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട്ടില്‍ നിന്നുള്ള ഒന്‍പതംഗ ഉല്ലാസയാത്രാ സംഘത്തിലെ കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍ പാളയം സ്വദേശി ദീപക്കി(25)നെ ഞായറാഴ്ച രാത്രി ഒമ്പതിനാണ് തിരുമല ഭാര്ഗവന് ജെട്ടിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടില്‍നിന്നു കായലില്‍ വീണു കാണാതായത്.
ഹൗസ് ബോട്ട് നങ്കൂരമിട്ടതിന് ശേഷം കുടുംബാംഗങ്ങള്‍ മുകളിലത്തെ നിലയിലും ദീപക് ബോട്ടിന്റെ താഴത്തെ നിലയിലുമാണ് ഉറങ്ങിയത്. രാത്രി ഉറക്കത്തിനിടയില്‍ എഴുന്നേറ്റ ദീപക് കായലിലേക്ക് വീഴുന്നതായി സിസിടിവി പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ രാത്രിയായതിനാല്‍ സംഭവം കുടുംബാംഗങ്ങള്‍ അറിഞ്ഞില്ല.
ദീപക്കിനെ കാണാതായതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സഹോദരി ദീപിക ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ക്കൊപ്പമാണ് ദീപക്ക് വന്നത്. കോയമ്പത്തൂരില്‍ ബിസിനസ് നടത്തുകയാണ് ദീപക്ക്. അഗ്നിരക്ഷാ സേനയും ടൂറിസം പോലീസും രാത്രി സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: