എന്‍സിടി ശ്രീഹരി
എബിവിപി സംസ്ഥാന സെക്രട്ടറി
ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപി എഴുപത്തഞ്ച് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സഹനത്തിന്റെ, സമരത്തിന്റെ, സേവനത്തിന്റെ, എഴുപത്തഞ്ച് വര്‍ഷങ്ങള്‍. സ്വതന്ത്ര ഭാരതം കണ്ട ഒരുപാട് ചരിത്രങ്ങള്‍ക്കൊപ്പം നടക്കാനും സാക്ഷ്യം വഹിക്കാനും വിദ്യാര്‍ത്ഥി പരിഷത്തിന് സാധിച്ചു. അമൃതകാലത്ത് വിദ്യാര്‍ത്ഥികളോടൊപ്പം നിന്ന് പ്രവര്‍ത്തനമാധുര്യത്തിന്റെ അമൃത് നുകരുകയാണ് എബിവിപി. 47ല്‍ സ്വാതന്ത്ര്യം നേടിയ രാഷ്ട്രത്തിന്റെ ശക്തിസ്രോതസുകളായ യുവസമൂഹത്തിന് വഴികാട്ടിയാവുക എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് എബിവിപി രൂപീകൃതമാവുന്നത്. 48 കളില്‍ പ്രവര്‍ത്തനമാരംഭിച്ച് 1949 ജൂലൈ 9ന് രെജിസ്റ്റര്‍ ചെയ്യപ്പെട്ടു. വിദ്യാര്‍ത്ഥി പരിഷത്തിന്റെ ആശയവും ആദര്‍ശവും വിദ്യാര്‍ഥി സമൂഹം ഹൃദയത്താല്‍ സ്വീകരിച്ചതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായി എബിവിപി മാറിയത്. രാഷ്ട്രീയത്തിനുമപ്പുറം രാഷ്ട്രമാണ് പ്രധാനം എന്ന ഉറച്ച ബോധ്യമാണ് എബിവിപി പ്രവര്‍ത്തകരെ മുന്നോട്ടു നയിക്കുന്നത്. ആ കാഴ്ചപ്പാടാണ് എബിവിപി യെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥനമാക്കി മാറ്റിയതും.
കഴിഞ്ഞ ഏഴര പതിറ്റാണ്ടുകളായി യുവാക്കളെ ദേശീയതയിലേക്ക് ആകര്‍ഷിക്കുന്നതില്‍ എബിവിപി പ്രധാനപങ്കുവഹിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദന്റെ ചിന്തകളും ആദര്‍ശങ്ങളും പിന്തുടര്ന്ന് എബിവിപി രാഷ്ട്രനിര്‍മ്മാണത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. ഇന്നത്തെ വിദ്യാര്‍ത്ഥി നാളത്തെ പൗരന് എന്ന പൊതുബോധത്തെ തിരുത്തി ‘ഇന്നത്തെ വിദ്യാര്‍ത്ഥി ഇന്നത്തെ പൗരന്’ എന്ന കാഴ്ച്ചപ്പാടാണ് എബിവിപി മുന്നോട്ട് വെക്കുന്നത്. കലാലയങ്ങളില്‍ ദേശീയതയുടെ, രാജ്യസ്നേഹത്തിന്റെ, കരളുറപ്പിന്റെ, അതിജീവനത്തിന്റെ, പോരാട്ട വീര്യമുള്ള ‘സിംഹവിക്രമശാലികളായ’ പതിനായിരകണക്കിന് പ്രവര്‍ത്തകരെ സൃഷ്ടിക്കാന്‍ എബിവിപിക്കു സാധിച്ചിരിക്കുന്നു.
എബിവിപി കാലഘട്ടത്തിലെ ബന്ധങ്ങളുടെ ഊഷ്മളത ജീവിത പ്രതിസന്ധിയില്‍പോലും പലര്‍ക്കും താങ്ങും തണലുമാണ്. എബിവിപിയുടെ പ്രവര്‍ത്തനം സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് സഹായഹസ്തവുമായി കടന്നുചെല്ലുകയാണിന്ന്. ക്രിയാത്മകമായ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന് പതിനാറോളം വിങ്ങുകള്‍ എബിവിപിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. ‘സ്റ്റുഡന്റ് ഫോര്‍ സേവ’ (എസ്എഫ്എസ്) സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുകയാണ്. രാജ്യത്തെ ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ സ്ത്രീസമൂഹത്തിനിടയില്‍ എസ്എഫ്എസിന്റെ നേതൃത്വത്തില്‍ ‘ഋതുമതി അഭിയാന്’ എന്ന പേരില്‍ ആര്‍ത്തവ ശുചിത്വത്തെപ്പറ്റി ബോധവല്‍ക്കരണവും നാപ്കിന് വിതരണവും നടന്നുവരുന്നു. സ്റ്റുഡന്റ് ഫോര്‍ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തില്‍ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. അമൃതകാലത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെ ഒരു കോടി വൃക്ഷതൈകളാണ് എസ്എഫ്ഡി യുടെ നേതൃത്വത്തില്‍ വച്ചുപിടിപ്പിച്ചത്.
അന്‍പതുകളുടെ തുടക്കത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ഭാഗമല്ല എന്ന ആശയം മുളപ്പൊട്ടിയപ്പോള്‍ അതിനെ ഫലപ്രദമായി ചെറുക്കാന്‍ എബിവിപി ആരംഭിച്ച ‘സ്റ്റുഡന്റസ് എക്സ്പീരിയന്‍സ് ഇന്‍ ഇന്റര്‍സ്റ്റേറ്റ് ലിവിംഗ്’-സീല്‍-എന്ന ആശയത്തിലൂടെ സാധിച്ചു. അതുവഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദേശീയ കാഴ്ചപ്പാട് വളര്‍ത്താനും വിഘടനവാദ പ്രവര്‍ത്തനങ്ങളെ തളര്‍ത്താനും സാധിച്ചു. കഴിഞ്ഞ അന്‍പതിലധികം വര്‍ഷങ്ങളായി ‘സീല്‍’ യാത്ര വളരെ മികച്ച രീതിയില്‍ തുടര്‍ന്നുവരുന്നു. ഈ വര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 472 വിദ്യാര്‍ത്ഥികള്‍ 22 സംസ്ഥാനങ്ങളിലായി 64 സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനും നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനാവശ്യമായ സ്കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള സഹായം ഉറപ്പാക്കുന്നതിനും ‘സാവിഷ്ക്കാര്‍’, എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മെഡിവിഷന്‍, ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ജിജ്ഞാസ, റിസര്‍ച്ച് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ശോദ്, അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അഗ്രിവിഷന്‍ തുടങ്ങി വിവിധ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പിന്തുണനല്കുന്നതിന് 16 ഓളം വിങ്ങുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ വര്‍ക്ക് ഷോപ്പുകളും അക്കാദമിക്ക് പ്രവര്‍ത്തനങ്ങളില്‍ പിന്തുണയ്ക്കുന്നതിനും ജോബ് പ്ലേസ്മെന്റ് ഉള്‍പ്പടെ നടത്തുന്നതിനുമുള്ള പ്രവര്‍ത്തങ്ങള്‍ എബിവിപിയുടെ നേതൃത്വതില്‍ നടന്നുവരുന്നു.
എബിവിപി യുടെ ചരിത്രം സമരതീക്ഷ്ണമാണ്. ജീവിതത്തില്‍ അഭിമാനവും, ആത്മവിശ്വാസവും, പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള ശേഷിയും, പോരാട്ടവീര്യവും എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് നല്കി. സമൂഹത്തിന് വലിയ സംഭാവനകള്‍ നല്കാന് എബിവിപിയ്ക്ക് സാധിച്ചു. ഇന്നു എബിവിപിക്കാരനായ പ്രധാനമന്ത്രിയെയും, ഉപരാഷ്ട്രപതിയെയും, നിരവധി മുഖ്യമന്ത്രിമാരെയും ഗവര്‍ണര്‍മാരെയും സൃഷ്ടിക്കാന്‍ എബിവിപിക്കു കഴിഞ്ഞു. അധികാര ലാളനയില്‍ നിന്നും ഒഴിഞ്ഞു സമൂഹത്തിന്റ വിവിധ മേഖലകളില്‍ എബിവിപി നല്കിയ ഊര്‍ജത്തില്‍ ജീവിതവിജയം കൈവരിച്ച പതിനായിരക്കണക്കിന് പേരെ കാണാന്‍ കഴിയും. നിരവധിപേരുടെ ത്യാഗത്തിന്റെ, സഹനത്തിന്റെ കരുത്തിലാണ് എബിവിപിയുടെ വളര്‍ച്ച.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പ്രസ്ഥാനത്തെ വളര്‍ത്താന്‍ വേണ്ടി ജീവന് നല്കിയ വീര ബലിദാനികളുടെ ഓര്‍മക്കള്‍ക്കു മുന്നില്‍ പ്രണാമങ്ങള്‍. പരുമലയിലെ അനുവും കീംമും സുജിത്തും പരിഷത്തിന്റെ തീരാനോവാണ്. അവരുടെ ജിവസുറ്റ ഓര്‍മ്മകളാണ് എബിവിപിയെ മുന്നോട്ട് നയിക്കുന്നതിലെ പ്രേരണാസ്രോതസ്. 90 കളില്‍ കശ്മീരില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്താന്‍ പറ്റില്ലെന്ന തീവ്രവാദികളുടെ ഫത്വയെ വെല്ലുവിളിച്ചുകൊണ്ട് ‘ചലോ കശ്മീര്‍’ എന്ന പേരില്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ സംഘടിപ്പിച്ച്, വിഘടനവാദികളുടെ തിട്ടൂരത്തെ കാറ്റില്‍ പറത്തി കാശ്മീരിന്റെ മണ്ണില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി. കിഴക്കന്‍ സംസ്ഥാനങ്ങള്‍ വഴി വന്‍ തോതില്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം ഉണ്ടായ സമയത്ത് ‘ചലോ ചിക്കന്‍ നെക്ക്’ എന്നപേരില്‍ പതിനായിരങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധമറിയിച്ചു. കേരളത്തിലെ കമ്മ്യുണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ ഒരുലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി ‘ചലോകേരള’ എന്നപേരില്‍ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രതിഷേധസംഗമം നടത്തി.
വന്ദേമാതരം ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചത് എബിവിപി യുടെ പോരാട്ടത്തിലൂടെയാണ്. 18 തികഞ്ഞവര്‍ക്ക് വോട്ടവകാശംനല്‍കാനും സമ്പത്തികാസമത്വം ഒഴിവാക്കാന്‍ യൂണിഫോമിനുവേണ്ടിയും തെരുവിലിറങ്ങി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന പ്രസ്ഥാനമാണ് എബിവിപി. അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടഭീകരതക്കെതിരെ പ്രതികരിച്ച വിദ്യാര്‍ഥി സംഘടന എബിവിപി മാത്രമാണ്. പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് ജയില്‍വാസമനുഷ്ഠിച്ചത്. കേരളത്തില്‍ എസ്എഫ്ഐയും സര്‍ക്കാരും ചേര്‍ന്ന് സര്‍വകലാശാലകളെ പാര്‍ട്ടികേന്ദ്രങ്ങളാക്കി മാറ്റിയപ്പോള്‍ വിദ്യാര്‍ത്ഥികളോടൊപ്പം നിന്ന് എബിവിപി തെരുവിലിറിങ്ങി. കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാപേപ്പറുകള്‍ കാണാതാവുന്നത് നിത്യസംഭവമായപ്പോള്‍ അതിനെ ചോദ്യം ചെയ്തതിന് സംസ്ഥാനസെക്രട്ടറി ഉള്‍പ്പടെയുള്ള 17 പ്രവര്‍ത്തകരെയാണ് പിണറായി പോലീസ് ജയിലിലടച്ചത്. ലേക്ക്ഷോര്‍ ആശുപത്രിയില്‍ അവയവക്കച്ചവടം നടന്നപ്പോള്‍ പ്രമുഖരാഷ്ട്രിയ സാമൂഹിക സംഘടനകളൊക്കെ കുറ്റകരമായ മൗനം പുലര്‍ത്തിയപ്പോള്‍ ആദ്യം പ്രതികരിച്ചതും എബിവിപിയായിരുന്നു. പരീക്ഷാസമയത്ത് അടിവസ്ത്രമഴിച്ച് പരിശോധന നടത്തി, വിദ്യാര്‍ത്ഥിയുടെ മാനത്തിന് വിലപ്പറഞ്ഞപ്പോള്‍ തലയുയര്‍ത്തി ചോദ്യചെയ്ത ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനമെ കേരളത്തില്‍ ഉണ്ടായിരുന്നുള്ളു. അത് എബിവിപിയാണ്. യൂഡിഎഫിന്റെ കാലത്തെ പ്ലസ്ടു സമരവും പിന്നീട് നടന്ന ലോ അക്കാദമി സമരവും കെടിയു സമരവും എബിവിപിയുടെ കരുത്ത് തെളിയിച്ച സമരങ്ങളായിരുന്നു.
രാജ്യമൊട്ടാകെ ആയിരത്തഞ്ഞൂറിലധികം മുഴുവന്‍സമയ പ്രവര്‍ത്തകരാണ് എബിവിപിക്കുള്ളത്. 22 ഓളം രാജ്യങ്ങളില്‍ വേള്‍ഡ് ഓര്ഗനൈസേഷന് ഓഫ് സ്റ്റുഡന്റ്സ് ആന്‍ഡ് യൂത്ത് എന്ന പേരില്‍ എബിവിപി പ്രവര്‍ത്തിക്കുന്നു. എബിവിപി യുടെ അംഗത്വവിതരണം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ‘ലഹരിയോട് വിടപറയാം സമരയൗവനത്തിനായി’ എന്ന സന്ദേശമാണ് ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് മുദ്രാവാക്യം. ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് വിദ്യാര്‍ത്ഥിസമൂഹത്തെ രക്ഷിക്കുക എന്ന വലിയ ദൗത്യമാണ് എബിവിപി ഏറ്റെടുത്തിരിക്കുന്നത്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് എബിവിപി അംഗമാകാം. അന്‍പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും എബിവിപിയില്‍ അംഗത്വം എടുക്കുന്നു. അമൃത കാലത്ത് രാജ്യത്തിന്റെ കരുത്തായി എബിവിപി അതിന്റെ ‘ധേയയാത്ര’ അനസ്യൂതം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: