ചെന്നൈ: കുടുംബനാഥയായ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം നല്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പദ്ധതി തമിഴ്നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും കിട്ടാന്‍ പോകുന്നില്ലെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. അണ്ണാമലൈ. ഒരു സ്ത്രീക്കും പെന്ഷന് ലഭിയ്ക്കാത്ത വ്യവസ്ഥകളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും അണ്ണാമലൈ കളിയാക്കുന്നു. ഇതോടെ ഈ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
‘കലൈഞ്ജര്‍ മകളിര്‍ ഉറിമൈ തൊകൈ’ എന്ന പദ്ധതിയുടെ പേരിലാണ് മാസം തോറും കുടുംബനാഥകളായ സ്ത്രീകള്‍ക്ക് ധനസഹായം നല്കാന് ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തമിഴ്നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും ധനസഹായം ലഭിക്കാത്ത രീതിയിലുള്ള വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
പെന്ഷന് ലഭിക്കാന്‍ 21 വയസ്സ് തികഞ്ഞിരിക്കണം. രണ്ടര ലക്ഷത്തില്‍ താഴെ വരുമാനമുള്ള, കുടുംബത്തിന്റെ ഭൂസ്വത്ത് അഞ്ചേക്കറിലും (തണ്ണീര്‍ത്തടവും) 10 ഏക്കറിലും (വരണ്ട ഭൂമിയും) അധികം സ്വന്തമായില്ലാത്ത, 3600 യൂണിറ്റില്‍ കുറവ് വാര്‍ഷിക വൈദ്യുതി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് ഈ പെന്ഷന് അര്‍ഹതയുള്ളതെന്നാണ് ഡിഎംകെ സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ഒരു വ്യവസ്ഥ. റേഷന്‍ കടയിലാണ് അപേക്ഷ നല്‍കേണ്ടത്. റേഷന്‍ കാര്‍ഡ് നോക്കിയാണ് പെന്ഷന് നല്‍കേണ്ട സ്ത്രീകളെ കണ്ടെത്തുക. റേഷന്‍ കാര്‍ഡില്‍ വീടിന്റെ നാഥ സ്ത്രീ ആയിരിക്കണം. പുരുഷനാണ് വീടിന്റെ നാഥനെങ്കില്‍ ഭാര്യയ്ക്ക് പെന്ഷന് അര്‍ഹതയില്ല. വിവാഹം കഴിയാത്ത സ്ത്രീകള്‍, ട്രാന്‍സ് ജെന്‍ഡര്‍ സ്ത്രീകള്‍, അഗതികളായ സ്ത്രീകള്‍ എന്നിവര്‍ കുടുംബനാഥയാണെന്ന റേഷന്‍ കാര്‍ഡുണ്ടെങ്കില്‍ അവര്‍ക്ക് പെന്ഷന് ലഭിക്കും. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല, ബാങ്കുകള്‍, ബോര്‍ഡുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സഹകരണ സൊസൈറ്റികള്‍, പെന്ഷന് വാങ്ങുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ഈ പെന്ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ലെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ വെച്ച് നോക്കിയാല്‍ തമിഴ്നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും പെന്ഷന് കിട്ടില്ലെന്നാണ് അണ്ണാമലൈയുടെ വിമര്‍ശനം.
സെപ്തംബര്‍ 15 മുതല്‍ പദ്ധതി ആരംഭിയ്ക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ നീക്കം. അന്നാണ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനം. ‘കലൈഞ്ജര്‍ മകളിര്‍ ഉറിമൈ തൊകൈ’ എന്ന പദ്ധതിപ്രകാരം തമിഴ്നാട്ടിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും പെന്ഷന് കിട്ടാന്‍ പോകുന്നില്ലെന്ന വിമര്‍ശനം ഇപ്പോള്‍ ജനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: