ഗോപന് ചുള്ളാളം
തിരുവനന്തപുരത്തെ കൊല്ലങ്കോട് മുതല്‍ വര്‍ക്കല കാപ്പില്‍വരെ വര്‍ഷങ്ങളായി കടലെടുത്തത് ആയിരക്കണക്കിന് വീടുകളാണ്. ശേഷിക്കുന്ന വീടുകള്‍ വീണ്ടും കടലെടുപ്പിന്റെ ഭീഷണിയിലും. നിരവധി കുടുംബങ്ങളാണ് ആധിപൂണ്ടുഴലുന്നത്. ഓരോ കടല്‍ക്ഷോഭം വരുമ്പോഴും തങ്ങളുടെ കിടപ്പാടം ഉണ്ടാകുമോ എന്ന് നിശ്ചയമില്ലാതെയാണ് ഇവര്‍ അന്തിയുറങ്ങുന്നത്. ജീവിത നൗകയിലേക്ക് രാക്ഷസത്തിരകള്‍ ദുരിതമാണ് അടിച്ചുകയറ്റുന്നത്. ജീവിതം വിധിക്ക് തീറെഴുതി, തിരമാലയ്ക്കുമുന്നില്‍ പകച്ചുനില്‍ക്കുന്നവരെ അധികാരികള്‍ അവഗണിക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരിദേവനം.
വറുതിക്കാലത്തിന് അറുതിയില്ല. അത്താണിയാകേണ്ട സര്‍ക്കാര്‍ കൈമലര്‍ത്തുന്നു. ആശ്വാസമാകേണ്ട പദ്ധതികള്‍ അഴിമതിയില്‍ മുങ്ങി പകുതിവഴിയില്‍ പകച്ചുനില്‍ക്കുന്നു. പുലിമുട്ട് നിര്‍മ്മാണവും കടല്‍ഭിത്തി നിര്‍മ്മാണവുമെല്ലാം വാഗ്ദാനങ്ങളിലൊതുങ്ങുന്നു. പെരുമഴക്കാലത്തെ കടല്‍ക്ഷോഭവും മത്സ്യത്തൊഴിലാളികളുടെ ദുരിതവും വര്‍ധിപ്പിക്കുമ്പോള്‍ പിആര്‍ വര്‍ക്കിന്റെ കുപ്പായംപുതച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തും. പാഴായ പദ്ധതികള്‍ പൊടിതപ്പി ഓര്‍മ്മപുതുക്കും. വാഗ്ദാനങ്ങളില്‍ വഞ്ചിതരാകുന്ന മത്സ്യത്തൊഴിലാളികളുടെ ദുരിതവും ഭരണാധികാരികള്‍ക്ക് ആശ്വാസവും വര്‍ധിക്കും.
പുലിമുട്ടും കടല്‍ഭിത്തിയും വിദൂര സ്വപ്നം
തീരസംരക്ഷണത്തിനുള്ള പുലിമുട്ട് നിര്‍മ്മാണവും കടല്‍ഭിത്തി യുമെല്ലാം വിദൂരസ്വപ്നമായി ഇന്നും അവശേഷിക്കുന്നു. കടലാക്രമണവും തീരശോഷണവും ചെറുക്കുമെന്നുറപ്പിച്ച അഞ്ചുതെങ്ങ് താഴംപള്ളി മുതല്‍ മുഞ്ഞമൂട് വരെയുള്ള പുലിമുട്ട് നിര്‍മ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഉറക്കമായി. രണ്ട് കിലോമീറ്റര്‍ തീരഭാഗത്ത് 200 മീറ്റര്‍ നീളത്തിലുള്ള പത്ത് പുലിമുട്ടുകള്‍ ആണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. ഇതിനായി കിഫ്ബിയുടെ മടിശീലയില്‍ നിന്ന് 22.53 കോടി തരപ്പെടുത്തി. ഏപ്രില്‍ 26ന് മന്ത്രി സജി ചെറിയാന് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനവും നടത്തി.
തമ്പ്രാന് കനിഞ്ഞാലും എമ്പ്രാന് കനിയില്ലല്ലോ? കിഫ്ബി പദ്ധതികള്‍ക്കും നിര്‍മ്മാണ പ്രവൃത്തികള്‍ക്കും പ്രത്യേക മാനദണ്ഡങ്ങള്‍ നിലവിലുണ്ടെന്നും ഇവ ഓരോ ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചു മാത്രമേ നിര്‍മാണം തുടങ്ങാനാവു എന്നുമാണ് ഹാര്‍ബര്‍ ഇഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തിട്ടൂരം. കടലമ്മയുടെയും കടലോര ജനതയുടെയും ക്ഷോഭം വര്‍ധിച്ചതോടെ, വേ ബ്രിഡ്ജ് സ്റ്റാമ്പിങ്ങും ക്വാറികളില്‍ നിന്നുള്ള സാമ്പിള്‍ ടെസ്റ്റും പൂര്‍ത്തിയായെന്നും ആഗസ്തോടെ നിര്‍മ്മാണം തുടങ്ങാന്‍ കഴിയുമെന്നും അനുരഞ്ജനത്തിന്റെ പുതിയ ഭാഷ.
2007 ല്‍ മന്ത്രിയായിരുന്ന എന്‍.കെ.പ്രേമചന്ദ്രന് മുന്‍കൈയെടുത്ത് പനത്തുറയില്‍ പത്ത് സ്ഥലങ്ങളിലായി പുലിമുട്ട് നിര്‍മ്മാണത്തിന് ഫണ്ടനുവദിച്ചു. 1500 മീറ്റര്‍ കടല്‍ഭിത്തി ബലപ്പെടുത്താനും തീരുമാനമായി. പുലിമുട്ട് നിര്‍മ്മാണം കുടുംബാസൂത്രണം പോലെ രണ്ടിലൊതുങ്ങി. പത്തുമീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച കടല്‍ഭിത്തിയാകട്ടെ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ ശോഷിച്ച് പകുതിയായി. ഇപ്പോള്‍ അഞ്ചുമീറ്ററില്‍ താഴെയായ കടല്‍ഭിത്തിയും കടല്‍ വിഴുങ്ങാനൊരുങ്ങുന്നു.
കടലിനെ വിളിച്ചു കേറ്റുന്ന ജലപാത
കൂനിന്മേല് കുരു എന്നതുപോലെ ദേശീയജലപാതയുടെ നിര്‍മ്മാണവും ഭീതിയുണര്‍ത്തുന്നു. കടലുമായി 50 മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് ഇവിടെ ജലപാതയ്ക്ക് തയ്യാറെടുക്കുന്നത്. കടല്‍ഭിത്തിയില്ലാത്തതിനാല്‍ ജലപാതയ്ക്കും കടലിനുമിടയിലുള്ള ജീവിതവും കടലെടുക്കുമെന്ന ഭീതിയുടെ കൊടുങ്കാറ്റാണ് തീരത്ത് ആഞ്ഞുവീശുന്നത്. വിശക്കുന്ന പട്ടിയെ സുരക്ഷിത അകലത്തില്‍ നിന്ന് എല്ലിന്‍കഷണം കാട്ടി കൊതിപ്പിക്കുന്നതുപോലെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ ഭരണകൂടത്തിന് നാണമേയില്ല. പ്രതിഷേധക്കാര്‍ക്കു മുന്നില്‍ ചെല്ലാനം മോഡലില്‍ ട്രെഡ്രാപാഡ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മ്മിച്ചു നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതാണ്. ഇതിനായി 86 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. വര്‍ഷം ഒന്നര കഴിഞ്ഞപ്പോഴും കടല്‍ഭിത്തി നിര്‍മ്മാണം മറവിയുടെ മറുകരയിലേക്ക് തള്ളിവിട്ടവര്‍ ജലപാത നിര്‍മ്മാണത്തിനു മാത്രം തയ്യാറെടുപ്പുകള്‍ നടത്തുന്നു.
അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന പനത്തുറയില്‍ അവശേഷിക്കുന്നത് നൂറ്റമ്പതോളം കുടുംബങ്ങള്‍ മാത്രമാണ്. വീടും വസ്തുവും കടലെടുത്തതോടെ പലരും പലയിടങ്ങളിലായി ചിതറിമാറി. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടതോടെ ഈശ്വരന്റെ മുന്നില്‍ അഭയം തേടാം എന്നുകരുതിയാല്‍ തങ്ങളുടെ പനത്തുറ സുബ്രമഹ്മണ്യസ്വാമി ക്ഷേത്രവും മുസ്ലീം ജമാഅത്തും കടലെടുപ്പിന്റെ വക്കിലാണെന്നോര്‍ത്ത് വിങ്ങലടക്കേണ്ടിവരും. കടലാക്രമണത്തില്‍ ഖബര്‍ തന്നെ ചരിഞ്ഞുനില്‍ക്കുന്നിടത്ത് പ്രതീക്ഷകള്‍ക്ക് നിവര്‍ന്നുനില്‍ക്കാനാകില്ലല്ലോ. വീടില്ലാത്തവന് പഠിപ്പെന്തിന്. എല്‍പി സ്കൂളും കടലിനെ കാത്തുനില്ക്കുന്നു. ഇവിടെ മാത്രം കഴിഞ്ഞ വര്‍ഷം പതിനഞ്ചോളം വീടുകള്‍ കടലെടുത്തു.
കുടില്‍ കടലെടുത്താല്‍
കുടിലുകള്‍ കടലെടുത്താല്‍ പെരുവഴിതന്നെ ശരണം. പുനര്‍ഗേഹം പദ്ധതിപ്രകാരം നേരത്തെകൂട്ടി ഒഴിഞ്ഞുപോകാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ പത്തുലക്ഷം നല്‍കും. അതുപയോഗിച്ച് വീടും സ്ഥലവും വാങ്ങണം. പത്തുലക്ഷത്തില്‍ കൂടുതല്‍ ചെലവായാല്‍ സ്വന്തം കൈയില്‍ നിന്നും കൊടുക്കണം. റോഡുവക്കിലെ ബസുകാത്തിരിപ്പു കേന്ദ്രത്തിനുപോലും പത്തും പതിനഞ്ചും ലക്ഷം കണക്കുപറയുന്നവരുടെ നാട്ടിലാണിതെന്നോര്‍ക്കണം.
മുന്നറിയിപ്പവഗണിക്കുന്നു; മുന്നൊരുക്കങ്ങള്‍ മറക്കുന്നു
വര്‍ഷകാലം വരുമ്പോള്‍ മുന്‍കരുതലൊരുക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടാലും നടപടിയെടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. എല്ലാം നഷ്ടപ്പെടുന്നതിനു മുമ്പ് താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തയ്യാറാകണമെന്ന ആവശ്യം നിരസിക്കപ്പെടുന്നു. വീടും വീട്ടുപകരണങ്ങളും വസ്ത്രംപോലും നഷ്ടപ്പെട്ടാല്‍ മാത്രമാണ് ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കുക. ഈ വര്‍ഷം ഇതുവരെ സൗജന്യറേഷന് വിതരണം ചെയ്യാന്‍പോലും നടപടിയുണ്ടായിട്ടില്ല.
ക്ഷേമനിധി ബോര്‍ഡ് അംഗത്വം നിഷേധിക്കുന്നു
പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെപോലും അംഗത്വം ക്ഷേമനിധി ബോര്‍ഡ് റദ്ദാക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു. ദുരിതകാലത്തും ട്രോളിംഗ് നിരോധന കാലത്തും പട്ടിണിമാറ്റാന്‍ കൂലിത്തൊഴിലിനു പോകുന്നവരെയാണ് മത്സ്യത്തൊഴിലാളികളല്ലെന്നാരോപിച്ച് സ്ഥിരമായി അംഗത്വം റദ്ദാക്കുന്നത്. ഇതുമൂലം ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. പഞ്ഞമാസ സമാശ്വാസ പദ്ധതിയില്‍ നിന്നുപോലും ഇവര്‍ ഒഴിവാക്കപ്പെടുന്നു. ചെറുകുടിലുകളില്‍ മൂന്നോ നാലോ കുടുംബങ്ങള്‍ ഒരുമിച്ചുതാമസിക്കുമ്പോള് ഒരു റേഷന്‍ കാര്‍ഡായതിനാല്‍ അവര്‍ക്ക് ഒരുകുടുംബത്തിന്റെ ആനുകൂല്യം മാത്രമാണ് ലഭിക്കുന്നത്. വിവാഹസര്ട്ടിഫിക്കറ്റുനോക്കി കുടുംബങ്ങള്‍ക്ക് പ്രത്യേകം സഹായം നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിനു പരിഹാരം കാണാന്‍ കഴിയാത്തത് കുടുംബ ബന്ധങ്ങളെപ്പോലും ശിഥിലമാക്കുന്നു.
ലൈഫിന് ഉപകരിക്കാത്ത ലൈഫ് പദ്ധതി
മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള ലൈഫ് പദ്ധതിയും ഉപകരിക്കുന്നില്ല. ലൈഫ് പദ്ധതിയെക്കാള്‍ വേഗത്തിലാണ് ഒച്ചിഴയുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് വീട് ലഭിക്കുന്നില്ല. ഫഌറ്റ് ലഭിക്കണമെങ്കില്‍ ചെങ്കൊടിയേന്തുകയും പാര്‍ട്ടിക്ക് മുദ്രാവാക്യം വിളിക്കുകയും വേണമെന്നാണ് കടലോരത്തെ അലിഖിത നിയമം.
പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ക്ഷേമനിധി
ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പഞ്ഞമാസ സമാശ്വാസ പദ്ധതിപ്രകാരം നല്‍കാറുള്ള തുക ഇതുവരെയും നല്‍കിയിട്ടില്ല. തൊഴിലാളികളുടെ വിഹിതം 1500, സംസ്ഥാനത്തിന്റെ വിഹിതം 1500, കേന്ദ്രസര്‍ക്കാരിന്റെ വിഹിതം 1500 എന്നിങ്ങനെ 4500 രൂപയാണ് ലഭിക്കേണ്ടത്. കഴിഞ്ഞവര്‍ഷം നല്കേണ്ടിയിരുന്നതിന്റെ ബാക്കിയായ 1500 രൂപ ഈ വര്‍ഷം മത്സ്യത്തൊഴിലാളിയില്‍ നിന്ന് വാങ്ങിയ വിഹിതം എടുത്താണ് നല്‍കിയത്. ധനസഹായം ആവശ്യപ്പെടുന്നവരോട് ഫണ്ടിന്റെ അപര്യാപ്തയാണ് പറയുന്നത്. തങ്ങള്‍ക്ക് തരാന്‍ പണമില്ലാത്തവര്‍ കടലുകള്‍ താണ്ടി സെമിനാറുകള്‍ക്ക് പോകുന്നതെന്തിനെന്ന് ആരെങ്കിലും ഇവരോട് ചോദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നത്.
തെക്കെ കൊല്ലംങ്കോട്, പള്ളിനട, പള്ളിവിളാകം, കൈതവിളാകം, കോവില്‍നട, തോട്ടുമുക്ക്, പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, കണ്ണാന്തുറ, വെട്ടുകാട്, വേളി, തുമ്പ, പെരുമാതുറ, അഞ്ചുതെങ്ങ് തീരങ്ങളെല്ലാം കടലമ്മ കലിയിളകി നില്‍ക്കുകയാണ്. കടലോരമക്കള്‍ ആവലാതിയിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: