ന്യൂയോര്‍ക്ക് : ആശയം മോഷ്ടിക്കപ്പെട്ടെന്ന് ആരോപിച്ച് മെറ്റയുടെ ഏറ്റവും പുതിയ ആപ്പായ ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി സൂചന. ട്വിറ്ററിന് സമാനമാണ് ത്രെഡ്സെന്നും കമ്പനിയിലെ മുന്‍ ജീവനക്കാര്‍ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആശയം മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞാണ് കേസിനൊരുങ്ങുന്നത്.
മെറ്റ ത്രെഡ്സ് എന്ന ആപ്പ് അവതരിപ്പിച്ചതിന് പിന്നാലെ 70 ദശലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അക്കൗണ്ട് എടുത്തിട്ടുള്ളത്. ട്വിറ്ററിന്റെ അതേ മാതൃകയില്‍ ചുരുങ്ങിയ വാക്കുകളിലൂടെ ഉപയോക്താവിന് ഇതിലൂടെ ആശയ വിനിമയം നടത്താനാവും. ത്രെഡ്സ് ആപ്പ് ട്രെന്‍ഡിങ് ആയതോടെ ‘മത്സരമാണ് നല്ലത്, വഞ്ചനയല്ല’ എന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററിലെ മുന്‍ ജീവനക്കാരുടെ സഹായത്തോടെയാണ് ത്രെഡ്സ് ഡെവലപ്പ് ചെയ്തതെന്നാണ് ട്വിറ്ററിന്റെ ആരോപണം.
എന്നാല്‍ ത്രെഡ്സ് ആപ്പ് നിര്‍മിക്കാന്‍ മുന്‍ ട്വിറ്റര്‍ ജീവനക്കാര്‍ സഹായിച്ചുവെന്ന അവകാശവാദങ്ങള്‍ മെറ്റ നിഷേധിച്ചു. മെറ്റായുടെ കണക്കനുസരിച്ച് 70 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനകം തന്നെ ത്രെഡ്സ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഏകദേശം 350 ദശലക്ഷം ഉപയോക്താക്കളാണ് ട്വിറ്ററിന് ഇപ്പോഴുള്ളത്. 2013ലെ ഒരു എസ്ഇസി ഫയലിങ് പ്രകാരം നാല് വര്‍ഷം കൊണ്ടാണ് നിലവില്‍ ത്രെഡ്സിനുള്ള അത്രയും ഉപയോക്താക്കളെ ട്വിറ്റര്‍ നേടിയെടുത്തത്.
11 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ട്വിറ്ററിലേക്ക് തിരിച്ചെത്തിയത്. സ്പൈഡര്മാന് വേഷധാരികളായ രണ്ടു പേര് പരസ്പരം വിരല്‍ ചൂണ്ടുന്ന ചിത്രം മാത്രം പങ്കുവെച്ചുകൊണ്ടാണ് തിരിച്ചെത്തിയത്. അതിനുപിന്നാലെ മെറ്റ ത്രെഡ്സ് അവതരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: