‘നാസിപ്പട്ടാളം ജൂതനെ തേടി വന്നു, അപ്പോള്‍ ഞാന്‍ ആശ്വസിച്ചു. ഞാന്‍ ഒരു ജൂതന് അല്ലല്ലോ, വീണ്ടും അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു, അപ്പോള്‍ ഞാന്‍ ആശ്വസിച്ചു. ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ലല്ലോ, പിന്നെ അവര്‍ ക്രിസ്ത്യാനികളെ തേടി വന്നു, അപ്പോഴും ഞാന്‍ ആശ്വസിച്ചു, ഞാനൊരു ക്രിസ്ത്യാനി അല്ലല്ലോ, ഒടുവില്‍ അവര്‍ എന്നെ തേടി വന്നു…,അപ്പോള്‍ എന്നെ സഹായിക്കാന്‍ ആരുമില്ലായിരുന്നു.’
ഹിറ്റ്ലറുടെ ഫാസിസത്തിനെതിരെ ജര്‍മ്മന്‍ പാസ്റ്റര്‍ മാര്ട്ടിന് നിയോ മോളര്‍ പറഞ്ഞ പ്രശസ്ത വാചകങ്ങള്‍ക്ക് ചില്ലറ മാറ്റം വരുത്തി പത്രപ്രവര്‍ത്തക യൂണിയന് നേതാവ് കുറിച്ചതാണിത്. ഒന്നിച്ചു നിന്നില്ലെങ്കില്‍ അവസാനം ആരും കാണില്ല എന്ന അടിക്കുറിപ്പൊടെയുള്ള കുറിപ്പ് കേരളത്തില്‍ നടക്കുന്ന മാധ്യമ വേട്ടയിലുള്ള മാധ്യമ പ്രവര്‍ത്തകന്റെ ഭയം നിഴലിക്കുന്നു. വളച്ചുകെട്ടില്ലാതെ സത്യമെന്ന് ഉറപ്പുള്ളതൊക്കെ വിളിച്ചു പറഞ്ഞിരുന്ന ഷാജന് സാറിനൊപ്പമാണ് ഞാന്‍ എന്ന അടിക്കുറിപ്പോടെ അദ്ദേഹത്തൊടൊപ്പം ജോലി ചെയ്തിരുന്ന പ്രമുഖമാധ്യമ പ്രവര്ത്തകന് എഴുതിയതിങ്ങനെ.
‘വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും അത് അവതരിപ്പിക്കുന്ന കാര്യത്തിലും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രീതിയും രാഷ്ട്രീയവും ഭാഷയും നിലപാടുമുണ്ട്. അതാണ് അദ്ദേഹത്തിന്റെ വിജയവും. ഒപ്പമുള്ള മാധ്യമ പ്രവര്‍ത്തകരുടെ തെരഞ്ഞെടുക്കല്‍ സ്വാതന്ത്ര്യത്തെ ഹനിക്കാനും അദ്ദേഹം മെനക്കെടാറില്ലെന്ന് എടുത്തുപറയട്ടെ. എല്ലാവര്ക്കും ഇഷ്ടമുള്ള നിലപാടും രാഷ്ട്രീയവും ആകാം. ആരെയും ഒറ്റുകൊടുത്ത് ഞാന്‍ മാത്രം നീതിമാനെന്ന അഭിനവ എഡിറ്റര്‍ ജാഡകളും അദ്ദേഹത്തിനുണ്ടായിരുന്നില്ല’
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപന ഉടമ ഷാജന് സ്കറിയക്ക് എതിരെയുളള കേസിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന മാധ്യമ വേട്ടയക്കെതിരെയുള്ള രണ്ടു പ്രതികരണങ്ങളായി മാത്രം ഇതിനെ കണ്ടുകൂടാ. അടിയന്തരാവസ്ഥയില്‍ പോലും ചെയ്യാന്‍ മടിച്ചിരുന്ന കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമേല്‍ നടത്തുകയാണ് പിണറായി സര്‍ക്കാര്‍. മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും വനിതകളടക്കമുള്ള ജീവനക്കാരുടെ വീടുകളിലും കടന്നു കയറി കേരള പോലീസ് നടത്തിയ തോന്ന്യാസം സമാനതകളില്ലാത്തതാണ്. പത്തോളം ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഓഫീസുകള്‍ പൂട്ടിച്ചു. ജീവനക്കാരെ കയറാന്‍ അനുവദിക്കുന്നില്ല. മുപ്പത്തിരണ്ട് ലാപ്ടോപ്പുകളും 10 കമ്പ്യൂട്ടറുകളും 7 ക്യാമറകളും 12 മൊബൈല്‍ ഫോണുകളും മറ്റുപകരണങ്ങളും പിടിച്ചെടുത്തു. മറുനാടന്‍ മലയാളിക്കും അതിന്റെ ഉടമ ഷാജന്‍സ്കറിയക്കും എതിരെ കേസുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും വേണം. ഉടമയ്ക്കെതിരായ കേസിന്റെ പേരില്‍ അവിടെ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയാകെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഉടമയെ കിട്ടിയില്ലെങ്കില്‍ തൊഴിലാളികളെ ഒന്നാകെ കേസില്‍ കുടുക്കുമെന്ന കേരള പൊലീസിന്റെ ഭീഷണി കഴിവുകേടിന്റെ മാത്രമല്ല വിവരക്കേടിന്റെ കൂടി ജല്പനമാണ്.
വ്യാജവാര്‍ത്തകളും അസത്യങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് എല്ലാ അവകാശവുമുണ്ട്. ഇവിടെ അതല്ല പ്രശ്നം. കള്ളപ്പണക്കാരനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാവുന്ന സമ്പന്ന വ്യവസായിയായ എംഎല്‍എ, മറുനാടന്‍ മലയാളി എന്ന മാധ്യമസ്ഥാപനം പൂട്ടിക്കുമെന്നു പ്രഖ്യാപിക്കുന്നു. അയാള്‍ക്കുവേണ്ടി ഭരണകൂടം വഴിവിട്ട് പ്രവര്‍ത്തിക്കുന്നു.
അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്നപേരില്‍ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന പൊലീസ് നടപടി കൊറിയയിലോ ചൈനയിലോ ക്യൂബയിലോ അല്ല, കേരളത്തിലാണെന്നത് മറക്കരുത്. വ്യാജവാര്‍ത്ത കൊടുത്തു എന്നതിന്റെ പേരിലാണ് കോലാഹലമെല്ലാം. ഷാജന് വ്യാജവാര്‍ത്ത നല്കിയിട്ടുണ്ടെങ്കില് തന്നെ വ്യാജവാര്‍ത്ത നല്‍കിയതിന് കയ്യോടെ പിടിക്കപ്പെട്ട പിണറായി വിജയന് എന്തു ധാര്‍മ്മികതയാണ് ഇക്കാര്യത്തില്‍ ഉള്ളതെന്നതും അറിയണം.
രാഷ്ട്രീയ താല്പര്യം വെച്ച് വ്യാജവാര്‍ത്ത നല്കുന്നതില് കേരളത്തിലെ മാധ്യമങ്ങള്‍ ഒട്ടും പിന്നിലല്ല. വാര്‍ത്തയ്ക്ക് ബലം നല്കാന് വ്യാജരേഖ ഒപ്പം നല്‍കുന്നത് ചുരുക്കമാണെന്നു മാത്രം. എങ്കിലും നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ആദ്യം പിടിക്കപ്പെട്ടത് ദേശാഭിമാനിയാണ്. അതു മറ്റൊരു പത്രത്തിന്റെ ചീഫ് എഡിറ്ററുടേത് എന്ന പേരില്‍ വ്യാജ കത്തുണ്ടാക്കി പ്രസിദ്ധീകരിക്കുകയായിരുന്നു. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് പിണറായി വിജയന്. ദേശാഭിമാനി ന്യൂസ്എഡിറ്റര്‍ ജി.ശക്തിധരന്, പ്രിന്ററും പബ്ലിഷറുമായ പി. കരുണാകരന്, ചീഫ് എഡിറ്റര്‍ വി.എസ്.അച്യുതാനന്ദന് എന്നിവരും കൂട്ടു പ്രതികളായി. പ്രതികള്‍ ഇവരായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പി.എം.മനോജായിരുന്നു വ്യാജരേഖയുടെ നിര്‍മ്മാതാവ് എന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ തന്റെ ആത്മകഥയില്‍ പറഞ്ഞത് ആരും നിഷേധിച്ചില്ല.
2001 ഫെബ്രുവരി 15ന് ദേശാഭിമാനിയിലെ ഒന്നാം പേജില്‍, ‘മനോരമയിലും സിപിഐ(എം) സെല്‍: കെ.എം.മാത്യുവിന്റെ കത്ത്’ എന്ന വാര്‍ത്തക്കൊപ്പം നല്കിയ കത്ത് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു. മനോരമയ്ക്കകത്ത് സിപിഐ-എം പ്രവര്‍ത്തനം തടയാന്‍ ചീഫ് എഡിറ്റര്‍ കെ.എം.മാത്യു കണ്ണൂര്‍ യൂണിറ്റ് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ക്ക് അയച്ച കത്ത് സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
‘മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ പ്രവര്‍ത്തനം നമ്മുടെ സ്ഥാപനത്തിനകത്ത് നടക്കുന്നതായറിയുന്നു. നമ്മുടെ സുപ്രധാനമായ ചില വിവരങ്ങള്‍ ഈയിടയായി ചോര്‍ന്നു സിപിഐഎമ്മിന് ലഭിക്കുന്നുണ്ട്. താങ്കളുടെ യൂണിറ്റില്‍ ഡെസ്കിലും മാനേജ്മെന്റിലും ചിലര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധംവെയ്ക്കുന്നുണ്ട്. ആ പാര്‍ട്ടിയുടെ ഒരു സെല്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നേരില്‍ എത്തിക്കാന്‍ താല്പര്യം. വേണ്ട ജാഗ്രത പുലര്ത്തുമല്ലോ’ എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. ‘മലയാള മനോരമയുടെ ജീവനക്കാര്‍ക്കിടയിലെ സിപിഐഎം പ്രവര്‍ത്തനം നിരോധിക്കാന്‍ ചീഫ് എഡിറ്റര്‍ കെ.എം മാത്യു എഴുതിയ കത്ത്’ എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്തക്കൊപ്പം കത്തും പ്രസിദ്ധീകരിച്ചത്. ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിനെയും മലയാള മനോരമയെയും അപകീര്‍ത്തിപ്പെടുത്താനായി വ്യാജരേഖ ചമച്ച് അതിന്റെ ഫോട്ടോസ്റ്റാറ്റ് സഹിതം വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന് സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ കെ.എം.മാത്യു കേസ് ഫയല്‍ ചെയ്തു. പ്രതിപ്പട്ടികയില്‍ ഇവര്‍ നാലുപേരാണെങ്കിലും വ്യാജകത്ത് തയ്യാറാക്കിയത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയായ പി.എം.മനോജ് ആയിരുന്നു എന്നാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ തന്റെ ആത്മകഥയില്‍ പറഞ്ഞത്.
‘പിണറായി വിജയന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതു മുതല്‍ ദേശാഭിമാനിയിലെ പല മുതിര്‍ന്ന സഖാക്കളേയും പിന്തള്ളി, പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം.മനോജാണ് ഈ വ്യാജരേഖയുടെ നിര്‍മ്മാതാവ്. അന്ന് ദേശാഭിമാനിയിലെ ഉയര്‍ന്ന തസ്തികയിലുള്ളവരുടെ മുഴുവന്‍ എതിര്‍പ്പുകളേയും മറികടന്ന്, പിണറായി വിജയന്റെ പിന്‍ബലത്തിലാണ് ഈ വിദ്വാന് ഈ വ്യാജരേഖ ചമച്ചത്’ (ഒളിക്യാമറകള്‍ പറയാത്തത്-പേജ് 57) എന്നാണ് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ എഴുതിയത്.
ചീഫ് എഡിറ്ററായ തന്നോട് ആലോചിക്കാതെ ആരാണ് വ്യാജ കത്ത് പ്രസിദ്ധീകരിച്ചത് എന്നതിനെക്കുറിച്ച് വി.എസ്. അച്ചുതാനന്ദന് എഡിറ്റോറിയല്‍ ചുമതലയുള്ളവരോട് വിശദീകരണം തേടി. വ്യാജരേഖ പ്രസിദ്ധീകരിക്കുകവഴി പത്രം അപഹസിക്കപ്പെട്ടുവെന്ന് വി.എസ്.പറഞ്ഞു. ആരൊക്കെയോ ചേര്‍ന്ന് നിര്‍മ്മിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച വ്യാജ രേഖക്കെതിരെ മലയാളമനോരമ കൊടുത്ത കേസില്‍ താന്‍ ഒന്നാം പ്രതിയായി എന്നാണ് ജി.ശക്തിധരന് പിന്നീട് പറഞ്ഞത്.
എന്താണ് ഷാജനും മറുനാടനും ചെയ്ത മഹാപാപം?ഷാജന് തീവ്രവാദിയോ കൊള്ളക്കാരനോ അല്ല. കൊലയാളിയും അല്ല. വാര്‍ത്തകളും അപ്രിയ സത്യങ്ങളും മുഖം നോക്കാതെ രാഷ്ട്രീയം നോക്കാതെ പണത്തൂക്കം നോക്കാതെ വിളിച്ചു പറഞ്ഞു. അത്രമാത്രം. കള്ളവാര്‍ത്തക്കൊപ്പം മറ്റൊരു പത്രത്തിന്റെ മുഖ്യപത്രാധിപരുടെ വ്യാജ കത്തുകൂടി കൊടുത്താല്‍ ‘നേര് നേരത്തെ അറിയിക്കല്‍’. മാതാ അമൃതാന്ദമയിയെ അപമാനിക്കാന്‍ അമേരിക്കവരെ പോയി മദാമ്മയുമായി സൊളളിയാല്‍ അത് മഹത്തായ മാധ്യമ പ്രവര്‍ത്തനം. വി.എസ്.അച്യുതാനന്ദന് എന്ന കമ്മ്യൂണിസ്റ്റുകാരനെ കളിയാക്കാന്‍ വെറുക്കപ്പെട്ടവരുടെ ഒക്കച്ചങ്ങാതിയായാല്‍ മികച്ച പത്രപ്രവര്ത്തകന്. ഇതിനൊന്നും മേലെയല്ല, ഷാജനും മറുനാടനും.
അഴിമതിയിലും തട്ടിപ്പിലും കഴിവില്ലായ്മയിലും നമ്പര്‍ വണ്‍ ആയ സര്‍ക്കാറിന്റെ മാധ്യമ അടിയന്തരാവസ്ഥയെ കയ്യടിച്ചു സ്വീകരിക്കുന്നവര്‍ കേരളത്തിലുണ്ട്. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെ പിന്തുണച്ചവരായിരുന്നു മലയാളികളില്‍ ഭൂരിപക്ഷവും എന്നതാണ് അതിന് മറുപടി. എന്നാല്‍ എതിര്‍ത്തു നിന്നവരും അതില്‍ വിജയിച്ചവരും ഉണ്ടെന്ന കാര്യം ആധുനിക ഫാസിസ്റ്റുകള്‍ മറക്കരുത്. കേരളത്തിലെ ഓരോ മാധ്യമവും കരുതുന്നത് പിണറായിയുടെ നടപടികള്‍ തങ്ങളോട് അല്ലല്ലോ എന്നാണ്. നാളെ ഞങ്ങള്‍ക്കും ഇതാണ് അവസ്ഥ എന്നു കരുതിയാല്‍ നന്ന്. മുട്ടിലിഴയാന്‍ പറയുന്നവന്റെ കരണം നോക്കി ഒന്നു കൊടുക്കാന്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: