തിരുവല്ല: കാലവര്‍ഷത്തില്‍ പെരുമഴ തുടരുന്നു. ജില്ലയില്‍ ഇന്നലെ വിവിധ ഇടങ്ങളില്‍ വലിയ മഴയാണ് അനുഭവപ്പെട്ടത്. മണിമലയാറില്‍ അനിയന്ത്രിതമായി വെള്ളം ഒഴുകിയെത്തുന്നു. നിലവില്‍ അപകടകരമായ അവസ്ഥയാണെന്ന് കേന്ദ്ര ജലകമ്മീഷന്‍ വ്യക്തമാക്കി.
പമ്പയിലും അച്ചങ്കോവിലിലും ജലനിരപ്പ് ഉയരുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു. ഇന്നലെ പകല്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ചെറുകുളഞ്ഞിയിലും അത്തിക്കയത്തും. ഇവിടെയഥാക്രമം 197,171,പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ ജില്ലയില്‍ ഇന്നലെയും ഒരുപോലെ തുടര്‍ന്നു. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ 115.6 എംഎമ്മിന് മുകളില്‍ പെയ്യുന്നത് അതിശക്തമായ മഴയാണ്. ഇവിടെ പത്തര മണിക്കൂറിനുള്ളിലാണ് ഇത്രയും മഴ പെയ്തത്. പെരുന്തേനരുവി.146, ചേത്തയ്‌ക്കല്‍,കക്കി, 143, റാന്നി അഞ്ചുകുഴി,പേഴുപാറ എന്നിവിടങ്ങിള്‍ 141, നിലയ്‌ക്കല്‍ 132, ളാഹ 130, കോട്ടമണ്‍പാറ 129, പമ്പാഡാം.കരിക്കയം 116, വെണ്‍കുറിഞ്ഞി 112, മൈലപ്ര,ചെന്നീര്‍ക്കര 109, കുന്നന്താനം 100 , എന്നിങ്ങനെയാണ് മഴയുടെ നില ,അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മംഗലശ്ശേരി കോളനി വെള്ളപ്പൊക്ക ഭീഷണിയില്‍
തിരുവല്ല: മണിമലയാറ്റില്‍ നിന്നും നേരിട്ട് വെള്ളം കയറുന്ന തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനി വെള്ളപ്പൊക്ക ഭീഷണിയില്‍ . 28 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നദിയിലെ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ കോളനിയും പരിസരവും വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയാണ് ഉള്ളത്. റവന്യൂ അധികൃത എത്തി തിരുമൂലപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുവാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ കോളനി നിവാസികളെ ക്യാമ്പിലേക്ക് മാറ്റേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
ഗവി യാത്രയ്‌ക്ക് നിരോധനം
സീതത്തോട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഗവിയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂം
സംസ്ഥാനത്തു മഴ ശക്തി പ്രാപിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമായതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: പത്തനംതിട്ട 0468 2322515, 8078808915.
പ്രതികരിക്കാൻ ഇവിടെ എഴുതുക: