ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ പുതിയ പരിശീലകന്‍ മൗറീഷിയോ പൊച്ചെട്ടീനോ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനകളെ ചുറ്റിപറ്റിയാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ മാധ്യമങ്ങളുടെ സഞ്ചാരം. ഏറ്റവും നല്ല പ്രകടനത്തോടെ സീസണിലെ ആദ്യദിനം തൊട്ടേ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊച്ചെട്ടീനോ വ്യക്തമാക്കി. അതിനായി ഈ ട്രാന്‍സ്ഫര്‍ കാലത്ത് അത്യാവശ്യം വേണ്ട ആളുകളെയെല്ലാം എത്തിച്ചിട്ടുണ്ട്. ഇനി ഒരു ഹിറ്റ് സ്‌ട്രൈക്കറെ ആണ് ആവശ്യം, അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന തരത്തിലാണ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതും.
ഇതാണ് യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ മാധ്യമങ്ങളെ കഥകള്‍ മെനയാനും ഊഹാപോഹങ്ങല്‍ ചമയ്‌ക്കാനും പ്രേരിപ്പിച്ചത്. ഒന്നാന്തരം സ്‌ട്രൈക്കര്‍ എന്ന് പറയുമ്പോള്‍ അത് കിലിയന്‍ എംബപ്പെയും എല്‍ലിങ് ഹാളന്‍ഡും ആവില്ലെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ ഉറപ്പിക്കുന്നു. പിന്നെ ആര് എന്ന ചോദ്യം നീളുന്നത് പുതിയ സീസണില്‍ ഫ്രീ ഏജന്റായി നില്‍ക്കുന്ന ടോട്ടനം ഹോട്‌സ്പറിന്റെ സൂപ്പര്‍ താരം ഹാരി കെയ്ന്‍ അല്ലാതെ മറ്റാരുമല്ല.
21-ാം നൂറ്റാണ്ടില്‍ വിജയങ്ങളുടെ എണ്ണത്തില്‍ റെക്കോഡുള്ള ഫുട്‌ബോള്‍ പരിശീലകനാണ് അര്‍ജന്റീനക്കാരനായ പൊച്ചെട്ടീനോ. ചെല്‍സിയിലെത്തും മുമ്പ് ഫ്രഞ്ച് ലിഗ് വണിലെ പാരിസ് സെന്റ് ജെര്‍മെയ്‌നിലായിരുന്നു ദൗത്യം. അതിന് മുമ്പ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ ചുമതല വഹിച്ചിരുന്നു. അക്കാലത്താണ് യുവതാരമായി ഹാരി കെയ്ന്‍ ടീമിലെത്തുന്നത്. 2016-17 സീസണിലെ ആദ്യസീസണ്‍ പ്രകടനത്തില്‍ തന്നെ പൊച്ചെട്ടീനോയ്‌ക്ക് ആ ഇംഗ്ലീഷ് ചുണക്കുട്ടിയുടെ പ്രകടനം നന്നേ ബോധിച്ചു. ടോട്ടനത്തില്‍ നിന്നും പോരും വരെ പൊച്ചെട്ടീനോയുടെ ഇഷ്ട ശിഷ്യനും കെയ്ന്‍ അല്ലാതെ മറ്റാരുമായിരുന്നില്ല.
പുതിയ സീസണില്‍ ടോട്ടനം വിടാന്‍ ഹാരി കെയ്ന്‍ തീരുമാനമെടുത്തതിനെയും ചെല്‍സിയുടെ ചുമതല പൊച്ചെട്ടീനോയില്‍ വന്നുചേര്‍ന്നപ്പോഴും കെയ്ന്‍ ചെല്‍സിയിലേക്കെന്ന തരത്തില്‍ റൂമറുകള്‍ ചെറുതായി തലപൊക്കിയിരുന്നു. ഇനി ഒരു മാസമേയുള്ളൂ പ്രീമിയര്‍ ലീഗില്‍ പന്തുരുളാന്‍. പൊച്ചെട്ടീനോ നടപ്പാക്കുന്ന ചെല്‍സിയുടെ രക്ഷാപ്രവര്‍ത്തനത്തിന് വന്നുചേരുന്ന പുത്തന്‍ പടയാളിക്കായി ഊഹാപോഹങ്ങള്‍ മറന്ന് കാത്തിരിക്കുകയല്ലാതെ മറ്റൊന്നും തേടാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: