ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബിസിസിഐ) പുതിയ ടീം സെലക്ഷന് പാനലിനെ കണ്ടെത്തി നിയമിച്ചിട്ട് ഇന്ന് മൂന്ന് ദിവസമേ ആകുന്നുള്ളൂ. മുന്‍താരം അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായുള്ള നാലംഗ സമിതി ചാര്‍ജെടുത്ത് ആദ്യ ദൗത്യം കരീബിയന്‍ ദ്വീപുകളിലേക്ക് അയക്കാനുള്ള ട്വന്റി20 ടീം തെരഞ്ഞെടുപ്പ് ആയിരുന്നു. ഇപ്പോഴത്തെ വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ അവസ്ഥയില്‍ അധീശത്വത്തോടെ ജയിച്ചുവരാനുള്ള ടീമിനെയല്ല അഗാര്‍ക്കറും കൂട്ടരും ചേര്‍ന്ന് തെരഞ്ഞെടുത്തത്. ഒരു പരീക്ഷണമാണ് നടത്തിയിരിക്കുന്നത്.
ഹാര്‍ദിക് പാണ്ഡ്യ നായകനായുള്ള 15 അംഗ ടീമില്‍ 25 വയസില്‍ താഴെയുള്ള ഏഴ് പേരാണുള്ളത്. 30ന് മേല്‍ പ്രായമുള്ളവര്‍ രണ്ട് പേര് മാത്രവും. സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും വരെ ഒഴിവാക്കിയപ്പോഴും മറ്റുള്ളവരെ പോലും തഴഞ്ഞുകൊണ്ട് 32 വയസ് വീതം പ്രായമുള്ള സൂര്യകുമാര്‍ യാദവിനെയും യുസ്വേന്ദ്ര ചഹലിനെയും ഉള്‍പ്പെടുത്തി. ട്വന്റി20 ടീമില്‍ 30ന് മേല്‍ പ്രായമുള്ള രണ്ട് പേര് ഇവര്‍ മാത്രമാണ്.
ബാക്കിയുള്ള 13 പേരില്‍ ആറ് പേര് 25നും 30നും ഇടയില്‍ പ്രായമുള്ളവര്‍. ഹാര്‍ദിക് പാണ്ഡ്യയും മലയാളിതാരം സഞ്ജു വി. സാസംണും അടക്കമുള്ളവരാണ് ഈ നിരയില്‍ വരിക. പിന്നെയുള്ളവരില്‍ ശുഭ്മാന്‍ ഗില്‍, ഇഷാന് കിഷന്, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, രവി ബിഷ്ണോയ്, അര്‍ഷദ്വീപ് സിങ്, ഉമ്രാന് മാലിക് എന്നിവരാണ് 25 വയസില്‍ താഴെയുള്ളവര്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ലെ പ്രകടനമികവാണ് ടീം തെരഞ്ഞെടുപ്പിന് സെലക്ഷന് കമ്മിറ്റി അടിസ്ഥാനമാക്കിയതെന്ന് ടീം ലൈനപ്പില്‍ നിന്നും വ്യക്തം. ട്വന്റി20 ക്രിക്കറ്റാകുമ്പോള്‍ അത് ഉചിതമെന്ന കാര്യത്തിലും സംശയമില്ല. ഒടുവില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ പോലും കളിക്കാന്‍ കഴിയാതിരുന്ന വിന്‍ഡീസിനെതിരെ ഇതുപോലൊരു പരീക്ഷണം നടത്താന്‍ ഏറ്റവും പറ്റിയ അവസരമാണ്. ഇതിലൂടെ അജിത് അഗാര്‍ക്കറുടെ കീഴില്‍ നടപ്പാക്കാനിരിക്കുന്ന വ്യക്തമായ പദ്ധതിയും തെളിഞ്ഞു കാണുകയാണ്. ഭാവി താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഏറ്റവും പറ്റിയത് ചെയ്തു എന്ന നിലയ്ക്കാണെങ്കില്‍ പരീക്ഷണം വിജയിക്കുക എന്ന ദൗത്യം ടീമിനും ടീം അംഗങ്ങള്‍ക്കും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: