Categories: Kerala

ഈനാംപേച്ചി വലയില്‍ കുടുങ്ങി; 5 വയസ്, 10 കിലോ

Published by

തൃശൂര്‍: പൂങ്ങോട് വനമേഖലയില്‍ നിന്ന് ഈനാംപേച്ചി വലയില്‍ കുടുങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അകമലയിലെ ഫോറസ്റ്റ് വെറ്ററിനറി ക്ലിനിക്കില്‍ എത്തിച്ച ഈനാംപേച്ചിയെ മറ്റു നിയമനടപടികളും ആരോഗ്യസ്ഥിതിയും പരിശോധിച്ച ശേഷം തൃശൂര്‍ മൃഗശാലക്കു കൈമാറിയേക്കും. ക്ലിനിക്കില്‍ പരിചരണത്തിലാണ് ഇപ്പോള്‍ ഈനാംപേച്ചി.

അഞ്ചു വയസ് തോന്നിക്കുന്ന ഈനാംപേച്ചി പൂര്‍ണ ആരോഗ്യവാനാണെന്നും ശരീരത്തില്‍ പരുക്കുകളോ മുറിവുകളോ ഇല്ലെന്നും ചികിത്സിക്കുന്ന അസിസ്റ്റന്റ്‌ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.ജി. അശോകന്‍ പറഞ്ഞു. ആണ്‍ വര്‍ഗത്തില്‍പ്പെട്ട ഈനാംപേച്ചിക്ക് 10 കിലോ തൂക്കമുണ്ട്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളില്‍പ്പെട്ടതാണിത്. ഇതുപോലെ ഏറെ വിരളമായി മാത്രം കാണുന്ന ഒട്ടേറെ വന്യജീവികള്‍ അകമല, മച്ചാട്, വടക്കാഞ്ചേരി, പൂങ്ങോട് വനമേഖലകളില്‍ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്.

ഇവയുടെ ശരീരം മുഴുവനും കവചം പോലെ ശല്ക്കങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. കടുവ പോലെയുള്ള ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിന് സ്വയം പ്രതിരോധത്തിനായി ഒരു പന്തുപോലെ ചുരുണ്ടുകൂടുന്നു. മുന്‍കാലുകള്‍ ശക്തവും വളരെ നീളമുള്ള നഖങ്ങളോടു കൂടിയതുമാണ്. ഇവ കൊണ്ട് മണ്‍കൂനകളിലും തടികളിലും കാണുന്ന ചിതലുകളെയും ഉറുമ്പുകളെയും ഭക്ഷിക്കുന്ന കീടഭോജി വിഭാഗത്തില്‍പ്പെടുന്നവയാണിവ. നിശാസഞ്ചാരികളായ ഇവ പകല്‍ മുഴുവനും ആഴത്തിലുള്ള മാളങ്ങളില്‍ വിശ്രമിക്കുന്നു. ഇവയെ ഇറച്ചിക്കും പരമ്പരാഗതമായ ഔഷധ നിര്‍മാണത്തിനും വേണ്ടി വേട്ടയാടുന്നു. ശത്രുക്കളെ കണ്ടാല്‍ ഈനാംപേച്ചി ശക്തമായി ചീറും.

ഈനാംപേച്ചികള്‍ക്ക് ശരീരത്തെ പൊതിഞ്ഞ് കെരാറ്റിന്‍ എന്ന വസ്തു കൊണ്ടു നിര്‍മിതമായ വലിയ ശല്‍ക്കങ്ങള്‍ ഉണ്ട്. നിശാചാരികളായ ഇവയെ അതിതീക്ഷ്ണമായ ഘ്രാണശേഷി ഇരതേടാന്‍ സഹായിക്കുന്നു. കിട്ടിയ സ്ഥലത്തു തന്നെ തിരിച്ചു കൊണ്ടുവിടുകയാണ് സാധാരണയായി വനം വകുപ്പ് ചെയ്തുവരുന്നത്. ഇണയുമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്ന് ഡോ. അശോകന്‍ പറഞ്ഞു.

പരിക്കുപറ്റിയോ വലയില്‍ കുടുങ്ങിയോ എത്തിക്കുന്ന വന്യമൃഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയില്‍ തന്നെ തിരിച്ച് കൊണ്ടുവിടുകയും ചെയ്യാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഈ മൃഗങ്ങള്‍ ഇവിടെ നിന്നും തിരികെ പോകാന്‍ വിസമ്മതിക്കുന്നതും കാണാറുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മലയണ്ണാനുകള്‍ ഈ ക്ലിനിക്കിന്റെ ചുറ്റും ധാരാളമുണ്ടെന്നും അനാരോഗ്യമുള്ളവയെ ചികിത്സിച്ചു ഭേദമാക്കി മാത്രമാണ് തിരിച്ച് വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by