ന്യൂദല്‍ഹി: 22കാരനായ ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിയ്ക്കാന്‍ നാലു കുട്ടികളുടെ അമ്മയായ പാകിസ്ഥാന് കാരി ഇന്ത്യയിലെത്തി. പബ് ജി വഴിയാണ് ഇരുവരും പ്രണയബദ്ധരായത്. 27 വയസ്സുണ്ട് പാകിസ്ഥാന്‍കാരിയ്ക്ക്.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍കാരി ഇന്ത്യയിലെത്തിയത്. ഇവര്‍ പറയുന്ന കഥ ശരിയാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ഉത്തര്‍പ്രദേശിലെ നോയിഡയിലെ അസി. പൊലീസ് കമ്മീഷണര്‍ സുരേഷ് റാവു കുല്‍ക്കര്‍ണി മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര ഏജന്‍സികളും ഈ കേസില്‍ അന്വേഷണം നടത്തും. യുവതിയെ ഇന്ത്യയില്‍ പൊലീസ് പിടികൂടിയ വിവരം പാകിസ്ഥാന് എംബസിയെ അറിയിച്ചു. വേണ്ടത്ര രേഖകളില്ലാതെയാണ് നാലു കുട്ടികളുമായി സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്. അമ്മയേയും മക്കളെയും യുപി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.
ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ 22 കാരനായ സച്ചിനുമായാണ് യുവതി പബ് ജി കളിച്ച് പ്രണയത്തിലായത്. ഇതിനിടെ സച്ചിനെ വിവാഹം കഴിയ്ക്കാന്‍ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് യുവതി കഴിഞ്ഞ ദിവസം ഒരു അഭിഭാഷകനോട് അന്വേഷിച്ചിരുന്നതായും പറയുന്നു. ഈ അഭിഭാഷകനാണ് അനധികൃതമായി ഇന്ത്യയില്‍ തങ്ങുന്ന പാകിസ്ഥാന് യുവതിയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസ് സംഘം സച്ചിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ മനസ്സിലാക്കി ഇരുവരെയും അറസ്റ്റ് ചെയ്തു.
നോയിഡയില്‍ ഒരു പലചരക്ക് കടയില്‍ ജോലി ചെയ്യുകയാണ് സച്ചിന്. തന്റെ ഭര്‍ത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നതെന്നും കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും സീമ ഹൈദര്‍ പറയുന്നു. പാകിസ്ഥാനിലെ ഖൈര്‍പൂര്‍ എന്ന സ്ഥലത്ത് നിന്നാണ് താന്‍ വരുന്നതെന്ന് സീമ ഹൈദര്‍ പറയുന്നു. തന്റെ വീടും സ്ഥലവും 12 ലക്ഷം രൂപയ്ക്ക് വിറ്റ ശേഷമാണ് ഇന്ത്യയിലെ കാമുകനെ തേടി എത്തിയതെന്ന് സീമ ഹൈദര്‍ പറയുന്നു. ഈ പണത്തില്‍ നിന്നാണ് വിമാനടിക്കറ്റെടുത്തതും ഇന്ത്യയില്‍ താമസത്തിനുള്ള ചെലവ് കണ്ടെത്തുന്നതും. തന്റെ സഹോദരന് പാക് സൈന്യത്തില്‍ ജോലി ചെയ്യുകയാണെന്നും സീമ ഹൈദര്‍ പറയുന്നു.
2023 ജനവരിയില്‍ സച്ചിനുമായി പ്രഥമ കൂടിക്കാഴ്ച നടത്തിയിരുന്നതായി സീമ ഹൈദര്‍ പറയുന്നു. അന്ന് നേപ്പാളില്‍ വെച്ചാണ് ഇരുവരും കണ്ടത്. യുവതി പാകിസ്ഥാനില്‍ നിന്നും നേപ്പാളിലെത്തിയപ്പോള്‍ സച്ചിന് നോയിഡയില്‍ നിന്നും നേപ്പാളില്‍ എത്തി. പിന്നീട് ഇരുവരും ഒരുമിച്ച് ഇന്ത്യയില്‍ താമസിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്ന് സീമ ഹൈദര്‍ പറയുന്നു.
പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ നിന്നും നാല് കുട്ടികള്‍ക്കൊപ്പം ദുബായ് വഴി നേപ്പാളിലെത്തിയ യുവതി കാഠ്മണ്ഡുവില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തി വരെ ബസില്‍ എത്തിച്ചേര്‍ന്നു. പിന്നീട് കുട്ടികളെയും കൂട്ടി അതിര്‍ത്തി കടക്കുകയും ദല്‍ഹിയിലേക്ക് എത്തുകയും ചെയ്തു. അവിടെ യമുന എക്സ്പ്രസ് വേയില്‍ സച്ചിന് യുവതിയെ കാത്ത് നിന്നു. തുടര്‍ന്ന് ഇരുവരും യുവതിയെ നോയിഡയിലെ രാബുപുരയില്‍ എത്തിച്ച ശേഷം ദമ്പതിമാരാണെന്ന വ്യാജേന വാടകവീട് എടുക്കുകയായിരുന്നു. നേപ്പാള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് വരുന്ന യുവതിയോടൊപ്പം നാല് കുട്ടികള്‍ ഉള്ളതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നില്ലെന്ന് പറയുന്നു. ഇരുവരും ഭാര്യാഭര്ത്താക്കന്മാരായി കുട്ടികള്‍ക്കൊപ്പം താമസിച്ച് വരുന്നതിനിടയിലാണ് യുവതി വിവാഹം കഴിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ അഭിഭാഷകനെ കണ്ടത്. ഇവരുടെ കൈവശം പാകിസ്ഥാന് പാസ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അനധികൃതമായാണ് വിസ കാലാവധിയില്ലാതെ പാകിസ്ഥാന് യുവതി ഇന്ത്യയില്‍ തങ്ങുന്നതെന്നറിഞ്ഞ അഭിഭാഷകന് പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ ഇവര്‍ മേല്‍വിലാസം നല്‍കിയിരുന്ന വീട്ടില്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് മഥുര ഭാഗത്തുണ്ടെന്ന് കണ്ടെത്തി പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: