പശ്ചിമബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ആ സംസ്ഥാനത്ത് നിയമവാഴ്ച അസാധ്യമാണെന്നതിന്റെ തെളിവാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തുവരുന്നതിനു മുന്‍പുതന്നെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ സാവകാശം ലഭിക്കാത്ത വിധമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരായ പ്രതിഷേധത്തെ അക്രമംകൊണ്ട് നേരിടുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ ചെയ്തത്. സമാധാനപരമായ തെരഞ്ഞെടുപ്പ് അസാധ്യമാണെന്ന് വിലയിരുത്തി സംസ്ഥാനവ്യാപകമായി കേന്ദ്രസേനയെ വിന്യസിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെതിരെയും ഭരണകക്ഷിയായ തൃണമൂല്‍ രംഗത്തുവന്നു. കേന്ദ്രസേനയല്ല, ജനങ്ങളാണ് വോട്ടുചെയ്യുന്നതെന്നായിരുന്നു പ്രചാരണം. കോടതിയുടെ നിദ്ദേശപ്രകാരമാണ് കേന്ദ്രസേനയെ വിന്യസിച്ചതെങ്കിലും കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണറെയും കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവരുടെ പാര്‍ട്ടി നേതാക്കളും ചെയ്തത്. കേന്ദ്രസേനയുടെ സാന്നിധ്യമുള്ളതിനാല്‍ നേരത്തെ ആസൂത്രണം ചെയ്ത തെരഞ്ഞെടുപ്പ് അട്ടിമറികള്‍ നടത്താന്‍ കഴിയാത്തതിന്റെ അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു ഇവര്‍. എന്നിട്ടും പോളിങ് ദിനത്തില്‍ അവര്‍ അഴിഞ്ഞാടുകതന്നെ ചെയ്തു.
മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പടിപടിയായി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നതാണ് ബംഗാളില്‍ കണ്ടത്. അക്രമവും അഴിമതിയും ഭരണത്തിന്റെ മുഖമുദ്രയായി മാറി. ഇതിനെതിരായി ഉയരുന്ന പ്രതിഷേധത്തെ പോലീസിനെക്കൊണ്ടും പാര്‍ട്ടി ഗുണ്ടകളെക്കൊണ്ടും നേരിടുകയായിരുന്നു. കൊലപാതകങ്ങളുടെ ഒരു പരമ്പരതന്നെയാണ് നടന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്തി പ്രവര്‍ത്തനത്തില്‍നിന്ന് പിന്മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. മമതയുമായി ഒത്തുകളിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും ഇതിന് കീഴടങ്ങിയപ്പോള്‍ ബിജെപി മാത്രമാണ് ഈ അക്രമപ്രവര്‍ത്തനങ്ങളെയും ഏകാധിപത്യത്തെയും നേരിട്ടത്. മമതയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. നിയമസഭയിലെ പ്രധാന പ്രതിപക്ഷമായി മാറുകയും ചെയ്തു. ഒരുവര്‍ഷത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് ഇപ്പോഴത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അക്രമത്തിലൂടെ വിജയം നേടാന്‍ മമതയെ പ്രേരിപ്പിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയസാധ്യതയെയും അത് ബാധിക്കും. 2018 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കാതെ 34 ശതമാനം സീറ്റുകളും തൃണമൂല്‍ നേടിയിരുന്നു. ഇതേ തന്ത്രമാണ് ഇക്കുറിയും പ്രയോഗിച്ചത്. മുഖ്യമന്ത്രിയായിത്തീര്‍ന്ന മമതയുടെ കീഴില്‍ ഒരു തെരഞ്ഞെടുപ്പും നീതിപൂര്‍വം നടന്നിട്ടില്ല. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഈ ഏകാധിപത്യത്തിന് അന്ത്യം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: