അജിത്പവാറാണ് ആ സത്യം തുറന്നുപറഞ്ഞത്. 17പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നറിയിച്ച് പാറ്റ്‌നയിലെ യോഗത്തില്‍ പങ്കെടുത്തത് 14 പാര്‍ട്ടികള്‍. അതില്‍ ഏഴ് പാര്‍ട്ടികള്‍ക്ക് ലോകസഭാംഗത്വം ഓരോന്നുവീതം. ഒരു പാര്‍ട്ടിക്ക് ഒരു എംപി പോലുമില്ല. എല്ലാരും ചേര്‍ന്ന് 500 സീറ്റില്‍ ഒരൊറ്റ സ്ഥാനാര്‍ത്ഥിയായിരിക്കും ബിജെപിക്കെതിരെ. എങ്ങനെ ചിരിവരാതിരിക്കും. 500 കഴിഞ്ഞ് ബാക്കി സീറ്റുകള്‍ ബിജെപിക്ക് ദാനം ചെയ്യുകയോ? ബിജെപിക്കെതിരെ ദേശീയ ബദലുണ്ടാക്കലാണ് ലക്ഷ്യം. അതിനു പറ്റിയ നേതാവുണ്ടോ? പറ്റിയ പാര്‍ട്ടികള്‍ വേണ്ടേ? അഞ്ചാം ക്ലാസിലെ പുസ്തകവും മൂന്നാം ക്ലാസിലെ പുസ്തകവും രണ്ടാം ക്ലാസിലെ പുസ്തകവും കൂട്ടിക്കെട്ടിയാല്‍ പത്താംക്ലാസിലെ പുസ്തകമാകുമോ എന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്.
പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തിലൊരു മുദ്രാവാക്യമുയര്‍ത്തിയത് ഓര്‍മ്മയില്ലേ? ‘കൂട്ടിക്കെട്ടിയ മുന്നണി കണ്ടീ കൂറ്റന്‍ ചെങ്കൊടി താഴില്ല’ എന്നാണത്. ദേശീയ തലത്തില്‍ ബിജെപി ആ മുദ്രാവാക്യം ഉയര്‍ത്തിയാലെന്തു പറയും? ഇന്ന് കമ്മ്യൂണിസ്റ്റുകാരന്റെ ചെങ്കൊടി ഉയരണമെങ്കില്‍ മത ഭീകരവാദികളുടെ പീറക്കൊടികളേവരെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. കോണ്‍ഗ്രസിനും ലീഗിനുമൊക്കെ എതിരെ അന്നുയര്‍ത്തിയ മുദ്രാവാക്യം ഇന്നെവിടെ നില്‍ക്കുന്നു. കോണ്‍ഗ്രസിന്റെ ഒപ്പമല്ലെ തമിഴ്‌നാട്ടില്‍? പശ്ചിമബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ഒറ്റ സ്ഥാനാര്‍ത്ഥിയല്ലെ? പാറ്റ്‌നയിലെ ചിരിപരത്തിയ യോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി യച്ചൂരിയും കോണ്‍ഗ്രസിലെ രാഹുലും കൈമെയ് മറന്ന് ചേര്‍ന്നിരിക്കുകയായിരുന്നില്ലെ? അവരുടെ കൊടി കേരളത്തില്‍ കൂട്ടിക്കെട്ടുമോ? കഴിഞ്ഞ തവണ കോണ്‍ഗ്രസ് മുന്നണി നേടിയ 19 സീറ്റില്‍ കമ്മ്യൂണിസ്റ്റ് മുന്നണി സ്ഥാനാര്‍ത്ഥിയുണ്ടാകുമോ?
വര്‍ഗ്ഗീയതക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസും. മഹാരാഷ്‌ട്രയിലെ ശിവസേന വര്‍ഗ്ഗീയ പാര്‍ട്ടിയാണോ? ആ പാര്‍ട്ടിയുമായല്ലെ കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലുള്ളത്. ആ സഖ്യത്തിലുള്ള എന്‍സിപിക്കാരുമായി കേരളത്തില്‍ ഭരണം പങ്കിടാന്‍ സിപിഎമ്മിന് ഒരു മടിയുമില്ല. മനസാക്ഷിക്കുത്തുമില്ല. എന്‍സിപി രൂപംകൊണ്ടിട്ട് കാല്‍നൂറ്റാണ്ട് തികയുകയല്ലെ. അന്നതിന് പറഞ്ഞ ന്യായം വിചിത്രമായിരുന്നില്ലെ. അതില്‍ ഇന്നും ശരത്പവാര്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ? അമ്മ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി അല്ലായിരിക്കാം. പക്ഷേ മകന്‍ പ്രധാനമന്ത്രിയാകാനുള്ള മോഹവുമായി നടക്കുകയല്ലേ. അത് വിട്ട് കോണ്‍ഗ്രസിന് ഒരു അജണ്ടയുണ്ടോ ? അതംഗീകരിക്കാന്‍ എന്‍സിപിക്ക് മടിയുണ്ടോ ? മടിയുള്ളവര്‍ വേറെയുമുണ്ടല്ലോ. അമ്മയെ എതിര്‍ത്തുകൊണ്ടല്ലെ എന്‍സിപിയുടെ തുടക്കം.
കോണ്‍ഗ്രസ് നേതാക്കളായിരുന്ന ശരത് പവാര്‍, താരിക്ക് അന്‍വര്‍, പി.എ. സാങ്മ എന്നിവര്‍ ചേര്‍ന്ന് ഒരു പ്രമേയം അവതരിപ്പിച്ചു. സ്വദേശിയായ ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രിയെയാണ് നമുക്ക് വേണ്ടത്. അല്ലാതെ ഒരു വിദേശിയെ അല്ല. ഇത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് 1998ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ സോണിയ ഗാന്ധി മൂന്നു പേരെയും ആറ് വര്‍ഷത്തേയ്‌ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതിനെ തുടര്‍ന്നാണ് ശരത് പവാര്‍ എന്‍സിപി രൂപീകരിച്ചത്.
1999ലെ മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച എന്‍സിപി 58 സീറ്റുകള്‍ നേടി വരവറിയിച്ചു. 75 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ എന്‍സിപിയുടേയും മറ്റ് പതിമൂന്ന് പേരുടെയും പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. വിലാസ്‌റാവു ദേശ്മുഖ് മുഖ്യമന്ത്രിയായപ്പോള്‍ എന്‍സിപിയുടെ ഛഗന്‍ ഭുജ്പാല്‍ ഉപമുഖ്യമന്ത്രിയായി. 1999 മുതല്‍ മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയാണ് എന്‍സിപി. ആ എന്‍സിപിയില്‍ നിന്നാണ് ഛഗന്‍ ഭുജുപാലും അജിത്പവാറുമടക്കം ഇപ്പോള്‍ പുറത്തുകടന്നത്.
1999 മുതല്‍ 2014 വരെ നീണ്ട 15 വര്‍ഷം എന്‍സിപിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണമായിരുന്നു മഹാരാഷ്‌ട്രയില്‍ കണ്ടത്. 2012ല്‍ കേന്ദ്രമന്ത്രിയായിരിക്കെ ഇനി ലോക്‌സഭയിലേയ്‌ക്ക് മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ച പവാര്‍ തന്റെ ലോക്‌സഭ മണ്ഡലം മകള്‍ സുപ്രിയ സുലെയ്‌ക്ക് കൈമാറി. പാറ്റ്‌നയിലെ യോഗം മാത്രമല്ല എന്‍സിപിയുടെ ചരിത്രം പരിശോധിച്ചാലും ചിരി അടക്കാനാവുന്നതല്ല.
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയതില്‍ കോണ്‍ഗ്രസ് അമര്‍ഷത്തിലാണ്. രാഹുലിനെ ശിക്ഷിച്ചുകൊണ്ടുള്ള സൂറത്ത് കോടതിയുടെ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തില്‍ സുപ്രീം കോടതിയിലാണ് ഇനി പ്രതീക്ഷ. ഹൈക്കോടതിവിധിയെ ശരിവച്ചാല്‍ ആകെ കട്ടപ്പൊകയായി. വയനാട്ടിലെ വോട്ടര്‍മാരെ വഞ്ചിച്ച രാഹുലിനെത്തേടി പിന്നെയും ഒന്‍പത് കേസുകളുണ്ട്.
‘വര്‍ത്തമാന കാലത്ത് ഗുജറാത്തില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അപ്പീല്‍ തള്ളിയതില്‍ അതിശയമില്ല. വിധി എഴുതുന്നവരും അതിനു കളമൊരുക്കുന്നവരും ഒന്നോര്‍ക്കണം. ഇതിനെയെല്ലാം തരണം ചെയ്യാന്‍ രാഹുലിനു കഴിയും. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഈ വിധി കൊണ്ട് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യത്തില്‍ നിന്ന് ഒരിഞ്ചു പോലും പിറകോട്ടു പോകില്ല. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യം പൂര്‍വാധികം ശക്തിയോടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മുന്നോട്ടു കൊണ്ടുപോകും.’ എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കോഴിക്കോട്ട് പറഞ്ഞത്. ഹൈക്കോടതിയില്‍ തോറ്റതിനെതിരെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും രാജ്യമാകെ സമരം നടത്താനുമുള്ള നീക്കം എന്തിന്റെ തുടക്കമാണ്. കോടതിക്കെതിരെയാണോ കോണ്‍ഗ്രസ് സമരം.
അതേസമയം, ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി പ്രതികരിച്ചു. രാഹുല്‍ സ്ഥിരമായി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍, അക്കാര്യത്തില്‍ രാഹുല്‍ തന്നെ ശ്രദ്ധിക്കണമെന്നും പൂര്‍ണേഷ് മോദി ഉപദേശിക്കുന്നു. രാഹുല്‍ സ്ഥിരമായി തെറ്റുകള്‍ ആവര്‍ത്തിക്കുന്നുവെന്ന നിരീക്ഷണത്തോടെയാണ്, സൂറത്ത് കോടതിയുടെ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചത്. രാഹുലിനെതിരെ സമാനമായ പരാതികളും പത്തോളം ക്രിമിനല്‍ കേസുകളും നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതോടെ, എംപി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും. മാത്രമല്ല, അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മത്സരിക്കാനും സാധിക്കില്ല.
2019 ലോക്‌സഭാ പ്രചാരണത്തിനിടെ കര്‍ണാകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമര്‍ശിച്ച്, എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് രാഹുല്‍ ചോദിച്ചതാണ് കേസിന് ആധാരം. മാര്‍ച്ച് 23ന്, സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ ശിക്ഷിച്ചതിനെതിരെയാണ് കേസ് ഹൈക്കോടതിയിലെത്തിയത്. ആറുമാസത്തിനകം വയനാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കണം. അതിനുമുമ്പ് സൂപ്രീംകോടതിയില്‍ കേസ്സെത്തുമോ? വിധി വരുമോ? കാത്തിരുന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: