ന്യൂദല്‍ഹി: കോണ്‍ഗ്രസും ചില സംസ്ഥാന സര്‍ക്കാരുകളും നിയമത്തിന്റെ മറപിടിച്ച് മാധ്യമങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നതിനെ നാം വിമര്‍ശിക്കാറുണ്ട്. അതെസമയം കേരളത്തില്‍ പിണറായി വിജയന് എന്താണ് ചെയ്യുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ ശ്രദ്ധികേണ്ടത് പ്രധാനമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
പിണറായി വിജയന് നയിക്കുന്ന സിപിഎം സര്‍ക്കാര്‍ ചുമതലയേറ്റതിനു പിന്നാലെ സ്വര്‍ണ്ണക്കടത്ത് മുതല്‍ റോഡ് ക്യാമറ വരെയുള്ള കുംഭകോണങ്ങളുടെ പരമ്പരയിലാണ് പെട്ടിരിക്കുന്നത്. പലതിലും അദ്ദേഹത്തിന്റെ സ്റ്റാഫ് മുതല്‍ കുടുംബാംഗങ്ങള്‍ വരെയും ഉള്‍പ്പെട്ടിരിക്കുകയും ചെയ്യവേ തന്നെ മാധ്യമങ്ങളെ നിരന്തരം അടിച്ചമര്‍ത്തുകയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയും ചെയ്യുന്നത്തിനുള്ള ശ്രമങ്ങളും നടക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അടുത്തിടെ ചില ടിവി ചാനലുകള്‍ക്കും ടിവി ചാനലുകളിലെ വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ബിബിസിയുടെ ഡോക്യുമെന്ററികള്‍ നിരോധിച്ചതിന് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കോടതിയുടെ പരിഗണനയിലുള്ളതും അപ്പീല്‍ നല്‍കിയിട്ടുള്ളതുമായ ഒരു വിഷയത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടത്തുന്നത്.
മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിനും ഷാജന് സ്കറിയക്കുമെതിരെയുള്ള നടപടികളെന്ന പേരില്‍ മറ്റു മാധ്യമപ്രവര്‍ത്തകരുടെ ഓഫീസുകളിലും വീടുകളിലും പോലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് കാപട്യവും ഇരട്ടത്താപ്പും നിലനില്ക്കുന്നുണ്ടെങ്കില്, ഭീഷണിയുടെയും രാഷ്ട്രീയം തുടരുകയാണെങ്കില്‍ അതിനെ പ്രതിനിധീകരിക്കുന്നത് കേരളത്തിലെ ഇടതുപക്ഷവും മാര്‍ക്സിസ്റ്റ് സര്‍ക്കാരുമാണ്. ത്രിപുര, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിന്ന് അവര്‍ നിഷ്കാസിതരാക്കപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍ കേരളത്തിലാവട്ടെ, അവര്‍ മാധ്യമങ്ങള്‍ക്കെതിരായ അസഹിഷ്ണുതയുടെയും ഭീഷണിയുടെയും പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. തികച്ചും അസ്വീകാര്യവും ഇത് ജനാധിപത്യ ക്രമത്തിന് നിരക്കാത്തതുമാണ്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ ആധുനിക ലോകത്ത് സര്‍ക്കാരിന് അസൗകര്യമുണ്ടാക്കുന്ന ചോദ്യങ്ങളുയര്ത്തുന്നതിന്റെ പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നിരോധിക്കാനൊരുങ്ങുന്നത് സര്‍ക്കാരിന്റെ തന്നെ സ്വര്‍ണക്കടത്തു പോലുള്ള അഴിമതികള്‍ക്കു നേരെ പിടിച്ച കണ്ണാടിയായി വേണം കരുതാന്‍.
മാധ്യമങ്ങള്‍ക്കു നേരെ പുലര്‍ത്തുന്ന ഇത്തരം അസഹിഷ്ണുത കാട്ടുകയും പോലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍ പ്രതിപക്ഷത്ത് മുന്നിലുള്ളത് ഇടതുപക്ഷമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിലും കള്ളം പറയുന്നതിയിലും മടികാട്ടാത്ത ഇവര്‍ തന്നെയാണ് സ്വന്തം സര്‍ക്കാരിനെതിരെ പരാമര്‍ശമുണ്ടാവുമ്പോള്‍ വലുതായ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. ഇത് വ്യക്തമായ ഇരട്ടത്താപ്പാണ്, തുറന്നു കാട്ടപ്പെടേണ്ടതും തന്നെയാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: