കോട്ടയം: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാന്‍ തുടങ്ങിയ മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതി സംശയത്തിന്റെ നിഴലില്‍. രണ്ട് ദിവസം നീണ്ട മഴയില്‍ തന്നെ കോട്ടയം നഗരത്തിന്റെ സമീപ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതാണ് സംശയം ജനിപ്പിക്കുന്നത്. പ്രളയ രഹിത കോട്ടയം പദ്ധതി കടലാസില്‍ മാത്രമാണെന്നാണ് ദുരിതബാധിതര്‍ പറയുന്നത്.
മഴക്കാലത്ത് സാധാരണ രണ്ടാഴ്ച കൊണ്ടാണ് ഈ പ്രദേശങ്ങളില്‍ വെള്ളം ഉയരാറുള്ളത്. കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍, കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളിലെ താഴ്ന്ന പ്രദേശങ്ങളുമാണ് രണ്ട് ദിവസം നീണ്ടുനിന്ന മഴയില്‍ വെള്ളക്കെട്ടിലായത്. പ്രളയം രൂക്ഷമായി ബാധിച്ച കോട്ടയത്തെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് രക്ഷിക്കുന്നതിനായാണ് പ്രളയ രഹിത കോട്ടയം പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ ഇതിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പദ്ധതിയുടെ ഭാഗമായി ചെളിയും എക്കലും നീക്കം ചെയ്യുന്നതിന്റെ മറവില്‍ നദികളില്‍ നിന്ന് വന്‍തോതില്‍ മണല്‍ കടത്തുന്നതിനുളള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.
നട്ടാശ്ശേരി മൈലപ്പള്ളി കടവിന് സമീപം ലോഡ് കണക്കിന് മണല്‍ വാരി വില്‍പ്പന നടത്തുന്നതിനുള്ള ഊര്‍ജ്ജിത നീക്കം നടക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രളയം ഒഴിവാക്കാനെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ചെങ്കിലും ഇതിന്റെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നീരൊഴുക്ക് ശക്തിപ്പെടുത്താനെന്ന പേരില്‍ മീനച്ചില്‍ ആറ്റില്‍ നിന്ന് മണ്ണ് നീക്കം ചെയ്തത് ഏറ്റവും വീതിയും ആഴവുമുള്ള സ്ഥലങ്ങളില്‍ നിന്നാണ്.
2019ല്‍ രജിസ്റ്റര്‍ ചെയ്ത മീനച്ചിലാര്‍- മീനന്തലയാര്‍ കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതിയെന്ന പേരില്‍ രൂപീകരിച്ച സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ വേറേ അക്കൗണ്ട് വഴിയാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് സൊസൈറ്റിയുടെ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: