ആലപ്പുഴ: മൂന്ന് ദിവസമായി തുടരുന്ന മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതിക്ക് കുറവില്ല. ജില്ലയില്‍ ഇതുവരെ ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂര്‍ നാലും ചേര്‍ത്തല രണ്ടും മാവേലിക്കര ഒരു ക്യാമ്പുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 43 കുടുംബങ്ങളില്‍ നിന്നായി 150 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
ചെങ്ങന്നൂരില്‍ 12 കുടുംബങ്ങളില്‍ നിന്നായി 44 പേര് ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്. ജെബിഎസ്. കീഴ്ചേരിമേല്‍, തിരുവന്‍വണ്ടൂര്‍ എച്ച്.എസ്.എസ്., പകല്‍വീട്, ഹിന്ദു യുപി സ്കൂള്‍ എന്നിവയാണ് ചെങ്ങന്നൂര്‍ താലൂക്കിലെ ക്യാമ്പുകള്‍. ചേര്‍ത്തലയില്‍ 28 കുടുംബങ്ങളില്‍ നിന്നായി 85 പേര് ക്യാമ്പുകളില്‍ കഴിയുന്നു. കോണാട്ടുശ്ശേരി സ്കൂളും കണ്ണിക്കാട്ടുമാണ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍. മാവേലിക്കരയില്‍ തുടങ്ങിയ ഒരു ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 20 പേര് താമസിക്കുന്നു.
ജില്ലയില്‍ പ്രകൃതി ക്ഷോഭത്തില്‍ 117 വീടുകള്‍ക്ക് ഭാഗീക നാശനഷ്ടമുണ്ടായി. ചേര്‍ത്തല- 35, അമ്പലപ്പുഴ- 36, കുട്ടനാട്- 12, കാര്‍ത്തികപ്പള്ളി- 17, മാവേലിക്കര- 10, ചെങ്ങന്നൂര്‍-7 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ വെള്ളക്കെട്ടുകള്‍ കുറയ്ക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വെളിച്ചം, അപായ സൂചന ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും അപകടകരമായി നില്ക്കുന്ന നിര്‍മാണ സാമഗ്രികള്‍ നീക്കം ചെയ്യാനും ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിനു ശേഷം ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍ദേശം നല്കി.ദുരിതാശ്വസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് 486 കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായി യോഗം വിലയിരുത്തി. മൂന്ന് സൈക്ലോണ്‍ ഷെല്‍റ്ററുകളും സജ്ജമാണ്. ജില്ലയിലെ 17 പൊഴികളും മുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: