ഗുരുവിന്റെ വാക്യത്തെ കേട്ട് വര്‍ദ്ധിച്ച ബുദ്ധിമാനായീടുന്ന രാഘവന്‍ പറഞ്ഞു, ‘എന്നും ഈ അഹങ്കാരതൃഷ്ണയെ കൈക്കോണ്ടീടൊല്ലായെന്ന് ഗുരോ! ഭവാനരുളിച്ചെയ്യും വാക്യം ഉള്‍ത്തടത്തിങ്കല്‍ നന്നായി ചിന്തിച്ചുകാണുന്നേരം അത്യന്തം ഗംഭീരമായുള്ളതുതന്നെ പ്രഭോ! ഞാന്‍ അഹങ്കാരത്തെ സന്ത്യജിച്ചീടുന്നതു നിശ്ചയമായും ഈ ശരീരത്തെ കളഞ്ഞ ഫലംതന്നെ.
അഹങ്കാരക്ഷയം വന്നീടില്‍ ശരീരം നാശത്തെ പ്രാപിച്ചീടുമെന്നതില്‍ സംശയം അല്പംപോലുമില്ല. മൂര്‍ച്ചവാളുകൊണ്ട് ഈര്‍ന്ന് മൂലവേരുകള്‍ മുറിച്ചീടില്‍ തീര്‍ച്ചയായി വലിയ വൃക്ഷവും വീഴും.’ കല്യനായ ശ്രീരാമചന്ദ്രന്‍ ഇങ്ങനെ പറഞ്ഞനേരം ഉള്ളില്‍ സന്തോഷത്തോടെ മാമുനി പറഞ്ഞു, ‘രാഘവ! രണ്ടുമാതിരിയുണ്ടു വാസനാത്യാഗമെന്നു വിദ്വജ്ജനം പറയുന്നു. ധ്യേയമെന്നാണു നാമം ഒന്നിന്, മറ്റൊന്നിന് ജ്ഞേയമെന്നാണു നാമം. ഇക്കാണുന്നവയ്‌ക്കെല്ലാം ഞാനുടമസ്ഥനാണ്, ഇക്കാണുന്നവയെല്ലാം എന്റെ ജീവിതമായീടുന്നു, ഇക്കാണുന്നവയെല്ലാം കൂടാതെകണ്ടു ഞാനില്ല, ഇക്കാണുന്നവയൊന്നും ഇല്ല ഞാനില്ലെന്നാകില്‍, എന്നേവമുള്ളിലുള്ളോരു നിശ്ചയത്തെ നന്നായി വിചാരിച്ചു മാനസത്തോടുകൂടി സന്ത്യജിച്ചിട്ടു ഞാനുമീ പദാര്‍ത്ഥവും തമ്മില്‍ ബന്ധമില്ലല്പംപോലും, എന്നേവം ഭാവിക്കുമ്പോള്‍, അന്തശ്ശീതളയായ ബുദ്ധിയോടുകൂടി വിനോദമായ ക്രിയകളെ സന്തതം ചെയ്തീടുന്നവന്‍ ഭവിച്ചീടുന്നതായ വാസനാത്യാഗത്തിനെ ഭൂമിയില്‍ സത്തുക്കളൊക്കെ ധ്യേയമെന്നോതീടുന്നു.
സാധോ! കേള്‍ക്ക, ഭേദഹീനയാകുന്ന ബുദ്ധിയോടെ ഏതു വാസനാക്ഷയം ചെയ്തു, നിര്‍മ്മമനായി മൂന്നു ദേഹങ്ങളെയും വിട്ടീടുന്നതു നിനച്ചീടാ. വാസനാക്ഷയം ജ്ഞേയമെന്നു പറയുന്നു. ഓര്‍ക്ക നീ, അഹങ്കാരസഖിയാകുന്ന വാസനയെ നീക്കി വിനോദത്തിനായി ധ്യേയസന്ത്യാഗിയായിട്ട് പാരിതില്‍ ആരു വാണീടുന്നിതു ആ മാന്യന്‍തന്നെ സാരജ്ഞ! ജീവന്മുക്തനെന്നു പറയുന്നു. ഉത്തമ! ജ്ഞേയസന്ത്യാഗിയെയും വിദ്വാന്മാരെല്ലാവരും മുക്തനെന്നോതീടുന്നു. നീ നന്നായി കേള്‍ക്ക, മുക്തപദത്തില്‍ സ്ഥിതങ്ങളാകുന്ന ത്യാഗങ്ങള്‍ ഇവ രണ്ടും തമ്മില്‍ ഭേദമില്ല. ഈ രണ്ടും ബ്രഹ്മത്വമാര്‍ന്നുള്ളതും വിഗതജ്വരങ്ങളുമാകുന്നു. സൗഖ്യമുണ്ടാകുമ്പോഴും ദുഃഖമുണ്ടാകുമ്പോഴും ഉള്‍ക്കാമ്പില്‍ സന്തോഷവും വാട്ടവും ഭവിക്കാതെ എപ്പോഴുമൊന്നുപോലെ വാഴുന്നതാരാകുന്നുവോ സല്‍പ്പുമാനായ അവന്‍ ജീവന്മുക്തനാകുന്നു രാമ! ഇഷ്ടാനിഷ്ടദര്‍ശനങ്ങളില്‍ വ്യത്യാസമല്പംപോലുമുണ്ടാകാതെ എല്ലായ്‌പ്പോഴും, പാരിതില്‍ ഉറങ്ങിക്കിടക്കുന്നവനെന്നപോല്‍ വര്‍ത്തിക്കുന്നതാരാണ് അവന്‍ ജീവന്മുക്തനാകുന്നുവെന്ന് ഓര്‍ത്താലും. സന്തോഷം, ഈര്‍ഷ്യ, ഭയം, ക്രോധം, ആഗ്രഹം, ദൈന്യം ഈവക ഒട്ടും അന്തരംഗത്തില്‍ ചേര്‍ന്നീടാതെ പാരിടത്തിങ്കല്‍ ആരു വര്‍ത്തിച്ചുകൊണ്ടീടുന്നു, വാരിജേക്ഷണ! അവന്‍ നൂനമായും ജീവന്മുക്തനാണ്. ഉറക്കത്തിലെന്നപോല്‍ ജാഗ്രത്തിലും ഉള്‍ക്കാമ്പില്‍ ഖേദം, മോദം, മുതലായവയൊന്നും ചേരാതെ പൂര്‍ണചന്ദ്രനെന്നപോല്‍ വിളങ്ങുന്നതാരാണ്, ഓര്‍ക്ക നീ, ആയവന്‍ ജീവന്മുക്തനാകുന്നു. രാഘവ! കേള്‍ക്ക, ബാഹ്യാര്‍ത്ഥവാസനയില്‍നിന്നുണ്ടായ തൃഷ്ണ ബദ്ധയായീടുന്നു. നീ ഓര്‍ക്കുക, സര്‍വാര്‍ത്ഥവാസനോന്മുക്തമായീടുന്ന തൃഷ്ണ മുക്തമായീടുന്നു. എനിക്കിന്നിതു ഭവിച്ചീടേണമെന്നു ഹൃത്തില്‍ ജനിക്കും തൃഷ്ണ നല്ല ശൃംഖലയായീടുന്നു. സത്തായും അസ്സത്തായും ഉള്ള ഭാവങ്ങളില്‍ അത്രയുമുള്ള തൃഷ്ണയെ കളഞ്ഞ് ഉടന്‍ ചൊല്‍ക്കൊള്ളും മഹാത്മാക്കളായീടുന്നവരെല്ലാം ഉല്‍ക്കൃഷ്ടമായ പദത്തെ പ്രാപിക്കുന്നു. ബന്ധമാകുന്ന ആസ്ഥ, പിന്നെ നല്ല മോക്ഷമാകുന്ന ആസ്ഥ, സുഖദുഃഖാവസ്ഥ, നല്‍സത്തസത്തെന്നിവയില്‍ച്ചേരുന്ന ആസ്ഥ എന്നിവയെല്ലാം വിട്ടു നിശ്ചലമഹാസമുദ്രമെന്നതുപോലെ നീ സദാപി സ്ഥിതിചെയ്യുക. വേറെയൊന്നിനെ കേട്ടുകൊള്ളുക, വിചാരമുള്ള പുരുഷന് നിശ്ചയമായും ചതുര്‍വിധമുണ്ടായിവരും. പാദം മുതല്‍ക്കു ശീര്‍ഷം വരെയുള്ളവന്‍ ഞാന്‍, മാതാപിതാക്കന്മാരാല്‍ നിര്‍മ്മിതനായുള്ളവന്‍ എന്നുള്ള നിശ്ചയം അജ്ഞാനത്താല്‍ ഒന്നുണ്ടാകും, വന്നീടുമതുകൊണ്ട് ബന്ധനമെന്നറിയണം. സര്‍വഭാവാതീതനായുള്ളവന്‍ ഞാനെന്നല്ല വാലാഗ്രത്തേക്കാളേറ്റം ചെറുതല്ലോ. ഇങ്ങനെ രണ്ടാമതാകുന്ന നിശ്ചയമുണ്ടായിടും സത്തുക്കള്‍ക്ക് അതുകൊണ്ട് കൈവല്യം കൈവന്നിടും.
സര്‍വവും ഞാനാകുന്നു, ഞാനല്ലാതൊന്നുമില്ല. നിര്‍വാദമായി നിരൂപിച്ചാല്‍ നാശമില്ലാത്തവന്‍ ഞാന്‍ എന്നുള്ളതാണ് മൂന്നാം നിശ്ചയം രഘുപതേ! ഇതുകൊണ്ട് നിര്‍വാണം വന്നീടുമെന്നതു നിശ്ചയം. ഞാനുമീ ലോകങ്ങളുമില്ലാത്തതായിടുന്നു; നൂനമാകാശംപോലെ എല്ലാം ശൂന്യമാണ് എന്നുള്ളതാണ് നാലാം നിശ്ചയം മഹാമതേ! ഇതുകൊണ്ട് മോക്ഷം വന്നീടുമെന്നതിന് സന്ദേഹമില്ല. ഒന്നാമതായിട്ട് പറഞ്ഞത് ബന്ധമുണ്ടാക്കുന്നൊരു തൃഷ്ണയാണെന്നറിഞ്ഞീടുക രാമ! ശുദ്ധ തൃഷ്ണകളായ മറ്റവ മൂന്നും ജീവന്മുക്തന്മാരായുള്ളോരിലുള്ളവയാണ്. ഒക്കെയും ഞാന്‍തന്നെയാണെന്നുളള നിശ്ചയത്തെ കൈക്കൊണ്ടീടുകില്‍ പിന്നെ ദുഃഖിയാവുകയില്ല. ‘
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: