ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്തെ ബഹിരാകാശ രംഗത്ത് വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ഒരു ചാന്ദ്ര ദൗത്യത്തിനായി ഇനിയും കാത്തിരിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ചന്ദ്രയാന്‍ മൂന്നിനെക്കുറിച്ചുള്ള വിവരങ്ങളും മറ്റും അദ്ദേഹം പങ്കുവച്ചത്.
പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യക്കും എത്രയോ വര്‍ഷം മുമ്പ് തന്നെ ഇത്തരം ദൗത്യങ്ങള്‍ നടത്തിയ രാജ്യങ്ങള്‍ നമ്മളെ ഇന്ന് ഉറ്റുനോക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ബഹിരാകാശ രംഗത്തിന് യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ അന്തരീക്ഷമൊരുക്കി മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം നടപ്പാക്കിയതുള്‍പ്പെടെയുള്ള പ്രാധാന്യമേറിയ നടപടികള്‍ കൈക്കൊണ്ട പ്രധാനമന്ത്രിയാണ് ഈ ദൗത്യങ്ങള്‍ക്ക് പ്രശംസയര്‍ഹിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഒരു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥായായി രാജ്യത്തെ ബഹിരാകാശ മേഖല മാറുമെന്നും അദ്ദേഹം പറഞ്ഞു.
പതിനാലിന് ഉച്ചയ്ക്ക് 2.30നാണ് ചന്ദ്രയാന്‍ മൂന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയരുന്നത്. ദൗത്യം വിജയകരമാകുന്നതോടെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്ലാന്ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ്ലാന്ഡിങ് നടത്തുക, അവിടെ റോവറിനെ ഇറക്കി ഉപരിതലത്തിലൂടെ സഞ്ചരിപ്പിക്കുക, അവിടെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നതാണ് ലക്ഷ്യം. പേടകം വിജയകരമായി ചന്ദ്രോപരിതലത്തിലിറങ്ങിയാല് റോവര്‍ പുറത്തിറങ്ങും. ഉപരിതലത്തില്‍ സഞ്ചരിക്കുന്നതിന് ആറ് ചക്രങ്ങളാണ് റോവറിനുള്ളത്. ഇവയുപയോഗിച്ച് 14 ദിവസം റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കും. റോവറിലെ ക്യാമറകള്‍ ചന്ദ്രന്റെ ചിത്രങ്ങള്‍ ഒപ്പിയെടുക്കും, അദ്ദേഹം വ്യക്തമാക്കി.
2008ലെ ചന്ദ്രയാന്‍ ഒന്നിലൂടെയാണ് ചന്ദ്രോപരിതലത്തില്‍ ജലാംശമുണ്ടെന്ന് ലോകമറിഞ്ഞത്. ഇതിന്റെ ചുവടുപിടിച്ചാണ് നാസ പോലും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ചന്ദ്രയാന്‍ മൂന്ന് പുതിയ കണ്ടെത്തലുകളാവും നടത്തുക. ഐഎസ്ആര്‍ഒയുടെ വിക്ഷേപണവാഹനമായ മാര്‍ക്ക് 3യിലാണ് ചന്ദ്രയാന്‍ മൂന്ന് പുറപ്പെടുക, ഡോ. ജിതേന്ദ്ര സിങ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: