കേരളത്തിന്റെ സാംസ്കാരികരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചയാളാണ് നവതിയിലെത്തിയശേഷം വിടപറഞ്ഞിരിക്കുന്നത്. കലയും കച്ചവടവും കൂട്ടിക്കലര്‍ത്താതെ, എന്നാല്‍ കച്ചവടത്തിലൂടെ സമ്പാദിക്കുന്ന പണം കലയ്ക്കുവേണ്ടി ചെലവഴിക്കാന്‍ മടിക്കാതിരുന്ന ഒരാളായിരുന്നു സിനിമാനിര്മാണത്തിലൂടെ ‘അച്ചാണി രവി’ എന്നറിയപ്പെട്ട കെ. രവീന്ദ്രനാഥന്‍നായര്‍.
അച്ഛന് വെണ്ടര്‍ കൃഷ്ണപിള്ള തുടക്കമിട്ട കശുവണ്ടി വ്യവസായം ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിനൊപ്പം സിനിമയുടെ മേഖലയില്‍ പണമിറക്കാന്‍ തയ്യാറായത് പലരും ബുദ്ധിമോശമായാണ് കണ്ടത്. എന്നാല്‍ കലയോടുള്ള ആഭി മുഖ്യം ഉപേക്ഷിക്കാന്‍ രവി മുതലാളി തയ്യാറായില്ല. ജനറല്‍ പിക്ചേഴ്സ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്ത് കലാമൂല്യമുള്ള സിനിമകള്‍ നിര്‍മിച്ചത് വേറിട്ട വഴിതന്നെയായിരുന്നു. പി. ഭാസ്കരന് സംവിധാനം ചെയ്ത ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത ഈ കലാസ്നേഹി അരവിന്ദന്, അടൂര്‍ ഗോപാലകൃഷ്ണന്, എംടി, വിന്‍സന്റ് എന്നിങ്ങനെ പല സംവിധായകരുടെയും ചിത്രങ്ങള്‍ പുറത്തിറക്കി. സിനിമ പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായി കണ്ടിരുന്ന ഒരു കാലത്ത് ലാഭേച്ഛ കൂടാതെ എന്നാല്‍ പണധൂര്ത്ത് ഒഴിവാക്കിയും പടംപിടിക്കുന്ന രീതിയായിരുന്നു രവി മുതലാളിയുടേത്. അത് വിജയിക്കുകയും സിനിമകള്‍ എല്ലാംതന്നെ അംഗീകാരം നേടുകയും ചെയ്തു. വിജയം വരിച്ച ഒരു വ്യവസായി എന്ന നിലയില്‍ കലാരംഗത്തു മാത്രമല്ല, സാമൂഹ്യ-സാംസ്കാരിക മേഖലകൡലും നിര്‍ലോപമായ സഹായം നല്കാന് ഒരിക്കലും മടിച്ചില്ല. സഹായവും സഹകരണവും തേടിവരുന്നവര്‍ക്കു മുന്നില്‍, രവി മുതലാളിയുടെ വാതിലുകള്‍ ഒരിക്കലും അടച്ചിട്ടില്ല. സാര്‍ത്ഥകമായ ഒരു ജീവിതം നയിച്ച് വിടപറഞ്ഞ കൊല്ലത്തിന്റെ സ്വന്തം രവി മുതലാളിക്ക് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: