പാട്ന: ബിഹാറില്‍, കിഴക്കന്‍ ചമ്പാരന്‍, നളന്ദ ജില്ലകളില്‍ വ്യാജമദ്യ ദുരന്തങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
ഈ ജില്ലകളില്‍ സമീപകാലത്ത് നിരവധി വ്യാജ മദ്യദുരന്തങ്ങളുണ്ടായിരുന്നു.പ്രതിപക്ഷമായ ബിജെപിയുടെയും ഭരണ മഹാസഖ്യത്തിനുള്ളിലെ മറ്റ് ചില സഖ്യകക്ഷികളുടെയും സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം ഏപ്രിലില്‍ മദ്യനിരോധന നിയമം ഭേദഗതി ചെയ്തു. ഭേദഗതികളുടെ അടിസ്ഥാനത്തില്‍ നാല് ലക്ഷം രൂപ വീതം ദുരിതബാധിത കുടുംബങ്ങള്‍ക്ക് നല്‍കും.
രണ്ട് ജില്ലകളിലായി അടുത്തിടെയുണ്ടായ വ്യാജ മദ്യദുരന്തങ്ങളില്‍ മരിച്ച 53 പേരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് കോടി 12 ലക്ഷം രൂപ നല്‍കുമെന്ന് ബിഹാര്‍ പൊലീസ് വക്താവും അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ (എഡിജി) ജിതേന്ദ്ര സിംഗ് ഗാംഗ്വാര്‍ പറഞ്ഞു.
2016ല്‍ മദ്യനിരോധന നിയമം നിലവില്‍ വന്നതിന് ശേഷം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തി 49,000 ലംഘന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016 ഏപ്രില്‍ മുതല്‍ 2023 ജനുവരി വരെ ഏഴുലക്ഷത്തി 49,000 ആളുകള്‍ക്കെതിരെ നിയമലംഘനത്തിന് കേസെടുത്തിട്ടുണ്ട്.
സംസ്ഥാനത്തുടനീളം മദ്യവുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 74 പ്രത്യേക കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: