തൃശൂര്‍ : സംസ്ഥാനത്ത് 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മഴ ദുര്‍ബലമായേക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാലവര്‍ഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദുര്‍ബലമാവുകയും അടുത്ത ബുധനാഴ്ചയോടെ വീണ്ടും ശക്തിയാര്‍ജ്ജിച്ചേക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. താലൂക്ക് ഉദ്യോഗസ്ഥര്‍ ഇതിന് നേതൃത്വം നല്‍കും. സര്‍ക്കാര്‍ എല്ലാ ജില്ലകളിലേയും കളക്ടര്‍മാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തി, സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഏത് സാഹചര്യത്തെ നേരിടാനും സര്‍ക്കാര്‍ സജ്ജമാണ്.
ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്കയില്ല. വെള്ളം തുറന്നു വിട്ട് ഡാമുകളില്‍ ജല ക്രമീകരണം നടത്തുന്നുണ്ട്. ഡാമുകളിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. പെരിങ്ങല്‍കുത്തില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജാഗ്രത ആവശ്യമുണ്ടെങ്കിലും ഭീതി വേണ്ട. ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോരങ്ങളിലേക്ക് അനാവശ്യ യാത്ര പാടില്ല. തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുത്. 2018ലെ പ്രളയത്തിന്റെ ദൃശ്യങ്ങള്‍ ലൈക്കിനു വേണ്ടി ഇപ്പോഴത്തേത് എന്ന വിധം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാല്‍ നടപടി നേരിടേണ്ടി വരും. കേരളത്തില്‍ നിലവില്‍ ഭീതി ജനകമായ സാഹചര്യമല്ല. അപകട സാധ്യതയുള്ള മേഖലകളിലെ മരങ്ങള്‍ മുറിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഴ ദുരിതം അനുഭവിക്കുന്നവര്‍ക്കായി 91 ദുരിദാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം ഗുരുതരമല്ല. മൂന്നില്‍ താഴെയുള്ള തീവ്രത മാത്രമാണ് രേഖപ്പെടുത്തിയത്. അടിയന്തിര സാഹചര്യത്തില്‍ അവധിയിലുള്ള റവന്യൂ ഉദ്യോഗസ്ഥരോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് കുതിരാന്‍ സന്ദര്‍ശിക്കും. കുതിരാനിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ചും പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: