ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളില്‍ ‘സ്‌ഫോടനാത്മകമായ’ വളര്‍ച്ചയാണെന്നു പുകഴ്‌ത്തി ദി ന്യൂയോര്‍ക് ടൈംസ് പത്രം. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കാലത്തെ അനുഗമിച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. ലോകത്തിന്റെ ബഹിരാകാശ ബിസിനസിനെപ്പറ്റിയുള്ള ലേഖനത്തിലാണ് ഇന്ത്യയുടെ നേട്ടങ്ങളെ വിശദീകരിക്കുന്നത്.
1963ല്‍ ആദ്യത്തെ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍, ലോകത്തിലെ മികച്ച സാങ്കേതികവിദ്യ ആഗ്രഹിക്കുന്ന ദരിദ്ര രാജ്യമായിരുന്നു ഇന്ത്യ. അന്ന് റോക്കറ്റിന്റെ ഭാഗങ്ങള്‍ വിക്ഷേപണത്തറയിലേക്കു സൈക്കിളിലാണു കൊണ്ടുപോയത്. ഭൂമിയില്‍നിന്ന് 124 മൈല്‍ ദൂരത്തിനപ്പുറം ആ ചെറിയ പേലോഡ് എത്തിക്കാനായി. യുഎസിനെയും സോവിയറ്റ് യൂണിയനെയും പോലെയാകാന്‍ ഇന്ത്യ വളരെ കഷ്ടപ്പെട്ടിരുന്നു. ഇന്നത്തെ ബഹിരാകാശ മത്സരത്തില്‍ കൂടുതല്‍ ഉറച്ച കാല്‍വയ്‌പോടെയാണ് ഇന്ത്യയെ കാണുന്നത്, ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
കുറഞ്ഞത് 140 സ്‌പേസ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊവിഡിന്റെ സമയത്ത് ഇത് അഞ്ചെണ്ണം മാത്രമായിരുന്നു. അതില്‍ നിന്നാണ് സ്‌ഫോടനാത്മക വളര്‍ച്ച. ശാസ്ത്രശക്തി എന്ന തരത്തില്‍ ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ചും ലേഖനത്തില്‍ പറയുന്നുണ്ട്. ഇന്ത്യയുടെയും യുഎസിന്റെയും പൊതുശത്രുവായ ചൈനയ്‌ക്കു വെല്ലുവിളിയുയര്‍ത്താന്‍ സ്‌പേസിനെ ഇന്ത്യ അരങ്ങാക്കുന്നു.
ഭൂരാഷ്‌ട്രതന്ത്രമാണ് ഇന്ത്യയുടെ മികവുകളിലൊന്ന്. കുറഞ്ഞ ചെലവില്‍ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കുള്ള സൗകര്യം റഷ്യയും ചൈനയും നല്കിയിരുന്നു. ഉക്രൈന്‍ യുദ്ധത്തോടെ റഷ്യയുടെ വെല്ലുവിളി അവസാനിച്ചു. 2020 ജൂണില്‍ സ്‌പേസ് സെക്ടറിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതോടെയാണു സ്റ്റാര്‍ട്ടപ്പുകളിലടക്കം വന്‍ മാറ്റമുണ്ടായതെന്നും ലേഖനം ചൂണ്ടിക്കാട്ടി.
നേരത്തെ, മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നിര്‍ണായക കരാറുകള്‍ ഒപ്പിട്ടിരുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനായി അമേരിക്ക നയിക്കുന്ന ‘ആര്‍ട്ടെമിസ് അക്കോഡ്‌സ്’ സഖ്യത്തില്‍ ഇന്ത്യയെയും പങ്കാളിയാക്കാനും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഗവേഷണ ദൗത്യങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. സംയുക്ത സംരംഭങ്ങള്‍ക്ക് ഐഎസ്ആര്‍ഒയും നാസയും ധാരണയുമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: