കാഞ്ഞാണി: കിഴുപ്പിള്ളിക്കരയില്‍ ആക്രി പറക്കാനെന്ന വ്യാജേനെ എത്തി ക്ഷേത്രത്തിലെ ഞാത്തു വിളക്കുകള്‍ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശി മുഹമ്മദ് സൂജന്‍ (21) ആണ് പിടിയിലായത്. പ്രദേശത്ത് സമാന രീതിയില്‍ മോഷണം നടത്തുന്ന അന്യസംസംസ്ഥാനക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് പോലീസിന് തലവേദന സൃഷ്ടിക്കുകയാണ്.
കിഴുപ്പിള്ളിക്കര കല്ലുംകടവ് റോഡിലെ പുതുമനക്കര ശിവക്ഷേത്രത്തിലാണ് ഇന്നലെ വൈകിട്ട് മോഷണം നടന്നത്. ആക്രി പറക്കാനെന്ന വ്യാജേനയെത്തിയ വെസ്റ്റ് ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശി മുഹമ്മദ് സൂജനാണ് ക്ഷേത്രത്തിലെ തൂക്കു വിളക്കുകള്‍ മോഷ്ടിച്ചത്. മോഷണം പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാനായി വിളക്കുകള്‍ ഒന്നിടവിട്ടാണ് അഴിച്ചെടുത്തത്. മോഷണ മുതലുമായി ഇയാള്‍ താന്‍ വന്ന മുച്ചക്ര സൈക്കിളില്‍ കടന്നുകളയാന്‍ ശ്രമിക്കവെ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. ചാക്കില്‍ നിറച്ച വിളക്കുകള്‍ കയ്യോടെ പിടികൂടി. തുടര്‍ന്ന് അന്തിക്കാട് പോലീസില്‍ വിവരമറിയിച്ചു.
എസ്ഐ എ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഒരു മാസം മുമ്പാണ് ഇവിടെ അടുത്തുള്ള പ്രശസ്തമായ ചേലൂര്‍ മനയുടെ മണിച്ചിത്രത്താഴ് തകര്‍ത്ത് മോഷണം നടത്തിയ ആളെ പോലീസ് പിന്തുടര്ന്ന് പിടികൂടിയത്. അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഓട്ടു – പിച്ചള പാത്രങ്ങള്‍ ചാക്കുകളില്‍ നിറച്ച് കടത്തും വഴിയാണ് ഇയാളെ അന്തിക്കാട് പോലീസ് പിടികൂടുന്നത്. ഇയാളും വെസ്റ്റ് ബംഗാള്‍ സ്വദേശിയാണ്. ആക്രി സാധനങ്ങള്‍ ശേഖരിക്കാനെന്ന മട്ടില്‍ നാടുനീളെ കറങ്ങിനടന്ന് മോഷ്ടിക്കുന്ന സംഘങ്ങള്‍ പ്രദേശത്ത് വര്‍ധിച്ചു വരികയാണ്. അന്തിക്കാട് എസ്ഐ എ. ഹബീബുള്ള, എഎസ്ഐ അസീസ്, ഔട്ട് പോസ്റ്റ് എസ്ഐ സേവിയര്‍, സിപിഒ മാരായ അമല്‍, ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: