ന്യൂദല്‍ഹി: കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ പുതുതായി സ്ഥാപിച്ചത് 262 മെഡിക്കല്‍ കോളെജുകളും 15 എയിംസുകളും (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്). 2014ലാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നത്. അതിന് ശേഷം 2023ല്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യത്ത് 262 മെഡിക്കൽ കോളേജുകൾ പുതിയതായി നിർമ്മിച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
മോദി സർക്കാർ ഒമ്പത് വർഷത്തിനുള്ളിൽ തന്നെ രാജ്യത്തെ എല്ലാ ആദിവാസി-പിന്നാക്ക ജില്ലകളിലും 692 ഏകലവ്യ സ്കൂളുകൾ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. ദൽഹിയിൽ ബിജെപി സംഘടിപ്പിച്ച ഒരു സെമിനാറിലാണ് മന്ത്രി മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വെളിപ്പെടുത്തിയത്.
കൂടാതെ സ്വാതന്ത്ര്യം ലഭിച്ചതു മുതൽ 2014 വരെ ഉള്ള കാലയളവിൽ രാജ്യത്തുടനീളം ആകെ 380 മെഡിക്കൽ കോളേജുകൾ ആണ് ഉണ്ടായിരുന്നതെന്നും എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 262 പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കാൻ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്നും പ്രധാൻ അറിയിച്ചു.
കഴിഞ്ഞ 9 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന നേട്ടങ്ങളെക്കുറിച്ച് സന്നദ്ധ സംഘടനയായ പബ്ലിക് പോളിസി റിസർച്ച് സെന്റർ (പിപിആർസി) ഗവേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിൽ കരസ്ഥമാക്കിയ നേട്ടങ്ങളെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധവും തയ്യാറാക്കിയിട്ടുണ്ട്. ഇത് ജനങ്ങളില്‍ എത്തിയ്‌ക്കും.
”ലോകം മുഴുവൻ കോവിഡിന്റെ പിടിയിലമര്‍ന്നപ്പോള്‍ ഇന്ത്യയിൽ പി പി ഇ കിറ്റുകൾ നിർമ്മിച്ചിരുന്നില്ല. എന്നാൽ ലോക്ക് ഡൗൺ കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം പി പി ഇ കിറ്റുകൾ നിർമ്മിക്കുക മാത്രമല്ല മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിച്ചു” – കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
അതോടൊപ്പം ഗാന്ധി കുടുംബത്തിന്റെ കാലഘട്ടത്തിൽ രാജ്യത്ത് ഒരു എയിംസ് (AIIMS) മാത്രമേ ആരംഭിച്ചിരുന്നുള്ളൂ എന്നും വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആറ് എയിംസുകൾ നിർമ്മിച്ചുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ 10 വർഷം ഭരിച്ച മൻമോഹൻ സിംഗ് സർക്കാർ പുതിയ ഒരു എയിംസ് പോലും ആരംഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 15 പുതിയ എയിംസുകൾ പൊതുജനങ്ങൾക്കായി നൽകാൻ മോദിയ്‌ക്ക് കഴിഞ്ഞുവെന്നും ധര്‍മ്മേന്ദ്രപ്രധാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: