ന്യൂദല്‍ഹി: കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തുടരെ തുടരെ ലഭിക്കുന്നതില്‍ രൂക്ഷവിമര്‍ശനുമായി സുപ്രീംകോടതി. ഹര്‍ജികള്‍ കാരണം പൊറുതിമുട്ടുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ പരാമര്‍ശം. അതേസമയം സംഘടനയുടെ അഭിഭാഷകന് കോടതി 25,000 രൂപ പിഴയും ചുമത്തി.
അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയെ സമീപിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു.എന്നാല്‍ കേരള ഹൈക്കോടതിയില്‍ ആണോ, മദ്രാസ് ഹൈക്കോടതിയില്‍ ആണോ ഹര്‍ജി ഫയല്‍ ചെയ്യേണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് അഭിഭാഷകന്‍ ദീപക് പ്രകാശ് കോടതിയോട് പറഞ്ഞു. അരിക്കൊമ്പന്‍ ജീവനോട് കൂടിയുണ്ടോ എന്ന് വ്യക്തമല്ല. അതുകൊണ്ട് ആനയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും കോടതിയില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഹര്‍ജി എവിടെയാണെന്ന് പറയേണ്ടത് തങ്ങളല്ലെന്ന് ചീഫ് ജസ്റ്റിസ് ഇതിന് മറുപടി നല്‍കിയ ശേഷമാണ് അഭിഭാഷകന് പിഴയിട്ടത്.
ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയല്‍ ചെയ്യുന്ന ഹര്‍ജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകന്‍ വിമര്‍ശിച്ചതാണ് പിഴയ്‌ക്ക് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: