കൊല്ലം: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത യഥാര്‍ത്ഥ പോരാളിയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ചെഗുവേരയെ പോലുള്ളവരാണ് ചിലര്‍ക്ക് ഹീറോ. നമുക്ക് പുറത്ത് നിന്നൊരു ഹീറോയുടെ ആവശ്യമില്ല. സന്ദീപ് ഉണ്ണികൃഷ്ണനെ പോലെയുള്ളവരാണ് നമ്മുടെ ഹീറോ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദേശീയത യുവത്വത്തിലേക്ക് എന്ന സന്ദേശവുമായി ‘ജന്മഭൂമി’ കൊല്ലത്ത് സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് പ്രഥമ അനുസ്മരണ പ്രഭാഷണ പരമ്പരയില്‍ ‘രാഷ്ട്ര സുരക്ഷ-സാമൂഹിക ഉത്തരവാദിത്തം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദീപ് ഉണ്ണികൃഷ്ണനെ പോലെയുള്ളവര്‍ സേവനമനോഭാവവും പ്രതിബദ്ധതയുമുള്ളവരായിരുന്നു. രാജ്യം വളരുകയാണ്. മുന്നോട്ടുകുതിക്കുന്ന ഈ ഇന്ത്യക്ക് വേണ്ടിയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ജീവത്യാഗം ചെയ്തത്. രാഷ്ട്രീയം, ഭാഷ, കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം വ്യത്യസ്തമാണെങ്കിലും രാജ്യം എന്ന വികാരത്തില്‍ നാം ഒറ്റക്കെട്ടാകണം, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേണല്‍ എസ്. ഡിന്നി (റിട്ട.) അധ്യക്ഷത വഹിച്ചു. എന്‍സിസി കൊല്ലം ഗ്രൂപ്പ് കമാന്‍ഡന്റ് ബ്രിഗേഡിയര്‍ മനോജ് നായര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി. മുരളീധരന്, ജന്മഭൂമി കൊല്ലം യൂണിറ്റ് മാനേജര്‍ സി.കെ. ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: